ബ്ലോഗ് ആര്‍ക്കൈവ്

2023, ഏപ്രിൽ 1, ശനിയാഴ്‌ച

ഞാന്‍ എന്ന ഗൃഹാതുരത്വം

ഇന്നലെ പകലറുതിയോടെ

ഞാനൊരു ഗൃഹാതുരത്വമായി

 

വെന്തുണങ്ങിയ അമൃതപാകങ്ങളില്‍

നൊന്തു നീറും ചങ്കിടിപ്പില്‍ തട്ടി

നെഞ്ചുകൂടത്തിന്‍ അച്ചുതണ്ടിന്‍ വേഗം

സഞ്ചാരപാതയില്‍ ഭ്രംശമേറ്റുഴലുന്നു

 

ഭീതീയുടെ കരിനീല വണ്ടുകള്‍ മൂളും

നിയതിയുടെ നിത്യമാം നീതിയല്ലല്ലിത് ;

രൂപാന്തരത്തിലെ ഭീമന്‍ കീടവുമല്ല; (1)

കുപ്പായമൂരിയ കാലപ്രഭാവം

 

ഓര്‍മ്മകള്‍ക്കുള്ളറകളിലെങ്ങോ

നന്തുണി കൊട്ടിപ്പാടിയ ഉണര്‍ത്തുപാട്ട്

ബോധിവൃക്ഷത്തണല്‍ച്ചുവടിലെ

ധ്യാനമില്ലാതെ വന്ന തിരിച്ചറിവ്

 

ഓരോ പകലും പേറുന്നു; പോയ -

രാവിന്‍ യൌവ്വനം; നരകളും

ഉഷസ്സിന്‍ സാന്ധ്യശോഭയും; ആഭയും,

പകല്‍ നരയ്ക്കുമ്പോള്‍ മായുന്നതല്ലിവ

 

കര്‍മ്മബന്ധങ്ങളുടെ ഓരത്തലയ്ക്കും

ദുര്‍മ്മദം കലരാത്ത അലകളായ് അനുസ്യൂതം

ധൂസര വാസരമെത്ര മറഞ്ഞാലും

മറക്കുമോ ഓര്‍മ്മകള്‍, പിന്‍വിളി വിളിയ്ക്കുന്നു

 

 

 

തനിച്ചു നടക്കുമീ വഴികളിലെങ്ങും

പണ്ടത്തെ ആണ്ടറുതി, പണ്ടത്തെ പൂരം

പണ്ടൊരുമിച്ചു കയ്യിട്ട ചക്കരപ്പാത്രം

പണ്ടാര്‍ത്തി പൂണ്ടു കട്ടുതിന്ന കാരോലപ്പം

പണ്ടത്തെ അടുക്കള, പണ്ടത്തെ സ്വാദ്

 പണ്ടത്തെ അമ്മ, പണ്ടത്തെ അച്ഛന്‍

പണ്ടത്തെ ഏകോദരര്‍, മാതുല മാതൃവാത്സല്യങ്ങള്‍

എണ്ണിയാലൊടുങ്ങാത്ത പണ്ടും, പണ്ടത്തെ പണ്ടും

കണ്ടു നടന്നോട്ടെയിത്തിരി, ഗൃഹാതുരത്വമല്ലേ?

 

മരണത്തിന്റെ മണമുള്ള ഗൃഹാതുരത

മരണമുഹൂര്‍ത്തമടുത്ത പകലിന്റെ ആന്തല്‍

അകലെ മറഞ്ഞ്, തെളിയുവാന്‍ വെമ്പും താരങ്ങള്‍

നിത്യ സത്യത്തിന്‍ ചെപ്പേടുകള്‍, മൂകസാക്ഷികള്‍

 

എന്നും നടക്കുന്ന വഴികളിലേയ്ക്ക് പതിവുപോല്‍

എല്ലാമറിഞ്ഞെന്ന് മൂഢനായ്, വെടിപ്പായ്

പഴയകാലത്തിന്റെ മുഴുക്കയ്യന്‍ കുപ്പായമിട്ട്

ചിത്തഭ്രമത്താല്‍ ചിതലെടുത്ത കൈവടിയുമായ്

ചെരിയുന്ന സൂര്യന്റെ അന്തിവാനച്ചോപ്പില്‍

നഗ്നപാദനായ് സവാരിയ്ക്കിറങ്ങുമ്പോള്‍

 

പണ്ടു പഠിച്ചിറങ്ങിയ പള്ളിക്കൂടത്തിന്‍ ചുമരി-

ലാണിത്തുരുമ്പില്‍ തൂങ്ങിയാടും ഛായാപടത്തില്‍

തോളില്‍ തല ചേര്‍ത്തു നിന്ന സഹപാഠി

കണ്ടാലറിയാത്ത ഭാവം പൂണ്ട്  നില്‍പ്പാണ് വീട്ടില്‍

പുതിയ കാലത്തേയ്ക് കണ്ണും നട്ട്, പരുക്കനായ്

വീണ്ടും പിറകോട്ടു നോക്കാമോ, ഗൃഹാതുരത്വമല്ലേ?

 

 

ഇരടി(2) മുട്ടാതെ പിന്നേയും നടക്കുമ്പോള്‍

പുതിയ കാലത്തിന്റെ കൃത്രിമത്വം മണക്കും

വയലേലകള്‍, നാട്ടുപാതകള്‍, വേഷവിഭൂഷകള്‍

ത്വര പോയ ദ്വര പോലെ ആളില്ലാവീടുകള്‍

വിവരഖനനത്തില്‍ മുഴുകിയ യന്ത്രയൌവനങ്ങള്‍

എന്റെ സ്വപ്നാടനത്തിന് പങ്ക് ചോദിയ്ക്കുന്നവര്‍

 

ഇവരൊന്നുമറിയുന്നില്ലെന്നോ?

എന്നും നടക്കുന്ന വഴികളിലാണ്ടുകിടക്കുന്നു

പഴയ കാലമെന്ന്, വിയര്‍പ്പും കണ്ണീര്‍ക്കണങ്ങളും

പുതുമഴ കിളിര്‍ത്തും മുളകളോരോന്നും

പണ്ടുണങ്ങിക്കരിഞ്ഞ പുഷ്ടികളായിരുന്നെന്ന്

കണ്ണിമ ചോരാത്ത കാത്തുസൂക്ഷിപ്പുകള്‍

 

അങ്കുശം കുറിയ്ക്കാതെ, പിറകോട്ടു നടക്കാതെ

വീടെത്തണമെനിയ്ക്ക്; ചുറ്റിലും പുറ്റ് തീര്‍ക്കണം

കണ്ണടച്ചിരുട്ടാക്കി സ്വയം നിമീലനം ചെയ്യണം

കണ്ണു കുത്തിപ്പൊട്ടിയ്ക്കാന്‍ കുസൃതിക്കാര്‍ വന്നാലോ?(3)

എന്തെന്നാല്‍,

ഇന്നലെ പകലറുതിയോടെ

ഞാനൊരു ഗൃഹാതുരത്വമായി

 

 

1 Metamorphosis (രൂപാന്തരം) എന്ന കാഫ്കയുടെ കഥ

2 കാല്‍ കല്ലില്‍ തട്ടുന്നതിനുള്ള ഒരു നാട്ടുപ്രയോഗം

3 ച്യവന മഹര്‍ഷിയുടെ കഥയ്ക്ക് അവലംബം

  

2021, ഡിസംബർ 31, വെള്ളിയാഴ്‌ച

ഗ്രഹണ നീലിമ - നഖച്ചിന്തോടെ

 

ആര്‍ദ്രമാം മൌനത്തിന്റെ മണിച്ചെപ്പു തുറന്നെത്തീ

സാന്ദ്രമായ് നക്ഷത്ര രാവില്‍ മരുത്തെന്നല്‍

പൂര്‍ണ്ണമാം പൌര്‍ണ്ണമി പകര്‍ന്നോരമൃതേത്തില്‍

പാല്‍നിലാവുണ്ടുറങ്ങുന്നു പാതി, ധൂസര(*),നിശീഥത്തില്‍

 

വാസരമെത്രയായ് തുടരുന്നീ നിമീലനം (*)

ശ്വാസത്തില്‍, മിടിപ്പില്‍ ഇല്ല നീരസമൊട്ടും

മടിയിലെ മാന്‍കല തേച്ചും  മിനുക്കിയും

മാനത്തരൂപിയായ് മറഞ്ഞു മോഹിപ്പിച്ചും

തിരകളെത്തീരത്തേയ്ക്കേറ്റിയുമിറക്കിയും

സല്ലപിയ്ക്കുന്നു സുധാംശു, നിശാപതി

 

മറുപുറം, തുറുകണ്ണിലെ തീനാളം

കനല്‍ക്കാടു കത്തിയ്ക്കും കാനനസീമകള്‍

മായ്ക്കുന്നതില്ല കളങ്കങ്ങളില്‍പ്പോലും

വറുതികളുടെ കോലം വരയ്ക്കുന്ന നേര്‍ക്കാഴ്ച

വിണ്ണിന്‍റെ ജാലകം തള്ളിത്തുറന്നു

നിശിതം പതിയ്ക്കുന്ന ആസുരതാഡനം

വിഷകിരണമേറ്റു പുകഞ്ഞടങ്ങാതെ

നാദം നിലയ്ക്കാത്ത നിനാദം, ധരിത്രി

 

ഭാരം ചുമന്നും ചുമടുതോള്‍ മാറ്റിയും

പാരം വിയര്‍ത്തും കുളിര്‍ മേലണിഞ്ഞും

ക്ലേശം സഹിയ്ക്കുന്നു പാതിയില്‍, എങ്കിലും

തിമിര്‍ ഘോഷങ്ങളോടെ മറുപാതി നില്ക്കും

കാറ്റുരയ്ക്കും കാതില്‍ പതുക്കെ, തോള്‍ തട്ടി

നീറ്റുനോവിത്തിരി കടമെടുത്തോടിയകലും

ഇരവിന്നൊരു പകല്‍, ജനനത്തിനു മൃതി

നിലയ്ക്കില്ല സമയത്തിന്‍ കാല്‍ പ്പെരുക്കങ്ങള്‍

ഇല്ല നീലിമ ചോരില്ല, നഖച്ചിന്തില്‍

പടരില്ല കൂരിരുള്‍, ഏശില്ല കണ്ണേര്‍

 

പരിരംഭണത്തിന്റെ മോഹങ്ങള്‍ ബാക്കി-

വെച്ചര്‍ക്കചന്ദ്രന്‍മാര്‍ പ്രണയം പൊഴിയ്ക്കുമ്പോള്‍

ഇരുട്ടുമുക്കിത്തുവര്‍ത്തിത്തുടയ്ക്കുന്നു അംബ

മര്‍ത്ത്യജന്മം പോലെ, മഹാകാവ്യം പോലെ

 

 

(ധൂസര വെളുത്തവള്‍, നിമീലനം ഗ്രഹണം)

2021, ഡിസംബർ 17, വെള്ളിയാഴ്‌ച

കോരപ്പനാലിലെ കൊറ്റികള്‍

 കോരപ്പനാലിലെ കൊറ്റികള്‍ക്ക്

വെളുത്ത ചിറകുകള്‍ മാത്രമല്ല,

വെളുത്ത മനസ്സുമുണ്ടായിരുന്നെന്ന് പഴമക്കാര്‍

ഞണ്ടുകളിറുക്കാത്ത കഴുത്തുമായ്  കൊറ്റികള്‍

ചിറകു വിരിച്ച് പറക്കുമായിരുന്നത്രേ

ബോധോദയത്തിന്നഴകിയന്ന ഏഴിന്‍ കൂട്ടങ്ങളായ്

 

പാതയരുകിലെ വിഷലിപ്തങ്ങളായ നാട്ടുമാക്കൂട്ടങ്ങള്‍

അര്‍ബ്ബുദമൊളിപ്പിച്ച കണ്ണിമാങ്ങക്കോമ്പലകളുടെ

നാട്ടുചുനയാല്‍ പൊള്ളുന്ന ലേലം

ശബ്ദകലയുടെ പരുക്കന്‍ കറകറപ്പുമായ്  കൊറ്റിക്കലമ്പലുകള്‍

ഇടയ്ക്കിടെയിറ്റും കാഷ്ഠത്തിന്‍ കഠിനഗന്ധം

വലിയവായില്‍ക്കരയുന്ന കൊറ്റിക്കുഞ്ഞുങ്ങളുടെ നിവേദനം

പതിയെയൊഴിഞ്ഞു പോം യാത്രികക്കാത്തിരിപ്പുകള്‍

എല്ലാം ഭൂതകാലത്തിന്റെ സ്മരണയിലെ അവശിഷ്ട ശേഷിപ്പുകള്‍

 

അന്നും.....

കൊറ്റിക്കൂട്ടങ്ങളെന്നും പരപരാ വെളുപ്പില്‍

പറന്നിറങ്ങി ഇരതേടിയിരുന്നത്രേ

 

ഇന്നും കാണാം....

നഞ്ഞു മണക്കും നട്ടപാടത്തിന്‍ വരമ്പില്‍

ശ്വാസം നിലച്ച്, ചേറു മണമില്ലാത്ത, ഇറുകിയ ഞണ്ടുകള്‍,

സൂര്യകോപത്തില്‍ത്തിളയ്ക്കും വെള്ളച്ചൂടില്‍ച്ചത്തുമലച്ച

കാലുപോയ, വിഷം കുടിച്ച  തവളകള്‍,

മഞ്ഞുതുള്ളിപോല്‍ ചാറ്റിയ വിഷദവൃഷ്ടിയില്‍ക്കുളിച്ച

പുഴുക്കള്‍, പാറ്റകള്‍, പുല്‍ച്ചാടികള്‍

പരമാര്‍ത്ഥമറിയാതെ വിശപ്പകറ്റും കൊറ്റികള്‍,

മരവിച്ച ശരീരങ്ങളായ് വയലിന്‍ മിത്രങ്ങള്‍;

സുകൃത പുണ്യക്ഷയം

 

ഇണ ചേര്‍ന്ന് ചേര്‍ന്നിട്ടും വമിയ്ക്കും ഷണ്ഡബീജങ്ങള്‍

അണ്ഡം നിലച്ച പെണ്‍ കൊറ്റികളുടെ  ഗര്‍ഭപാത്രങ്ങള്‍

കുറ്റിയറ്റുപോമെന്നുറപ്പായ ബകകുടുംബങ്ങള്‍

പരദേശം നോക്കിപ്പറന്നു ചേക്കേറി, ഇരട്ടിപ്പിനായ്

തിരിഞ്ഞു നോക്കീടാതെ, കോരപ്പനാലെന്ത് പിഴച്ചാവോ?

 

കാലം കോരപ്പനാലിന്റെ പേരുണക്കി

പതുക്കെ അടര്‍ത്തിക്കളഞ്ഞു

പേരുപോയ കോരപ്പനാലിലിന്ന് കൂടുകൂട്ടുന്നു

ശക്തരായ ദേശാടനക്കിളികള്‍

വികസനക്കുതിപ്പുമായെത്തി മണ്ണുമാന്തികള്‍,

ദേശാടനക്കിളികള്‍ക്ക് ദേശപ്രശ്നമില്ലല്ലോ?

 

മണ്ണുപോയ് ആലിന്‍റെ വേരുണങ്ങും മുമ്പെ

വിറകുവെട്ടികള്‍ വാള്‍പ്പിടിയില്‍ പിടിയുറപ്പിയ്ക്കും മുമ്പെ

ഇല പഴുത്ത നാടിന്‍ ചരിത്രം മാഞ്ഞുപോകും മുമ്പെ

കോരപ്പനാലും കടന്നൂ മൂന്നുംകൂടിയോടം”; വിലപിയ്ക്കരുതേ

 

മാറണം നാമധേയം, മാറ്റിയൊട്ടിയ്ക്കണം

പുത്തനാം പണക്കൂറ്റിന്‍ പളപളാരവപ്പേര്‍

അപ്പോഴും......

അതിമോഹമാണെന്നറിയാമെന്നിട്ടും,

പറിച്ചു നട്ടാലും കിളിര്‍ത്തു തളിരിടുന്ന ആലില്‍ ചേക്കേറി

കൂടുകൂട്ടി, മുട്ടയിട്ട്, വംശപരമ്പരകളായ്........

ഒരു ആശയാണ്......

മറ്റു പതിതരെ മറന്നാലും.....എന്നാലും....


2021, ഡിസംബർ 16, വ്യാഴാഴ്‌ച

പാഴ് കൊടുങ്കാറ്റുകളുടെ കഠോര മൌനങ്ങള്‍

ദൈവത്തിന്റെ സ്വന്തം നാട്ടിലെയ്ക്കുള്ള

ചുരം കടന്നപ്പോള്‍ കാറ്റിന്നു മൌനം;

ഇക്കാറ്റിപ്പോഴും കൊടുങ്കാറ്റു തന്നെ

 

ചുഴി കഴച്ചിട്ടില്ല; സ്വനപേടകം അടഞ്ഞിട്ടില്ല,

പക്ഷേ; ഇക്കര തോട്ടനേരം തൊട്ടേ കാറ്റു മൌനിയായ്

 

അടി തുരന്ന്, വെടിക്കോപ്പ് നിറച്ച

പര്‍വ്വത ശിഖരങ്ങള്‍ നില്‍പ്പുണ്ട്;

എല്ലാമറിഞ്ഞിട്ടും കണ്ണടച്ചിരുട്ടുമായ്

ആസന്നമായ അന്ത്യവിധിയും കാത്ത്

 

കാറ്റ് പരതുകയാണ്, എവിടെ പതുങ്ങണം?

 

കാറ്റു പിടിയ്ക്കുന്ന കരിമ്പനകളെ ഒഴിവാക്കണം,

മുഴം കയറില്‍ തൂക്കിയ നിസ്സഹായ കൌമാരങ്ങളിന്മേലാടിയ

കൊടിയ പീഡനത്തിന്റെ  കഥയ്ക്ക് കാതോര്‍ക്കരുത്,

പ്രണയം കുരുക്കിയ മതോന്മാദത്തിന്മേല്‍ ആളരുത്,

വംശവെറി വെട്ടിനുറുക്കിയ പ്രണയച്ചിതകളില്‍ നിന്നും 

കനല്‍ക്കട്ടകള്‍ കാറ്റില്‍ പറക്കരുത്,

വിശന്ന വയറിനെച്ചതച്ച ഹാലിളക്കത്തില്‍ കാറ്റിടരുത്,

വണ്ടി കേറാതെ വിണ്ട പാലത്തിന്മേല്‍ പതിയ്ക്കരുത് ,

പിറന്ന നാടിനെ പള്ളു പറയുന്ന തൊള്ളയില്‍ മുള്ളരുത്

സല് പേര് വേണ്ടേ? മാനം തോടേണ്ടെ ?

 

കാറ്റ് പേടിച്ചിരിയ്ക്കുന്നു; പേര് കൊടുങ്കാറ്റെന്നാണെങ്കിലും

 

കണ്ണുരുട്ടും മെരട്ടും ഊരുവിലക്കും ഏഷണിയും ഭയന്ന്

ചെള്ളയ്ക്കടി, വടിവാള്‍ വെട്ട് മുറകളില്‍ മനസ്സൊന്നാന്തി  

ആള്‍സഞ്ചാരം നിലച്ച ഊടുവഴികളിലൂടെ

കാറ്റ്, പതുക്കെ കിഴക്ക് നിന്ന് പടിഞ്ഞാട്ട്;

പിന്നീട് ദിശ മാറ്റി, വായ് മൂടി, തെക്കോട്ട് നീങ്ങുകയാണ്

ഇഷ്ടപാത്രമാവേണ്ടേ? താമ്രപത്രം അനവധി

കൈനീട്ടി ഏറ്റു  വാങ്ങേണ്ടേ? ജീവനാംശം വേണ്ടേ?

സല് പേര് വേണ്ടേ?

 

 ഇടയ്ക്കിടയ്ക്കോരോ ചീറ്റല്‍, ചുഴി തീര്‍ക്കല്‍

ആളും തരവും നോക്കി, കയ്യടി മേടിച്ച്

കൊളുത്തിയ സന്ധ്യാദീപങ്ങളെ പുച്ഛിച്ച് ഊതിക്കെടുത്തി

ഊരി ഉറയിലിടാത്ത വാള്‍ ബോധനങ്ങള്‍ക്കു മുമ്പില്‍ ഓച്ഛാനിച്ച്

ചിലപ്പോള്‍ ചൂലില്‍ക്കയറി, മറ്റുചിലപ്പോള്‍

ചവറുകൂനകള്‍ ക്കൊപ്പം രക്തം ഊറ്റുന്ന ചുഴലിയായ്

ഇക്കാറ്റങ്ങനെ സവാരി ചെയ്യുകയാണ്

ഓരോ ശീമസല്‍ക്കാരവും മതി മറന്നുണ്ട്

ദേശത്തിനൊത്ത പ്രസക്തനായ്

കാറ്റ് സ്വയം തെക്കോട്ടെടുക്കുകയാണ്

സല് പേര്  വേണ്ടേ?

 

ഇനിയുമുണ്ടൊരുപാട് കാഴ്ചകള്‍

തോരണം പിന്നിത്തുടങ്ങിയ വാടിയ ജീവത്സമരങ്ങള്‍

മുട്ടിലിഴയും യൌവനം, ഒഴിഞ്ഞ തൊട്ടിലാട്ടുന്ന അമ്മമാര്‍

ഫണം വിരിച്ച കാമം വിളമ്പുന്ന ലഹരി വിരുന്നുകള്‍

ആശയ വൈരം ചാര്‍ത്തിക്കൊടുക്കപ്പെട്ട വധകേളികള്‍;

അനാഥമാക്കപ്പെട്ട തരുണയൌവനങ്ങള്‍, ബാല്യങ്ങള്‍

അക്ഷരമാല അറിയാത്ത വിജ്ഞ്യാന വൈതാളികഘോഷണങ്ങള്‍  

........

അങ്ങനെ....അങ്ങനെ...

എണ്ണിയാലൊടുങ്ങാത്ത കാഴ്ചകള്‍, പത്തിയുയര്‍ത്തണോ?

കാറ്റൊന്ന് ശങ്കിച്ചു

പക്ഷെ, എവിടെയും കാവല്‍ക്കാരുണ്ടല്ലോ..

പത്തിയ്ക്കടിയ്ക്കുവാന്‍ പത്തലുമായ് നില്‍പ്പുണ്ട്

ന്യായീകരണത്തൊഴിലാളികള്‍, വാടകക്കൊലയാളികള്‍

എന്തിനാ പൊല്ലാപ്പ്? സല് പേര് വേണ്ടേ? പ്രാണനും....

 

കണ്ടില്ലെന്നു നടിയ്ക്കാം, ഇനിയും യാത്രയുണ്ടേ... നേരം ഇരുട്ടട്ടേ..

രാത്രിയുടെ നിഴല്‍ പറ്റി, ജീനു കെട്ടി

അവാര്‍ഡ് നിശ പറ്റാം, സല് പേര് വേണ്ടേ?   

 

നിറഞ്ഞ സദസ്സിലൂടെ അരങ്ങിലെത്തി

ഒന്ന് ആഞ്ഞു നിശ്വാസമുതിര്‍ത്തു 

കാറ്റ് ചുറ്റും നോക്കി

 

നിറയെ പേരേഴും കൊടുങ്കാറ്റുകള്‍, ഒക്കെ മൌനികള്‍

തന്നെപ്പോലെ, കൈ നിറയെ പതക്കങ്ങള്‍

മൌനത്തിന്‍ പാരിതോഷികങ്ങള്‍

 

പെട്ടെന്ന് കാറ്റിന്ന് വെളിപാട് വന്നു

താനൊരു കൊടുങ്കാറ്റല്ലേ? വീശിയടിയ്ക്കേണ്ടേ?

ഗര്‍ജ്ജിയ്ക്കേണ്ടേ? ആളനവധി ഉണ്ടല്ലോ

നാലാളറിയേണ്ടേ?

 

എന്നാല്‍.....ഇനി....

മേലോട്ടുയരണം

വടക്കോട്ടു നോക്കണം

ഉറക്കെ, മലര്‍ ക്കെ , അമറണം, അലറണം

സല് പേര് വേണ്ടേ?