ബ്ലോഗ് ആര്‍ക്കൈവ്

2018, ജനുവരി 17, ബുധനാഴ്‌ച

ക്ഷൗരം - ഒരു ചിന്താഭാരം


മക്കൾക്കിഷ്ടം
ക്ഷൗരം ചെയ്തു മിനുക്കിയ പിതൃത്വത്തെ
പൈതൃകം എപ്പോഴും കാടത്തമെന്ന്
ആയിരമുരു ചൊല്ലിപ്പഠിപ്പിച്ചതിൻ ഋണഭാഷ്യം

കാടു പിടിച്ച യൗവ്വനം കഴിഞ്ഞ്
പുല്ലുണങ്ങിയ ജീവിത മദ്ധ്യത്തിലെത്തുമ്പോൾ
വടിച്ചു വൃത്തി പൂണ്ട കവിൾത്തടങ്ങൾ
ഇന്നലെകളെ തുടച്ചു നീക്കുമെന്നാരോ പറഞ്ഞു പോൽ

കേൾക്കെക്കേൾക്കെ,
ഉള്ളിന്റെ ഉമ്മറങ്ങളിലുലാത്തുന്ന ഗൃഹാതുരത്വം
പൂർവ്വാശ്രമം തേടുകയാണ്

തപ്പുകൊട്ടിക്കളിയിലേർപ്പെടുന്ന ബാല്യത്തിമിർപ്പുകൾ
ആദ്യമായ് കണ്ണാടിയിൽക്കണ്ട രോമക്കിളുർക്കൽ
ആദ്യക്ഷൗരത്തിൽപ്പൊടിഞ്ഞ ചോരച്ചിന്തുകൾ
താടി നീട്ടിയ ബൗദ്ധിക സംവാദങ്ങൾ
തേച്ചുമിനുക്കിയ കാൽശരായിയും കുപ്പായവുമണിഞ്ഞ്
ശീതീകരിച്ച മുരൾച്ചകൾക്കിടയിലെ കർത്തവ്യകലഹങ്ങൾ

ഇങ്ങനെയൊക്കെ,
കിതയ്ക്കാതെ കുതിയ്ക്കുന്ന കാലത്തിന്റെ പഴക്കം
താടിമീശയിലെ കുറുനരകളാകുമ്പോൾ
മറയ്ക്കാനെന്തുണ്ട്?

ഓർമ്മക്കൂടിന്റെ പൊളിച്ചെഴുത്തിൽ
നീരൊലിപ്പിന്റെ മദപ്പാടുകൾ
സ്വാത്മാനന്ദത്തിൽ ലയിയ്ക്കാൻ മടിയ്ക്കുന്ന
സൗഹൃദത്തകർച്ചകളുടെ മടുപ്പിയ്ക്കുന്ന രംഗസ്മരണകൾ
കളിവേഷമഴിച്ചു വെച്ചിട്ടും മുഖത്തെഴുത്തിൽ മിനുപ്പു മായാതെ
പരുക്കൻ പകർന്നാട്ടങ്ങൾക്കൊരുങ്ങും വേഷധാടി
കുഞ്ഞുമനസ്സിന്റെ മഞ്ഞറകളിൽ സുഷുപ്തിയിലാഴ്ത്തിയ
വെറുപ്പിന്റെ മുളയൊളിപ്പിച്ച വിത്തുകോശങ്ങൾ
ജന്മദോഷങ്ങൾക്കും കർമ്മവൈഭവങ്ങൾക്കുമിടയിൽ
നൂൽപ്പാലം കെട്ടി നടന്നു നീങ്ങുന്ന ജീവത്ക്കസർത്തുകൾ

ഇതെല്ലാം വെറും ക്ഷൗരം കൊണ്ട് മറയ്ക്കാമെന്ന്
മൂഢചിന്തയിൽ മുങ്ങിയ ചിന്താക്ലേശം മാത്രം

ചുളിവുകൾ വീണ തൊലിപ്പുറം പൊട്ടി,
ഓടി മറഞ്ഞ ഭൂതകാലത്തിന്റെ വിള്ളലുകളിലൂടെ
മോഹങ്ങളും സ്വപ്നങ്ങളും ചോരയും ചലവുമൊലിപ്പിയ്ക്കുമ്പോൾ
ക്ഷൗരം ഒരു തീരാവേദനയാകുന്നു

എന്നിട്ടും, ഒരു പക്ഷേ
മക്കളുടെ ആഗ്രഹപൂർത്തിയ്ക്കായി
ഞാനും ക്ഷൗരം ചെയ്തേയ്ക്കാം


അഭിപ്രായങ്ങളൊന്നുമില്ല: