ബ്ലോഗ് ആര്‍ക്കൈവ്

2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

ഇരുളിന്റെ കവചം


മുറ്റത്തൊരു പൂച്ചെടി
മതിലുകൾ കടന്ന്
ഇലച്ചാർത്തിന്റെ കനവും പുഷ്പഭാരവുമേറ്റി
തലയുയർത്തി, നടുകുനിച്ച് നില്ക്കയാണ്
ചെടിയ്ക്കടിയിലായ് ചുറ്റും, പകൽ വെളിച്ചത്തിലും
ഇരുൾ നൂണിറങ്ങിപ്പരക്കുന്നതു കാണുന്നു

ചെടിയ്ക്കടിയിലെ ഇരുട്ട്, പക്ഷെ
ആകാശനീലിമയുടെ പുതപ്പല്ല
സന്ധ്യകൾ ചോപ്പിച്ച രാത്രിയുടെ കരിമ്പടവുമല്ല
ജീവനുകൾ പരസ്പരം കോർത്തിണക്കാനുള്ള കവചമാകുന്നു

ഏകകോശങ്ങളും ബഹുകോശങ്ങളും
സമരസപ്പെട്ട് സഹവസിച്ചും കൊണ്ട്
പെയ്തൊഴിഞ്ഞ മഴയുടെ മർമ്മരങ്ങൾക്കായ് കാതോർത്ത്
ഉണ്ടും ഉറങ്ങിയും പെരുകിയും കഴിഞ്ഞു കൂടുകയാണ്

ഓരോ അഴുകലും ഇഴുകലായി
ഓരോ സുഷിരത്തിലും ഉർവ്വരതയുടെ തേൻ നിറയ്ക്കപ്പെട്ട്
ഓരോ മൺകനവും കാനൽജലം കുടിച്ച്
തങ്ങൾക്കു മുകളിലെ ഇരുട്ടിനെ സ്മരിയ്ക്കുന്നു

ഇക്കാണുന്ന പൂച്ചെടിയുടെ കീഴിൽ
ഇഴുകിപ്പരക്കുന്ന ഇരുട്ടിന് ഭാഷയുണ്ടെങ്കിലോ?

പ്രേതഭാഷയുടെ മണമുള്ള ദിവാസ്വപ്നങ്ങളിൽ
തലചായ്ച്ചുറങ്ങുന്ന ശതകോടി പരമാണുക്കൾ
ഇവിടെ, ഈ ഇരുൾവട്ടത്തിൽ സ്വസ്ഥരായി
നാളെയുടെ ഉയിർത്തെഴുന്നേല്പിന്റെ വിധിയെഴുത്തിന്
മുകളിലെ മരതകകൂടാരത്തിന്റെ കവചത്തിന്നുറപ്പിൽ
പകലിരവുകളെന്ന ഭേദമില്ലാതെ ഭവ്യരായ്
മണ്ണെന്ന പൊക്കിൾക്കൊടിയിലൂടെ നിരന്തരം
പഞ്ചഭൂതങ്ങളുടെ മാതൃവാണിയിൽ ഇരുൾ ഭക്ഷിയ്ക്കയാണ്


അഭിപ്രായങ്ങളൊന്നുമില്ല: