ബ്ലോഗ് ആര്‍ക്കൈവ്

2018, നവംബർ 26, തിങ്കളാഴ്‌ച

താതഭ്രഷ്ട്


നൈഷ്ഠികനല്ല പിതാവെന്നു പുത്രൻ
താതനെ മാറ്റണം; മാറട്ടെ ദുരാചാരം
ചെല്ലും ചിലവും കൊടുത്തിട്ടും ചൊൽവിളിയില്ലത്രേ
ഭ്രഷ്ടനാക്കുക ജനകനെയെന്നുപദേശികൾ

അച്ഛനെന്നതൊരു വെറും പഴയ പ്രോക്തസ്ഥാനം
അനുസരണയില്ലെങ്കിൽ എന്തിനീക്കെട്ടുപാട്?
ഭ്രഷ്ടനാക്കുകിൽ നിയമവൃത്തത്തിന്നും പുറത്താകും
മാറ്റി നിയമിയ്ക്കാം അച്ഛനെ; ഉണരട്ടെ നവലോകം

പത്രപ്പരസ്യം കൊടുക്കണം പുതിയൊരച്ഛനെത്തേടി
എത്രയും കഠോരം മാനദണ്ഡങ്ങൾ; എന്തൊരു ധീരത?
ആർക്കുമപേക്ഷിയ്ക്കാം; പക്ഷെ, അടിവസ്ത്രം നിർബ്ബന്ധം
ലിംഗമതഭേദങ്ങളില്ല; പ്രായമൊരു പ്രശ്നമേയല്ല താനും
പുതിയൊരച്ഛനെന്നാൽ ഉപനയിയ്ക്കേണമെന്നുമില്ല
മാറണം ദുരാചാരം; താതനെന്ന അഹങ്കാരവും

അഭിമുഖം കൊടുക്കേണം വെടിപ്പായ് പുത്രന്നു നേർക്കു നേർ
മേൽവസ്ത്രമുരിഞ്ഞു കാണിയ്ക്കണം; ശുപാർശയുമാകാം
മുട്ടിലിഴഞ്ഞു മുറി മുഴുവൻ മെഴുക്കണം; തറ നന്നായ്ത്തിളങ്ങണം
അച്ഛനെന്നു വിളി കേട്ടാൽ ബധിരത നടിയ്ക്കണം
“ടാ അച്ഛാ”ന്നു വിളിച്ചാൽ “റാൻ” എന്നു മൂളണം

നിയുക്ത “അച്ഛൻ” കാട്ടുക മുദ്ര മാത്രം
മറ്റുള്ള “അച്ഛന്മാർ” പടിയ്ക്കു പുറത്ത്
മാറണം ദുരാചാരം, ഉയരണം നവസമൂഹം

മൂകബധിരമാം പിണസഞ്ചയം

2018, ഏപ്രിൽ 23, തിങ്കളാഴ്‌ച

ഒരു പിതാവിന്റെ തോൽവിയിൽ നിന്നും


പരാജിതനായ പിതാവു ഞാൻ

പണ്ടു പിന്നിട്ടയിരുട്ടിൻ പെരുവഴി മേലാപ്പിൽ
പൊൻതാരകപ്പൂപ്പന്തലെന്നോതി നിൻ
കുഞ്ഞിളം ബാല്യത്തിൽ കുളിർനിലാവൂട്ടി
പിച്ചവെച്ചു നടത്തിച്ചേൻ പച്ചമണ്ണിൻ മാറിൽ

വിടർന്ന കണ്ണാൽ നിൻ കൗതുക കുതൂഹലം
തുമ്പിയെക്കല്ലെടുപ്പിച്ചും, പിന്നെ പൈക്കിടാ നെറ്റി
മെല്ലെത്തലോടിയും, തൊട്ടുരുമ്മും കുഞ്ഞാടിൻ കുസൃതി മാറോടണച്ചും
എത്ര സായന്തനങ്ങളിൽ സന്ധ്യയായ് ചിണുങ്ങി നീ?

കൗമാരം കടുപ്പിച്ച വചന ദോഷങ്ങളെ
ദൃശ്യഘോഷത്തിൻ കടുംചായക്കൂട്ടിതിൽ
കുടുകുടെക്കണ്ണീരും വാശിയും ചപലയായ്ച്ചാലിച്ച്
ജ്വാലാമുഖങ്ങളിൽ ശലഭമായ് പറന്നു നീ

എത്ര ദിനോത്ഭവം, എത്രയോ വസന്തങ്ങൾ, എത്രയും
ശാസനാങ്കിതം നിൻ ചുവടുകൾ, ആലസ്യങ്ങൾ
നീയറിഞ്ഞീലയെങ്കിലും നിൻ വിജയങ്ങൾ എന്റെയും
നിൻ മോടിയിൽ വിമോഹിച്ച പിതാവു ഞാൻ

ജ്ഞാതയൗവ്വനത്തിൻ ബോധാവബോധങ്ങളിൽ
മാല്യം പിടിച്ചു നീ സ്വയംവരയുക്ത, ബുദ്ധമാം സ്മരണകൾ
പാഴ്ക്കിനാത്തൊട്ടിയിലെറിഞ്ഞു, മുഖക്കണ്ണിതിൽ
ഇഷ്ടയൗവ്വനത്തിൻ തലച്ചുമടുമായ്, പേറ്റുനോവിറ്റും
നോട്ടം കൺതഴഞ്ഞ്, പടിവാതിൽ കടന്ന്
പിന്തിരിഞ്ഞൊന്ന് നോക്കീടാതകലെയന്നു പോയ്

അപഥ്യനായലയുന്നു ഞാനീക്കോടതി മുറികളിൽ; നീയും,
നീതിപുസ്തകം തൊട്ടു വന്ദിച്ചു പറയുന്നു, “രക്ഷിയ്ക്കണം”
നിരത്തി കയ്ക്കുന്ന സത്യങ്ങൾ, കേട്ടു ന്യായാധിപർ,
പഠിച്ചു വാദങ്ങളോരോന്നും, വാടുന്നു ഹൃദയങ്ങൾ
അജയ്യമാം ന്യായത്തിന്നന്ത്യമാം വിധി കുറിയ്ക്കും മുമ്പേ
ചോദിച്ചു ന്യായാധിപൻ, “വേണ്ടതു രക്ഷയോ, കാവലോ, പറയുക”
പുറത്തിരമ്പിയാർക്കും ഹർഷാരവങ്ങളിലാണ്ടു പോയ്
“രക്ഷ” എന്നോതിയ ഏകസ്വരമാം നമ്മുടെ ഉത്തരം
മുഴങ്ങിയാനൊറ്റവരി വിധിന്യായം, “ഇരയാകുന്നു നീ,
നിനക്കിനി കാവലാൾ മാത്രം”, കേഴുന്നു ഞാൻ എന്റെ തോൽവിയിൽ

പരാജിതനായ പിതാവു ഞാൻ, വിധിയ്ക്കുക
തൂക്കു കയർ നീതിപീഠമേ, ഈ പാന്ഥപിതൃത്വത്തിന്
ലോകാവസാനം വരേയ്ക്കും തൂങ്ങിയാടട്ടെ കൺതുറിപ്പിച്ച്
സ്മാർത്തമോഹങ്ങളായ് താമ്രശാസനങ്ങൾ


2018, ഏപ്രിൽ 21, ശനിയാഴ്‌ച

ഒരു നിസ്സഹായന്റെ വിലാപം


ചില രാത്രികൾ ഉള്ളിൽ ഭീതി നിറയ്ക്കുന്നു
ക്രമം തെറ്റുന്ന ഹൃദയമിടിപ്പുകൾ
ശ്വാസം മുട്ടുന്ന നിശ്വാസവേഗങ്ങൾ
എന്തോ, നാളെയെന്ന ദിവസം
ആധിയായ് വളരുന്ന തലപൊട്ടുന്ന വേദന
മഞ്ഞവെള്ളം തികട്ടുന്ന ആപൽസൂചനകൾ

നിഴലും ഉടലും പിന്തുടരപ്പെട്ടു കൊണ്ടിരിയ്ക്കുന്നു
രാത്രിയും പകലും ഭേദമില്ല
എവിടെയും എന്തും ഒപ്പിയെടുക്കാനായി
വൈദ്യുതി നിലയ്ക്കാത്ത ഒളികണ്ണുകൾ

കിടപ്പറകൾ പരസ്യമാം തുണിയുരിച്ചിലുകൾ
കുളിമുറികൾ സ്നാനത്തിന്റെ തുറസ്സ്
ജഠരാഗ്നി മുറ്റും മിഴികളിൽ ചാർത്തും കനിവറ്റ കുറ്റപത്രം
ബാല്യകൗമാരത്തിന്നുടലളവുകൾ നോക്കും ലഹരിഞരമ്പുകൾ
അസഭ്യലാസ്യങ്ങളുടെ അസത്യമാം ചുമർച്ചിത്രങ്ങൾ
ആരും എങ്ങും അപ്രാപ്യരല്ലെന്ന പേടിപ്പെടുത്തുന്ന പ്രക്ഷുബ്ധസത്യം

ചിന്തകളുടെ കനലുകൾ പോലും
തടങ്കലിലായി ചാരം മൂടാറായിരിയ്ക്കുന്നു
വിധ്വംസനത്തിന്റെ പുകഴ്പാട്ടുകൾ
മുഴങ്ങി മുഴങ്ങി ചെവി ബധിരമായിരിയ്ക്കുന്നു

മനസ്സെന്ന മദാർണ്ണവം ചൊരിയുന്നു
തീരാത്ത സേതുബന്ധനത്തിന്റെ കാലുഷ്യം
ജനപഥങ്ങളിൽ തീയാർക്കുന്നു, കൽമഴ  പെയ്യുന്നു
ദിശാബോധമറ്റ കാറ്റു വീശുന്നു

ജനനവും മരണവും പരസ്പരം പോർവിളിയ്ക്കുമ്പോൾ
ദിനരാത്രങ്ങൾക്ക് ജരയും നരയും കരേറി വിറങ്ങലിച്ചിരിയ്ക്കുന്നു
മുരളുന്ന മാനത്തിന്റെ ഇടിത്തീയിൽ,
ഒടിഞ്ഞ പ്രാണൻ കരിക്കട്ടയാകുന്നു
നട്ടെല്ലു പൊട്ടിത്തകരുന്ന ആത്മബോധത്തിൽ
നിസ്സഹായമായൊരു രോദനം ഞെരിഞ്ഞമരുന്നു
പകലുകൾ പൊട്ടിവിടരാനാകാത്ത
ചലനമറ്റ ഭ്രമണവേഗം ബാധിച്ച് നിലച്ചുപോയിരിയ്ക്കുന്നു


2018, മാർച്ച് 15, വ്യാഴാഴ്‌ച

സുനയന

പകൽ വെളിച്ചത്തിൻ പ്രഭയിൽ
ഇരുട്ടു കത്തും കണ്ണുകൾ
ഞാൻ സുനയന; വരിയ്ക്കുന്നാളന്ധത
കൂട്ടില്ല മറ്റൊന്നും, ചൂടിരവു മാത്രം
നിഴലായാടുന്ന മരണം, സ്വച്ഛന്ദം
ഒളിയ്ക്കുന്നു, കളിയ്ക്കുന്നു, ദംശിയ്ക്കുന്നു

അറവുമാടിൻ ദൈന്യം മുറ്റുന്ന മിഴികളാ-
ലറ്റു വീഴുന്നു ദിനം തോറും ദണ്ഡിത പ്രാണർ
വാരി പിളർക്കുന്നൊരിരുമ്പു ദണ്ഡിൻ
കലി, ഗുഹ പോലുമരക്ഷിതം
മാർ പകുക്കുന്നു വാൾത്തലപ്പിൻ മൂർച്ച
ശോണം നുരയ്ക്കും വായ്ത്തടം
മാനം കവരുന്നു കൂട്ടഭോഗത്തിൽ കാമം
കുതിരുന്നു പ്രണയമണിമെത്തകൾ
കുത്തിവെയ്ക്കുന്നഗ്നി ചോരഞരമ്പിതിൽ
ദഹിയ്ക്കുന്നു മുച്ചൂടും ഊടും പാവും
മണം പേരാത്ത ലഹരിയ്ക്കായ് ചൂഴുന്നു കണ്ണുകൾ
വിടരുന്നൂ മസ്തിഷ്ക്കപ്രക്ഷാളനം

വിടർന്ന കണ്ണാൽക്കണ്ടതിത്രയും കാഴ്ചകൾ,
കാഴ്ചയ്ക്കിത്രയും ശാപദൃക്കെന്നോ?
കുഞ്ഞുനാളിലേയെൻ തലച്ചോറിതിൽപ്പതിയ്ക്കും
ചിത്രങ്ങളെത്രയും വ്യക്തം, ശപ്തം

കേട്ടപുരാണത്തിൻ പാതി ഞാനെടുക്കുന്നൂ,
വരിയ്ക്കുന്നാളന്ധത; വരണമാല്യം ചാർത്താതെ
ഞാൻ സുനയന;യെങ്കിലും കാണേണ്ട-
യിനിയെനിയ്ക്കൊന്നുമീക്കല്മഷം

2018, മാർച്ച് 7, ബുധനാഴ്‌ച

നാട്ടിലാടുന്ന നഗ്നതകൾ


തുണിയുടുക്കുന്ന രാജ്യത്തെ
തുണിയുടുക്കാത്ത രാജാവിന്റെ കഥ
പണ്ടത്തെ പാഠപുസ്തകം ചൊല്ലിത്തന്നു
പള്ളിക്കൂടങ്ങളിൽ ഗുണപാഠം ചൊല്ലിക്കേൾപ്പിച്ചു
ഇന്നായിരുന്നെങ്കിൽ സചിത്രപാഠം ചോദിച്ചേനെ

ഇന്നും ഇപ്പോഴും നാടുവാഴുന്നവർ
പലപ്പോഴും തുണിയുടുക്കുവാൻ മറക്കുന്നു
വിജൃംഭിച്ച നഗ്നത പൊതുമദ്ധ്യത്തിലെത്തുന്നു
പൊതുജനം കണ്ടുരസിയ്ക്കുന്നു
സ്വയം തുണിയുരിഞ്ഞു കാട്ടുന്നു
ആത്മരതിയിൽ മുങ്ങി രസിയ്ക്കുന്നു
തുന്നൽക്കാർ നഗ്നത തുന്നി സംപ്രീതരാകുന്നു

പണ്ടത്തെ കഥയിൽ ഒരു കൊച്ചുബാലനുണ്ടായിരുന്നു
അവൻ ചൂണ്ടിക്കാണിച്ചത്രേ രാജാവിന്റെ തുണിയില്ലായ്മ
ഇന്നിപ്പോൾ ബാലകരില്ല്ലാതായിരിയ്ക്കുന്നു
ബാല്യങ്ങൾ നൈപുണ്യങ്ങൾക്കു വഴിമാറിയിരിയ്ക്കുന്നു.
ഗർജ്ജിയ്ക്കുന്ന കളിക്കോപ്പുകളും
അണിയിച്ചൊരുക്കാനുള്ള സൗന്ദര്യവർദ്ധകങ്ങളും
അഭിനയിച്ചു തിമിർക്കാനുള്ള കപടഭാവങ്ങളുമായി,
ബാല്യങ്ങളുടെ വിരലുകൾ ദക്ഷിണയായ് മുറിച്ചെടുക്കപ്പെട്ടിരിയ്ക്കുന്നു
        ബാക്കിയായവരുടെ ചോര വറ്റി വിരലുകളറ്റു പോയിരിയ്ക്കുന്നു
          
        അല്ലെങ്കിലും, ആരും തുണിയുടുക്കാത്ത ലോകത്തിൽ
        ഉടുക്കുന്നതെന്തിന്?
        തടുക്കുന്നതെന്തിന്?
        “ലോകാ സമസ്താ സുഖിനോ ഭവന്തുഃ”


2018, ജനുവരി 17, ബുധനാഴ്‌ച

ക്ഷൗരം - ഒരു ചിന്താഭാരം


മക്കൾക്കിഷ്ടം
ക്ഷൗരം ചെയ്തു മിനുക്കിയ പിതൃത്വത്തെ
പൈതൃകം എപ്പോഴും കാടത്തമെന്ന്
ആയിരമുരു ചൊല്ലിപ്പഠിപ്പിച്ചതിൻ ഋണഭാഷ്യം

കാടു പിടിച്ച യൗവ്വനം കഴിഞ്ഞ്
പുല്ലുണങ്ങിയ ജീവിത മദ്ധ്യത്തിലെത്തുമ്പോൾ
വടിച്ചു വൃത്തി പൂണ്ട കവിൾത്തടങ്ങൾ
ഇന്നലെകളെ തുടച്ചു നീക്കുമെന്നാരോ പറഞ്ഞു പോൽ

കേൾക്കെക്കേൾക്കെ,
ഉള്ളിന്റെ ഉമ്മറങ്ങളിലുലാത്തുന്ന ഗൃഹാതുരത്വം
പൂർവ്വാശ്രമം തേടുകയാണ്

തപ്പുകൊട്ടിക്കളിയിലേർപ്പെടുന്ന ബാല്യത്തിമിർപ്പുകൾ
ആദ്യമായ് കണ്ണാടിയിൽക്കണ്ട രോമക്കിളുർക്കൽ
ആദ്യക്ഷൗരത്തിൽപ്പൊടിഞ്ഞ ചോരച്ചിന്തുകൾ
താടി നീട്ടിയ ബൗദ്ധിക സംവാദങ്ങൾ
തേച്ചുമിനുക്കിയ കാൽശരായിയും കുപ്പായവുമണിഞ്ഞ്
ശീതീകരിച്ച മുരൾച്ചകൾക്കിടയിലെ കർത്തവ്യകലഹങ്ങൾ

ഇങ്ങനെയൊക്കെ,
കിതയ്ക്കാതെ കുതിയ്ക്കുന്ന കാലത്തിന്റെ പഴക്കം
താടിമീശയിലെ കുറുനരകളാകുമ്പോൾ
മറയ്ക്കാനെന്തുണ്ട്?

ഓർമ്മക്കൂടിന്റെ പൊളിച്ചെഴുത്തിൽ
നീരൊലിപ്പിന്റെ മദപ്പാടുകൾ
സ്വാത്മാനന്ദത്തിൽ ലയിയ്ക്കാൻ മടിയ്ക്കുന്ന
സൗഹൃദത്തകർച്ചകളുടെ മടുപ്പിയ്ക്കുന്ന രംഗസ്മരണകൾ
കളിവേഷമഴിച്ചു വെച്ചിട്ടും മുഖത്തെഴുത്തിൽ മിനുപ്പു മായാതെ
പരുക്കൻ പകർന്നാട്ടങ്ങൾക്കൊരുങ്ങും വേഷധാടി
കുഞ്ഞുമനസ്സിന്റെ മഞ്ഞറകളിൽ സുഷുപ്തിയിലാഴ്ത്തിയ
വെറുപ്പിന്റെ മുളയൊളിപ്പിച്ച വിത്തുകോശങ്ങൾ
ജന്മദോഷങ്ങൾക്കും കർമ്മവൈഭവങ്ങൾക്കുമിടയിൽ
നൂൽപ്പാലം കെട്ടി നടന്നു നീങ്ങുന്ന ജീവത്ക്കസർത്തുകൾ

ഇതെല്ലാം വെറും ക്ഷൗരം കൊണ്ട് മറയ്ക്കാമെന്ന്
മൂഢചിന്തയിൽ മുങ്ങിയ ചിന്താക്ലേശം മാത്രം

ചുളിവുകൾ വീണ തൊലിപ്പുറം പൊട്ടി,
ഓടി മറഞ്ഞ ഭൂതകാലത്തിന്റെ വിള്ളലുകളിലൂടെ
മോഹങ്ങളും സ്വപ്നങ്ങളും ചോരയും ചലവുമൊലിപ്പിയ്ക്കുമ്പോൾ
ക്ഷൗരം ഒരു തീരാവേദനയാകുന്നു

എന്നിട്ടും, ഒരു പക്ഷേ
മക്കളുടെ ആഗ്രഹപൂർത്തിയ്ക്കായി
ഞാനും ക്ഷൗരം ചെയ്തേയ്ക്കാം


2017, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

മഷി വരണ്ട കാലത്തിൽ നിന്നും

എന്റെ മഷിപ്പേനയ്ക്കിന്നെന്തോ
ഒരു വാക് കിലുക്കം
എഴുതുവാനുള്ള വെമ്പലോ?
മടുപ്പിൻ മനം പെരട്ടലോ?

മടിക്കുത്തഴിയ്ക്കുന്ന മനോരോഗി
പേനമുനയിൽ തടയുന്നു
കാലുഷ്യത്തിൻ കന്മദം നക്കുന്ന കാട്ടാടുകൾ
മഷിയിൽ വിഷം കലർത്തുന്നു
രോഷം പൂണ്ട കപടനാട്യത്തിൻ മിണ്ടാക്കലഹങ്ങൾ
എഴുത്തിൽ മുനയൊടിയ്ക്കാനാഞ്ഞു മേടുന്നു

ഇതൊരു പുത്തൻ പേനയാകുന്നു
ആരുമറിയാതെ കൈക്കലാക്കി
ആരുമായും ചങ്ങാത്തം കൂടാതെ മഷി നിറച്ച്
ഉൾക്കുപ്പായത്തിൻ കീശയിൽ സൂക്ഷിച്ച പേന

ഇതിനു മുന്നെ ഞാനുപയോഗിച്ച
പേനയോരോന്നും നഷ്ടമായി
വടിവൊത്ത ലിപികളിലെഴുതിയെഴുതി
മുന തേഞ്ഞു പോയനവധി പേനകൾ
അക്ഷരച്ചൂടേറ്റു പൊള്ളിത്തുടുത്തവർ
പൊട്ടിച്ചെറിഞ്ഞു കുറേയേറെ പേനകൾ
ആശയച്ചോർച്ചയിൽ ആശങ്ക പൂണ്ടവർ
മോഷ്ടിച്ചൊളിപ്പിച്ചു ശിഷ്ടമാം പേനകൾ

എനിയ്ക്കു കൊതിയായിരുന്നു
ഒരു പേന കൈക്കലാക്കാൻ
എന്റെ നെഞ്ചിലെ അക്ഷരാംശം ഉണങ്ങാതിരിയ്ക്കാൻ
ഒരക്ഷരമെങ്കിലും കുറിച്ചു നോക്കാൻ

കൊതി മൂത്ത്, പേന വാങ്ങുവാൻ വരി നിന്നൊരെന്നിലായ്
പേന പേർ വിളിച്ചു കൊടുക്കുന്ന ദിക്കിൽ
സസൂക്ഷ്മം പതിപ്പിച്ചു ഒളി കൺ നോട്ടങ്ങൾ
ഞാൻ വാങ്ങുന്ന  പേനയുടെ നിറം നോക്കാൻ
പേനയും നിറഭേദങ്ങൾക്കൊപ്പിച്ച് തരം തിരിയ്ക്കാമെന്ന്
ഓരോ നോട്ടങ്ങളും എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു

ഗതി മുട്ടി ഞാനപ്പോൾ എന്റെ ഊഴം കാക്കാതെ
ആരും തിരിച്ചറിയാത്ത, പേനയെന്തെന്നറിയാത്ത
ഒളികണ്ണുകളില്ലാത്ത കൂട്ടുകെട്ടിൽച്ചേർന്ന്
മാറ്റിയെടുത്തെൻ മുഖഹസ്തധാടികൾ
ഒപ്പിച്ചെടുത്തൊരു പേനയൊടുവിലായ്, പക്ഷെ
നിറയ്ക്കുവാൻ മഷി തേടിത്തേഞ്ഞു പോയ് പാദുകപ്പാളികൾ

ആ പേനയാണിന്നെൻ പക്കൽ
വീണ്ടും ചുരത്തുവാനോങ്ങി നില്ക്കുന്നു
നിശിതമാം വാക്കിൻ നട്ടെല്ലു നിവർത്തി
ഇരുൾ പരന്ന ജീവിതപ്പകർച്ചകൾ പകർത്തുവാൻ