ബ്ലോഗ് ആര്‍ക്കൈവ്

2015, ഫെബ്രുവരി 12, വ്യാഴാഴ്‌ച

നാളെയുടെ ബോധിസത്ത്വൻ

ആൾക്കൂട്ടങ്ങൾ തിരയുന്നൊരാലിനെ, തണലിനെ
പിണഞ്ഞു പിടയും വടവേരിന്നിരിപ്പിടത്തെ
കിണഞ്ഞു ചേക്കേറും കിളികളുടെ കൊറ്റില്ലത്തെ1
ആൽച്ചുവട്ടിലിരിയ്ക്കാനൊരു ധ്യാനനിമഗ്നനെ

നാളേറെയായ്, ദിനം തോറുമെത്തി നോക്കുന്നു കൂട്ടം
കാളുന്ന ജന്മപാശഛവി മുറ്റി മോന്തി മോന്തി
നീളുമീ കാത്തു നില്പിൽ പന്തികേടുപോലെ മേവും
പളുങ്കു പൊട്ടിയ പാനപാത്രങ്ങളേന്തി ക്ലിഷ്ടം

മോഹപ്രപഞ്ചകിരണങ്ങളേറ്റു വാടിയോരും
ഇഹലോകസഹനച്ചതവേറെ ചതഞ്ഞവരും
ദാഹാർത്തി കേറിയ സ്വപ്നാസവത്തിൻ പാനകരും
മഹാകഷ്ടം! തിക്കുകൂട്ടുന്നു ജീവിതാസക്തിയാൽ

താമ്രപത്രങ്ങൾ, തലയെഴുത്തിൻ മായാലിഖിതം
തമസ്സിൻ വേരിറങ്ങിയ ചഞ്ചലിത ചിത്തങ്ങൾ
താമസം വരുത്തിടാത്ത ദുര്യോഗദംശനങ്ങൾ
തിന്മ തിന്നീടുന്ന തിര്യക്കിൻ2 രോദനങ്ങൾ എങ്ങും

പല്ലക്കിൻ ഘോഷാരവമേതുമില്ലാതെത്തണം പോൽ
പട്ടിൻ പകിട്ടുപേക്ഷിച്ചിനിയൊരു ശുഭ്രവസ്ത്രൻ
പഞ്ചശീലത്തിൻ പ്രബോധകൻ, പാവനൻ, പല്ലവൻ
പടിഞ്ഞിരിയ്ക്കാനാൽച്ചോട്ടിൽ, നാളെയുടെ ബോധിസത്ത്വൻ3

ഇവനല്ലോ കഴലുപൊട്ടിച്ചണ തട്ടിമാറ്റി
താനെന്നഹംബോധം ശൂന്യമെന്നു നാവിലിറ്റിച്ചു
കരുണതൻ പാലാഴി കൺകളിൽ കുറുക്കി നീട്ടി
പഴയ നടപ്പു ദോഷങ്ങളെ ആവിയാക്കുന്നവൻ

ഇവനായിരിയ്ക്കാം പടരുന്ന പാതകങ്ങളിൽ
മാപ്പപേക്ഷതൻ ഉന്നിദ്രമാം4 ചിന്തേരിടുന്നവൻ5
ഇവനായിരിയ്ക്കാം തളരുന്ന കാലടികൾക്ക്
ശുഭാപ്തി തൻ സുസ്മേരമാം ഉന്മേഷം കൊടുപ്പവൻ

ഇവനായിരിയ്ക്കണം നിഷ്ക്കാമചരിതൻ,
പകയും പാഴ്ക്കിനാവും പാഴ് വിലയ്ക്കുമെടുക്കാത്ത
മൂകമാം വിയർപ്പിൻ മണികളെ മാറണയ്ക്കുന്ന
പകലന്തിയെന്നില്ലാതെ പടവെട്ടും ചിത്ജയൻ

തകർന്ന സ്വപ്നങ്ങളുടെ കരിയിലച്ചാർത്തിനെ
തനിച്ചു തീയിട്ടതിനുള്ളിൽ കരേറും തോൽവിയെ
തമ്മിലുരുമ്മുന്ന പ്രണയവായ്പിൻ കരങ്ങളാൽ
തരസാ6 തർഷണം7 തീർത്തയയ്ക്കുമത്രേ പാലകൻ

ബോധവാസരം8 കഴിഞ്ഞെഴുന്നള്ളിയേയ്ക്കാം ബോധി9
ബോധാബോധ ബുദ്ധി തെളിഞ്ഞേയ്ക്കാം ആൾക്കൂട്ടത്തിന്നും
അധോമുഖപ്രാണരായ് കുമ്പിടും ജനസഞ്ചയം
അധരം വിറച്ചിടും പാപവും മോഹവും തള്ളി

മനമേ; മടങ്ങുക, ഇതശുഭ പാതിരാത്രി
കനം വെച്ച കർമ്മകാണ്ഡങ്ങളുടെ കൂരിരുട്ടിൽ
ഇന്നീ നിനയ്ക്കും കിനാവുപോലും തിരിഞ്ഞു കൊത്താം
നന്നായ്ത്തിരയാമൊരാലിനായ്, ധ്യാനനിമഗ്നനായ്


സാന്ദർഭികമായി ഉപയോഗിച്ച ചില വാക്കുകളുടെ വിവക്ഷ

1 – കൊറ്റില്ലം – കിളികളുടെ പ്രജനന വാസ കേന്ദ്രം
2 -  തിര്യക്ക് –വിശേഷബുദ്ധിയില്ലാത്ത ജീവി (സാധാരണ മനുഷ്യരൊഴിച്ചുള്ള ജീവികൾ തിര്യക്കിൽ പെടുന്നു. ഇവിടെ,
     മേൽക്കാണിച്ച അർത്ഥത്തിലാണ് ഈ വാക്കുപയോഗിച്ചിട്ടുള്ളത്)
3 – ബോധിസത്ത്വൻ - ബുദ്ധസന്ന്യാസി
4 -  ഉന്നിദ്രം – ഉന്മേഷത്തോടെയുള്ള
5 – ചിന്തേരിടുക – ചീകി മിനുസം വരുത്തുക
6 – തരസാ – ശക്തിയോടെ
7 – തർഷണം – ദാഹം
8 – ബോധവാസരം – കാർത്തികമാസം (വൃശ്ചികം) വെളുത്തപക്ഷത്തിലെ ഏകാദശി
9 – ബോധി – ഗൗതമബുദ്ധൻ (ഇവിടെ പരിപൂർണ്ണജ്ഞാനം/ബോധോദയം സിദ്ധിച്ചവൻ എന്നു വിവക്ഷ)


2015, ജനുവരി 2, വെള്ളിയാഴ്‌ച

അരക്കില്ലങ്ങൾ


നോവും നിരാസവും നീറിപ്പിടിയ്ക്കുന്ന
നവം നവങ്ങളാം ഗേഹങ്ങളായിന്നും
പണ്ടൊരടവിയിൽ പടുത്തു തീയിട്ട
ചതിയുടെ ആഴപ്രധാന കേന്ദ്രങ്ങൾ

പലനിറങ്ങളിൽ, വർണ്ണത്തിളക്കത്തിൽ
മെഴുകുപോൽ ഉരുക്കിയും ഉറപ്പിച്ചും
വാർത്തെടുക്കുന്നു അരക്കില്ലങ്ങൾ ഇന്നും
ആത്മശത്രുക്കളെ ഇല്ലായ്മ ചെയ്യുവാൻ

പ്രത്യാശയറ്റ പാഴ്ജന്മത്തിൻ പൊരിച്ചിൽ
ആകസ്മികതയാൽ ഇരുളിനെ കാത്ത്
കനൽക്കൊള്ളി ഊതിക്കാത്തിരിയ്ക്കുന്നു ഹാ!
ഏനക്കേടൊടുക്കി ഉരുകിക്കത്തുവാൻ

പൊള്ളുചൂടേറ്റ് പയ്യെ കട്ടിനീരായും
മോഹവർണ്ണങ്ങൾ നീറി നാളം കണക്കെ
കൈ കൂപ്പി സ്വയം അർപ്പിയ്ക്കുവാനായ് വരും
വെൺകതിരായ് കുറ്റിയറ്റ പുഴുക്കുത്ത്

മൂത്ത വൈരങ്ങളാൽ ശപഥമെടുത്തും
പത്തു നാൾക്കകം പടകളൊരുക്കിയും
ആപ്തവാക്യം കേട്ടു ഒളിവിലിരുന്നും
കോലരക്കിൻ മണം തട്ടിയതില്ലെന്നോ?

ഓർക്കുക, റാത്തൽ കണക്കാണരക്കിന്
നിരക്കുകൾ പലതരം, നിറം നോക്കി
പിറവിയും പൊറുതിയും അറുതിയും
ഇന്നേ നടക്കുന്നു അരക്കില്ലങ്ങളിൽ

ആടിത്തിമർക്കുക, പാടി രസിയ്ക്കുക
ചാഞ്ചാടിക്കളിയ്ക്കുക, തിന്നു ചീർക്കുക
ഇണചേർന്നു കുലവംശം പെരുക്കുക
പുത്തനാം അരക്കില്ലങ്ങൾ പണിയുക

നാം അരക്ഷിതർ ഈ അരക്കറകളിൽ
വഹ്നി എന്നേ എത്തിടാം ദുരവസ്ഥയായ്
മത്തിൻ മയക്കത്തിലല്ലേ നാമെപ്പൊഴും
എരിഞ്ഞൊടുങ്ങാൻ അരക്കച്ചയും കെട്ടി


2014, ഡിസംബർ 30, ചൊവ്വാഴ്ച

ഒരു മതേതര ചിന്ത


ഇന്നീക്കാണുന്ന മനുഷ്യ ലോകത്ത്, പ്രകൃതിയിൽ
മതേതരമെന്ന വിശേഷണം ഒരേയൊരു വികാരത്തിന്
മതേതരമെന്യേ പ്രയോഗിയ്ക്കപ്പെടുന്ന ഒറ്റ കാമന
അതു കാമം മാത്രം, മനുഷ്യന്റെ എതിർലിംഗക്കാമം

മതമില്ല, ജാതിയില്ല, പ്രായഭേദമില്ല
ഒറ്റയായും, നാലാൾ കൂടുന്ന കാട്ടുനായ്ക്രൗര്യമായും
എല്ലിനേക്കാൾ മൂർച്ചയുള്ള പേശിയൊന്നിൻ ദൃഢതയാൽ
ബലാൽ ഭോഗിച്ചും പ്രീണിപ്പിച്ചിരയായ് വീഴ്ത്തിയും ആഘോഷിയ്ക്കുന്ന കാമം

കട്ടിമീശയും മിയ്ക്കപ്പോഴും സുമുഖനായും
നേരവും കാലവും നോക്കാതെ കീഴ്പ്പെടുത്തുന്ന ചേതസ്സ്
ഇണചേരുവാൻ ഋതുക്കളില്ല, ശുക്ലകൃഷ്ണപക്ഷങ്ങളില്ല
മാനവകുലത്തിനു മാത്രമൊതുങ്ങുന്ന കാമശാസ്ത്രം

രസദളങ്ങളെ ഉന്മത്തരാക്കി സ്വയം ക്രീഡ ചെയ്യുന്നു
മറുപകുതിയുടെ ചോദനകളെന്തെന്നു തിരക്കാതെ
ദുരഭിമാനക്കൊലയായ്, മതാധിനിവേശമായ്
നാലാളു കാൺകെ കട വെട്ടുന്നു കാമത്തെ

ഇതു ചിന്തയോ? വികാരമോ? ആത്മപീഡയോ?
ശൈലീജന്യരോഗമോ? വികലമാം കുലബാധയോ?
ആവർത്തന വിരസമാം പരപരാഗണ തന്ത്രമോ?
പാപജന്മങ്ങളുടെ രേതസ്സു വിസർജ്ജിയ്ക്കുന്ന മാലിന്യമോ?

വ്രീളാമുഖിയായ്, മുഖം കുനിച്ചു നഖം വരയ്ക്കുന്ന പതിതയായ്
അകക്കാമ്പിൽ തപം ചെയ്ത മൃദുലവിശുദ്ധമാം കാമത്തെ
നാണമില്ലാതെ നടുത്തളത്തിൽ വലിച്ചിഴയ്ക്കുന്നു വസ്ത്രാക്ഷേപമായ്
ഇന്ദ്രിയ വിസ്ഫോടനമായ് ചൂതാടി രസിയ്ക്കുന്നു സംഭോഗഢംഭ്


2014, ഡിസംബർ 27, ശനിയാഴ്‌ച

ഭീകരത

ഭീകരരുടെ തോക്കുകളേക്കാൾ ഭീകരം നാക്കുകളാണ്

തലയറുക്കാൻ ഓങ്ങുന്ന വാളുകളേക്കാൾ മൂർച്ച
ബഹുലക്ഷ്യവേധികളായ വാക്കുകളാണ്
രക്തം ചിന്തുന്ന സായുധ കലാപത്തേക്കാൾ നിന്ദ്യം
ആശയം ചിന്തുന്ന പൗരോഹിത്യപ്രസംഗങ്ങളാണ്

നാക്കിൻ തുമ്പിൽ നിന്നെത്തുന്ന
വിഷലിപ്തമായ തുപ്പൽ മണം പേറുന്ന വാക്ക്
രോഗഗ്രസ്തമായ്, ആശയമെന്ന പേരിൽ പരക്കുമ്പോൾ
പകർച്ചവ്യാധിയേക്കാൾ നീചമായ് ഒരു ജനത ഉന്മൂലിതരാകുന്നു

പലായനം ചെയ്തും കുറ്റിയറ്റും
ഇഴയടുപ്പം നഷ്ടപ്പെട്ടും ഉഴലുന്ന ജാതിഗോത്രങ്ങൾ
മറുമരുന്നുണ്ടായിട്ടും പ്രയോഗിയ്ക്കാനവകാശമില്ലാത്ത
ദുർമ്മരണങ്ങളുടെ പരീക്ഷണശാലയിൽ ചത്തൊടുങ്ങുന്നു

വാക്കുകൾ കൊണ്ടു കൊട്ടാരമുണ്ടാക്കി
അനാഥബാല്യങ്ങളെ കൈവിഷം കുടിപ്പിച്ചും
വിശക്കുന്ന വയറിനെ, സ്നേഹം ഇരക്കുന്ന മനസ്സുകളെ
ഭള്ളൊഴിഞ്ഞു തോക്കു കൊണ്ടു സംസാരിപ്പിയ്ക്കുന്നു മസ്തിഷ്ക്കപ്രക്ഷാളനം

വിഭജിയ്ക്കപ്പെട്ട ദൈവസാമ്രാജ്യസൃഷ്ടിയ്ക്കായ്
തലകളീർന്നറുക്കുന്നു, വെടിയുണ്ട വൃഷി നടത്തുന്നു
ഗർഭോദരം കീറി മാലയണിയുന്നു
അന്ത്യകൂദാശകൾക്ക് തെമ്മാടിക്കുഴി വെട്ടുന്നു

എത്രയെത്ര മാലാഖമാർ, വിശുദ്ധർ, സർവ്വശക്തർ
എണ്ണിയാലൊടുങ്ങാത്ത ദൈവകല്പനകൾ
അരക്ഷിതരാം അശരണർക്കായ് വിശ്വാസകാമനകൾ
ദൈവനിന്ദയായ് ചാർത്തുവാൻ വൈകല്യവിക്ഷോഭങ്ങൾ

അതുകൊണ്ടാണ് പറയുന്നത്
തോക്കുകളേക്കാൾ ഭയങ്കരം നാക്കുകളെന്ന്
വാക്കുകൾ നീചമായ പ്രവൃത്തിയേക്കാൾ
മഹോദരം, അർബ്ബുദം, കനം വെയ്ക്കുന്ന ചാപിള്ള ഗർഭം


2014, ഡിസംബർ 9, ചൊവ്വാഴ്ച

കളിനഖക്കോറലുകൾ


2014 നവംബർ 28

തീരെച്ചെറുതെന്നു നിനച്ചൊരു ലോകം
കാലചക്രം പെട്ടെന്നു പുറകോട്ടു തിരിഞ്ഞതും
പെട്ടെന്നു പൊട്ടിവിരിയുന്നു വീണ്ടും മുന്നിൽ
പണ്ടു പിരിഞ്ഞു പോയ് പല വഴി തിരിഞ്ഞവരൊന്നായ്

എത്ര ദീപ്തമീ ഓർമ്മപുതുക്കലിൻ ഘോഷാരവം
സഹർഷം ഹസ്തദാനങ്ങൾ സുദൃഢം മുറുകുമ്പോൾ
അലിഞ്ഞു പോകുന്നൊരു ദീർഘയാത്ര തൻ ക്ലേശവും
ഊഷമളം നുകരട്ടെ ആലിംഗനത്തിൻ ശാർക്കകം

പരസ്പരം നുള്ളിയും നോവിച്ചും കളി പറഞ്ഞും
പറഞ്ഞാലും തീരാത്തൊരു സംവത്സരത്തിൻ പാഠശാലയിൽ
എത്ര പകലിരവകൾ ചെലവഴിച്ചു നാം
മോഹവും സ്വപ്നവും കരുപ്പിടിപ്പിയ്ക്കുവാനായ്

അന്നു നാം കാറ്റത്തെ കരിയിലകൾ മാതിരി
നിർത്താതെ വീശുന്ന ജീവിതമാരുതന്റെ കളിപ്പാട്ടങ്ങളായ്
പറന്നു പോയ് ചിന്നിയും ചിതറിയും പലവഴി
ഇന്നേതോ ചരടിന്റെ മന്ത്രസ്പർശത്താൽ ഒത്തുകൂടുന്നു നാം

മരിയ്ക്കുന്നില്ല ഓർമ്മകൾ, നരയ്ക്കില്ല മനസ്സിൻ ചെറുപ്പവും
ഇന്നീ സമാഗമം സ്പൂൺ കോരി പതുക്കെ ചവയ്ക്കുമ്പോൾ
ഒരു തരിയും, ഒരു നിമിഷവും പാഴാകാതെ നോക്കണം
ഇനിയെന്നു കാണും, ഒരുപാടില്ലേ ജീവിതസമരങ്ങൾ?

പോകട്ടെ ഞാൻ, അനർഘമാം നിമിഷങ്ങൾ വാരിക്കെട്ടി
ഇനിയടുത്തെന്നു നമ്മൾ ദേശാടനം കഴിഞ്ഞെത്തും?
ഇനിയെന്നു നമ്മൾ കളിനഖക്കോറലാൽ ഉള്ളു ചുവപ്പിയ്ക്കും
കാത്തിരിയ്ക്കണം, കാതോർക്കണം, വർഷാന്തര വേളകൾ പൊഴിയുവാൻ


  • പ്രചോദനം – വിനു
  • സമർപ്പണം – വിനു, അനിൽ, മനോജ്, സരിത, ദീപ, ഗീതച്ചേച്ചി



2014, ഡിസംബർ 5, വെള്ളിയാഴ്‌ച

ഞങ്ങളുടെ കുഞ്ചിയമ്മ


കമല  നാമധേയം; വിളിപ്പേർ കുഞ്ചി
ഇതു ഞങ്ങളുടെ സ്വന്തം കുഞ്ചിയമ്മ
വിദ്യാലയം പൂർവ്വ കർമ്മമണ്ഡലം;
അകം പുറം വൃത്തിയാക്കൽ അച്ചട്ട് കർമ്മം; അന്നും ഇന്നലെ വരെയും

അതെ, കുഞ്ചിയമ്മ പഴകിയ ഒരു പുസ്തകമായിരുന്നു
മൂന്നാലു തലമുറകൾ കൈമാറിയ നടക്കുന്ന പുസ്തകം
എന്നിട്ടും അക്ഷരത്തിളക്കം കുറഞ്ഞിട്ടേയില്ല;
പൊടുന്നനെ കുഞ്ചിയമ്മ ചിതയിലെരിഞ്ഞിട്ടും.

ഏതോ മുജ്ജന്മ ബന്ധമായിരുന്നിരിയ്ക്കണം;
കുഞ്ചിയമ്മയ്ക്ക് ഞങ്ങളെക്കാണുമ്പോഴുള്ള മിഴിത്തിളക്കം
ചുളിഞ്ഞ വിരലുകൾ കോർത്ത്, കൈ പിണച്ച്
തന്റെ നരയ്ക്കാത്ത തലനാരിഴ പോലെ പ്രായമാകാത്ത അൻപ്

പരപരാ വെളുക്കുന്നതിൻ മുമ്പെയെത്തി
അടയാളചിഹ്നം പോലേന്തുന്ന തേപ്പും ചൂലുമായ്
ചെറുപ്പത്തിലേ വൃദ്ധരായ ഞങ്ങളുടെ പ്രഭാതങ്ങൾക്ക്
മടിയകറ്റുവാനെത്തി വെളുക്കെച്ചിരിയ്ക്കും കുഞ്ചിയമ്മ

ചെരിപ്പേയിട്ടിട്ടില്ലാത്ത കുഞ്ചിയമ്മ; പക്ഷെ,
ചെരിപ്പുകളൊതുക്കിവെയ്ക്കും ഇടം വലം മാറ്റിപ്പിണച്ച്
ഫോണുപയോഗിച്ചിട്ടില്ലാത്ത കുഞ്ചിയമ്മ; എന്നാലും
ഫോണെടുക്കാതെ മറുപടി കൊടുത്തിരിയ്ക്കും, നിശ്ചയം

മക്കൾ വിളിപ്പുറത്തു തന്നെയുണ്ടായിട്ടും “ന്റെ കുട്ട്യോളെ കണ്ടോ”-
യെന്നാരായും വൈകുന്നേരത്തെ ചായയ്ക്കെത്തി
മുട്ട വാങ്ങുവാൻ പോയി “മൊട്ടക്കോസ്” വാങ്ങി
“ഇതാ കുട്ടി പറഞ്ഞത്” എന്നു പരത്തിപ്പറയും കുഞ്ചിയമ്മ

മാങ്ങയും ചക്കയും പുളിയും പാകമായെന്നാൽ
തൊടി മുഴുവൻ പരതി നിറഞ്ഞാടും കുഞ്ചിയമ്മ
ഓല ചീന്തി ഉരുട്ടിക്കെട്ടി ചൂലാക്കി മാറ്റിയും
ഓലച്ചൂട്ടുകൾ നിരയായ് അടുക്കിയും വെയ്ക്കും കുഞ്ചിയമ്മ

മണ്ണിന്നീർപ്പം തിന്ന് പതിയെ തലപൊക്കുന്ന പുല്ലുകൾ
നിർദ്ദയം മുറ്റത്തു നിന്ന് നീക്കം ചെയ്യുന്ന ശുഷ്ക്കാന്തി
ദിനം പ്രതി ഒരു മുറം പൊടിമണ്ണു കൂനയായ്
മുറ്റമടിച്ചു വാരി വിയർത്ത് ചായയ്ക്കെത്തും കുഞ്ചിയമ്മ

രണ്ടു മക്കളെ മാത്രമേ പെറ്റിട്ടുള്ളെവെന്നാലും
“കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാ”ണെന്ന പാട്ടിനു
പുത്രനിർവ്വിശേഷമാമൊരു കൺചിരിയിൽ
തന്റെ ലോകം വലുതെന്ന്  ഓർമ്മിപ്പിയ്ക്കും കുഞ്ചിയമ്മ

ഇനി ഞങ്ങൾക്കാരുണ്ട് കളി പറയുവാൻ?
നിർദ്ദോഷമായൊന്ന് കുറ്റം പറയുവാൻ?
കൊള്ളിവെയ്ക്കാത്ത ഓർമ്മകൾ തുന്നിക്കൂട്ടി
കുഞ്ചിയമ്മയെന്ന പഴയ പുസ്തകത്തിലേടുകൾ ചേർക്കുന്നു ഞങ്ങൾ

ചിതയിലെരിഞ്ഞാലും തൻ വെടിപ്പു മായാതെ
കരുതലും കനിവുമായ് ഞങ്ങളെ കാക്കും കുഞ്ചിയമ്മ, തീർച്ച


2014, ഡിസംബർ 4, വ്യാഴാഴ്‌ച

വൃത്തവൃത്താന്തം

ബന്ധങ്ങൾ കൂട്ടത്തോടെ ചാവുന്നത് കാണുന്നില്ലേ?

പൊള്ളുന്ന പനിക്കിടക്കയിൽ മലർന്നടിച്ച്
അസ്ഥിപഞ്ജരം പോലും കിടുങ്ങുന്ന നോവിൽ
പൂർവ്വജന്മങ്ങൾ പോരാതെ മറ്റൊരായുസ്സും ധൂർത്തടിച്ച്
രൂപപരിണാമത്തിൻ മാറാവ്യാധിയിൽ
ചത്തുപൊങ്ങിക്കൊണ്ടേയിരിയ്ക്കുന്നു

പ്രത്യൗഷധങ്ങളൊന്നുമേ കുറിയ്ക്കപ്പെടാത്ത
ആർക്കും തന്നെ പരസ്പരം വേണ്ടാത്ത ബന്ധുത്വം
ബാദ്ധ്യത മാത്രമായ്ക്കാണുന്ന വിധ്വംസകത്വം
ലോമപാദങ്ങളാൽ വട്ടം വരയ്ക്കുന്ന പ്രത്യുല്പന്നമതിത്വം

അങ്ങനെ,
നാലേ നാലു വട്ടങ്ങളിൽ അടക്കം ചെയ്യപ്പെട്ട ബന്ധങ്ങൾ
പല വ്യാസങ്ങളിൽ, ചുറ്റളവിൽ
ആരക്കാൽ വ്യത്യാസങ്ങളിൽ തീർക്കപ്പെട്ട
ച്യുതികളുടെ ന്യായാന്യായവ്യതിയാനങ്ങൾ
ഇവയ്ക്കിടയിൽ പമ്മി നില്ക്കുന്ന
സ്നേഹമാപിനികൾ, മോഹപ്രവാഹങ്ങൾ

പുറംവൃത്തത്തിൽ മങ്ങിയ നിറത്തിൽ
കണവന്റെ കുടുംബം, അച്ഛനമ്മമാർ
ദൂരമേറെ, വൃത്തകേന്ദ്ര മൂലസ്ഥാനത്തു നിന്നും
ഒട്ടേറെ കുറവുകൾ, കുറ്റങ്ങൾ അകലം കൂട്ടുവാൻ

അതിനു പിറകിലുള്ളിലായ് കെട്ടിയോൻ വൃത്തം
കറുപ്പും വെളുപ്പും ഇടകലർന്ന്, ഇരുനിറം ചാലിച്ച്
പ്രക്ഷുബ്ധമാം ഗണിതങ്ങളുടെ ഗതിന്യാസത്തിൽ
കൂട്ടിയും കിഴിച്ചും തിരക്കു കൂട്ടും വഷളവട്ടം

രണ്ടാം വൃത്തത്തിലൊതുങ്ങുന്നു അച്ഛനമ്മ, സഹോദരജന്മങ്ങൾ
കരുതലും താങ്ങലും തട്ടിയും മുട്ടിയും നില്ക്കുന്നു
ഗാഢമീവട്ടത്തെ താണ്ടുക ദുഷ്ക്കരം
കർമ്മബന്ധങ്ങളീവട്ടത്തെക്കൊഴുപ്പിയ്ക്കുമ്പോൾ

ഏറ്റവും ഉൾവൃത്തം, തടിച്ചു തുടുത്തത്
ഉള്ളടക്കമായ് അമ്മയും മക്കളും മാത്രം
മറ്റെല്ല്ലാം ശല്യമായ്ത്തോന്നും മുഴുവട്ടം
ഒരു സിന്ദൂരച്ചാർത്തും ചുറ്റും ചമയവർണ്ണങ്ങളും

അല്ലെങ്കിലും അകക്കാമ്പിലല്ലേ കഴമ്പ്

മറ്റെല്ലാ വൃത്തങ്ങളും മാഞ്ഞാലെന്ത്? മുറിഞ്ഞാലെന്ത്?