ബ്ലോഗ് ആര്‍ക്കൈവ്

2023, ഒക്‌ടോബർ 17, ചൊവ്വാഴ്ച

ചരിത്രം തമസ്ക്കരിച്ചവരോട്

 

കലുഷമായ മനസ്സ്

കാപട്യത്തിന്റെ ഉറവിടമാകുന്നു

 

വാല്‍ പോയ മൃഗങ്ങളെ 1

വാലാട്ടാന്‍ മെരുക്കിയും

വേരറുത്ത വൃക്ഷത്തിന്നൂറലില്‍

വിഷം വെച്ചശേഷനാക്കിയും

വെന്തഴല്‍2 ചുറ്റിലും കാവല്‍ നിന്നും

വെന്നിപ്പെരുമ്പറ കൊട്ടുന്നോരെ

 

നിങ്ങളറിയണം;

ഇത് പൊളിച്ചെഴുത്തിന്‍ കാലം

 

കരിഞ്ഞ വേനലില്‍

കരയിച്ച വസന്തത്തില്‍

കടും ഭീതിയുടെ ശിശിരസുഷുപ്തിയില്‍

കനലുരുക്കിയ നഷ്ട ഹേമന്തത്തില്‍

കറുപ്പു ശോഷിച്ച വര്‍ഷമേഘപ്പെയ്ത്തില്‍

കനവുറങ്ങിയ ശരത്ക്കാല സന്ധ്യയില്‍

കരയ്ക്കായ്, കടലിനായ്, കാറ്റുരയ്ക്കും കാറ്റിനായ്

കണ്ണിമ ചോരാതെ പടവെട്ടിയ നേര്‍പുത്രന്മാരെ

കാണാമറയത്ത് പഴന്തുണിക്കെട്ടില്‍

കെട്ടിപ്പൊതിഞ്ഞിട്ടൂറ്റം നടിച്ചപ്പോള്‍

തിരിഞ്ഞു കൊത്തുന്നു കാലം;

പൊതിയഴിഞ്ഞിടും; പുറത്തെത്തും നേരുകള്‍

 

മനുഷ്യനുണ്ടായതെപ്പോള്‍? അറിയില്ല;

തുരന്ന ഭൂമിയ്ക്കടിയില്‍ ഗാഢ നിദ്രയാണടരുകള്‍

പിറകോട്ടു പോകും യുഗാന്തരം

തീര്‍പ്പില്ല; ഇനിയും തുരക്കണം

 

വിജയികള്‍ ചരിത്രം ചമച്ചെന്നും

തനതു സൂതന്‍മാരവ പാടിപ്പരത്തിയും

വിനീത ഭക്തന്മാര്‍ നൂറ്റൊന്നാവര്‍ത്തിച്ചും

സത്യത്തിന്‍ മുഖത്ത് കാര്‍ക്കിച്ചു തുപ്പീ നിരന്തരം

 

നാം പഠിച്ചതത്രയും തമസ്ക്കാരം

ചതിയുടെ കളങ്കിത ജയഭേരികള്‍

അധികാര സ്വേച്ഛ തന്‍ കണ്‍മൂടല്‍

വിടുതല്‍ നേടീട്ടും വിടാത്ത വിധേയത്വം

 

അമ്മയില്ലാതെ മക്കളുണ്ടോ?

താതനില്ലാതെ സ്വത്വമുണ്ടോ?

പ്രകൃതിയില്ലാതെ പുരുഷനുണ്ടോ?

ദൈവമില്ലാതെ നാസ്തികരും?

 

അറിവാം അഗ്നിയെ തീയിട്ടും മണ്‍മൂടിയും

തകര്‍ത്തു ബിംബങ്ങള്‍ തന്‍ തലയറുത്തും

വംശഹത്യയ്ക്കും ഭോഗതൃഷ്ണയ്ക്കുമിടയിലൂടാര്‍ത്തയായ്

ഇന്നിലേയ്ക്കെത്തിയ എന്‍ ജന്‍മഭൂവേ, പൊറുക്കണേ

ഒറ്റിയതത്രയും നിന്നെയൂറ്റിയ നിന്‍ മക്കള്‍;

നന്ദികെട്ടോര്‍, കാലചക്രം കരിച്ചവര്‍

 

കാത്തിരിക്കാതെ ശൌര്യകഞ്ചുകമണിയുക

ഉള്‍ത്തുടിപ്പിന്‍ ഉയിരില്‍ സട കുടഞ്ഞെഴുന്നേല്‍ക്കുക

വീണ്ടെടുക്കുക വെളിച്ചത്തെ, വിശുദ്ധിയെ

തമസ്ക്കാരതമസ്സാം തിമിരം നീക്കീടുക

 

1 മനുഷ്യനു വാല്‍ പോയത് നടക്കാന്‍ തുടങ്ങിയപ്പോളെന്ന് ഒരു മുത്തശ്ശിക്കഥ

2 എരിതീയ്

അഭിപ്രായങ്ങളൊന്നുമില്ല: