ബ്ലോഗ് ആര്‍ക്കൈവ്

2014, ഡിസംബർ 5, വെള്ളിയാഴ്‌ച

ഞങ്ങളുടെ കുഞ്ചിയമ്മ


കമല  നാമധേയം; വിളിപ്പേർ കുഞ്ചി
ഇതു ഞങ്ങളുടെ സ്വന്തം കുഞ്ചിയമ്മ
വിദ്യാലയം പൂർവ്വ കർമ്മമണ്ഡലം;
അകം പുറം വൃത്തിയാക്കൽ അച്ചട്ട് കർമ്മം; അന്നും ഇന്നലെ വരെയും

അതെ, കുഞ്ചിയമ്മ പഴകിയ ഒരു പുസ്തകമായിരുന്നു
മൂന്നാലു തലമുറകൾ കൈമാറിയ നടക്കുന്ന പുസ്തകം
എന്നിട്ടും അക്ഷരത്തിളക്കം കുറഞ്ഞിട്ടേയില്ല;
പൊടുന്നനെ കുഞ്ചിയമ്മ ചിതയിലെരിഞ്ഞിട്ടും.

ഏതോ മുജ്ജന്മ ബന്ധമായിരുന്നിരിയ്ക്കണം;
കുഞ്ചിയമ്മയ്ക്ക് ഞങ്ങളെക്കാണുമ്പോഴുള്ള മിഴിത്തിളക്കം
ചുളിഞ്ഞ വിരലുകൾ കോർത്ത്, കൈ പിണച്ച്
തന്റെ നരയ്ക്കാത്ത തലനാരിഴ പോലെ പ്രായമാകാത്ത അൻപ്

പരപരാ വെളുക്കുന്നതിൻ മുമ്പെയെത്തി
അടയാളചിഹ്നം പോലേന്തുന്ന തേപ്പും ചൂലുമായ്
ചെറുപ്പത്തിലേ വൃദ്ധരായ ഞങ്ങളുടെ പ്രഭാതങ്ങൾക്ക്
മടിയകറ്റുവാനെത്തി വെളുക്കെച്ചിരിയ്ക്കും കുഞ്ചിയമ്മ

ചെരിപ്പേയിട്ടിട്ടില്ലാത്ത കുഞ്ചിയമ്മ; പക്ഷെ,
ചെരിപ്പുകളൊതുക്കിവെയ്ക്കും ഇടം വലം മാറ്റിപ്പിണച്ച്
ഫോണുപയോഗിച്ചിട്ടില്ലാത്ത കുഞ്ചിയമ്മ; എന്നാലും
ഫോണെടുക്കാതെ മറുപടി കൊടുത്തിരിയ്ക്കും, നിശ്ചയം

മക്കൾ വിളിപ്പുറത്തു തന്നെയുണ്ടായിട്ടും “ന്റെ കുട്ട്യോളെ കണ്ടോ”-
യെന്നാരായും വൈകുന്നേരത്തെ ചായയ്ക്കെത്തി
മുട്ട വാങ്ങുവാൻ പോയി “മൊട്ടക്കോസ്” വാങ്ങി
“ഇതാ കുട്ടി പറഞ്ഞത്” എന്നു പരത്തിപ്പറയും കുഞ്ചിയമ്മ

മാങ്ങയും ചക്കയും പുളിയും പാകമായെന്നാൽ
തൊടി മുഴുവൻ പരതി നിറഞ്ഞാടും കുഞ്ചിയമ്മ
ഓല ചീന്തി ഉരുട്ടിക്കെട്ടി ചൂലാക്കി മാറ്റിയും
ഓലച്ചൂട്ടുകൾ നിരയായ് അടുക്കിയും വെയ്ക്കും കുഞ്ചിയമ്മ

മണ്ണിന്നീർപ്പം തിന്ന് പതിയെ തലപൊക്കുന്ന പുല്ലുകൾ
നിർദ്ദയം മുറ്റത്തു നിന്ന് നീക്കം ചെയ്യുന്ന ശുഷ്ക്കാന്തി
ദിനം പ്രതി ഒരു മുറം പൊടിമണ്ണു കൂനയായ്
മുറ്റമടിച്ചു വാരി വിയർത്ത് ചായയ്ക്കെത്തും കുഞ്ചിയമ്മ

രണ്ടു മക്കളെ മാത്രമേ പെറ്റിട്ടുള്ളെവെന്നാലും
“കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാ”ണെന്ന പാട്ടിനു
പുത്രനിർവ്വിശേഷമാമൊരു കൺചിരിയിൽ
തന്റെ ലോകം വലുതെന്ന്  ഓർമ്മിപ്പിയ്ക്കും കുഞ്ചിയമ്മ

ഇനി ഞങ്ങൾക്കാരുണ്ട് കളി പറയുവാൻ?
നിർദ്ദോഷമായൊന്ന് കുറ്റം പറയുവാൻ?
കൊള്ളിവെയ്ക്കാത്ത ഓർമ്മകൾ തുന്നിക്കൂട്ടി
കുഞ്ചിയമ്മയെന്ന പഴയ പുസ്തകത്തിലേടുകൾ ചേർക്കുന്നു ഞങ്ങൾ

ചിതയിലെരിഞ്ഞാലും തൻ വെടിപ്പു മായാതെ
കരുതലും കനിവുമായ് ഞങ്ങളെ കാക്കും കുഞ്ചിയമ്മ, തീർച്ച


അഭിപ്രായങ്ങളൊന്നുമില്ല: