ബ്ലോഗ് ആര്‍ക്കൈവ്

2021, ഡിസംബർ 17, വെള്ളിയാഴ്‌ച

കോരപ്പനാലിലെ കൊറ്റികള്‍

 കോരപ്പനാലിലെ കൊറ്റികള്‍ക്ക്

വെളുത്ത ചിറകുകള്‍ മാത്രമല്ല,

വെളുത്ത മനസ്സുമുണ്ടായിരുന്നെന്ന് പഴമക്കാര്‍

ഞണ്ടുകളിറുക്കാത്ത കഴുത്തുമായ്  കൊറ്റികള്‍

ചിറകു വിരിച്ച് പറക്കുമായിരുന്നത്രേ

ബോധോദയത്തിന്നഴകിയന്ന ഏഴിന്‍ കൂട്ടങ്ങളായ്

 

പാതയരുകിലെ വിഷലിപ്തങ്ങളായ നാട്ടുമാക്കൂട്ടങ്ങള്‍

അര്‍ബ്ബുദമൊളിപ്പിച്ച കണ്ണിമാങ്ങക്കോമ്പലകളുടെ

നാട്ടുചുനയാല്‍ പൊള്ളുന്ന ലേലം

ശബ്ദകലയുടെ പരുക്കന്‍ കറകറപ്പുമായ്  കൊറ്റിക്കലമ്പലുകള്‍

ഇടയ്ക്കിടെയിറ്റും കാഷ്ഠത്തിന്‍ കഠിനഗന്ധം

വലിയവായില്‍ക്കരയുന്ന കൊറ്റിക്കുഞ്ഞുങ്ങളുടെ നിവേദനം

പതിയെയൊഴിഞ്ഞു പോം യാത്രികക്കാത്തിരിപ്പുകള്‍

എല്ലാം ഭൂതകാലത്തിന്റെ സ്മരണയിലെ അവശിഷ്ട ശേഷിപ്പുകള്‍

 

അന്നും.....

കൊറ്റിക്കൂട്ടങ്ങളെന്നും പരപരാ വെളുപ്പില്‍

പറന്നിറങ്ങി ഇരതേടിയിരുന്നത്രേ

 

ഇന്നും കാണാം....

നഞ്ഞു മണക്കും നട്ടപാടത്തിന്‍ വരമ്പില്‍

ശ്വാസം നിലച്ച്, ചേറു മണമില്ലാത്ത, ഇറുകിയ ഞണ്ടുകള്‍,

സൂര്യകോപത്തില്‍ത്തിളയ്ക്കും വെള്ളച്ചൂടില്‍ച്ചത്തുമലച്ച

കാലുപോയ, വിഷം കുടിച്ച  തവളകള്‍,

മഞ്ഞുതുള്ളിപോല്‍ ചാറ്റിയ വിഷദവൃഷ്ടിയില്‍ക്കുളിച്ച

പുഴുക്കള്‍, പാറ്റകള്‍, പുല്‍ച്ചാടികള്‍

പരമാര്‍ത്ഥമറിയാതെ വിശപ്പകറ്റും കൊറ്റികള്‍,

മരവിച്ച ശരീരങ്ങളായ് വയലിന്‍ മിത്രങ്ങള്‍;

സുകൃത പുണ്യക്ഷയം

 

ഇണ ചേര്‍ന്ന് ചേര്‍ന്നിട്ടും വമിയ്ക്കും ഷണ്ഡബീജങ്ങള്‍

അണ്ഡം നിലച്ച പെണ്‍ കൊറ്റികളുടെ  ഗര്‍ഭപാത്രങ്ങള്‍

കുറ്റിയറ്റുപോമെന്നുറപ്പായ ബകകുടുംബങ്ങള്‍

പരദേശം നോക്കിപ്പറന്നു ചേക്കേറി, ഇരട്ടിപ്പിനായ്

തിരിഞ്ഞു നോക്കീടാതെ, കോരപ്പനാലെന്ത് പിഴച്ചാവോ?

 

കാലം കോരപ്പനാലിന്റെ പേരുണക്കി

പതുക്കെ അടര്‍ത്തിക്കളഞ്ഞു

പേരുപോയ കോരപ്പനാലിലിന്ന് കൂടുകൂട്ടുന്നു

ശക്തരായ ദേശാടനക്കിളികള്‍

വികസനക്കുതിപ്പുമായെത്തി മണ്ണുമാന്തികള്‍,

ദേശാടനക്കിളികള്‍ക്ക് ദേശപ്രശ്നമില്ലല്ലോ?

 

മണ്ണുപോയ് ആലിന്‍റെ വേരുണങ്ങും മുമ്പെ

വിറകുവെട്ടികള്‍ വാള്‍പ്പിടിയില്‍ പിടിയുറപ്പിയ്ക്കും മുമ്പെ

ഇല പഴുത്ത നാടിന്‍ ചരിത്രം മാഞ്ഞുപോകും മുമ്പെ

കോരപ്പനാലും കടന്നൂ മൂന്നുംകൂടിയോടം”; വിലപിയ്ക്കരുതേ

 

മാറണം നാമധേയം, മാറ്റിയൊട്ടിയ്ക്കണം

പുത്തനാം പണക്കൂറ്റിന്‍ പളപളാരവപ്പേര്‍

അപ്പോഴും......

അതിമോഹമാണെന്നറിയാമെന്നിട്ടും,

പറിച്ചു നട്ടാലും കിളിര്‍ത്തു തളിരിടുന്ന ആലില്‍ ചേക്കേറി

കൂടുകൂട്ടി, മുട്ടയിട്ട്, വംശപരമ്പരകളായ്........

ഒരു ആശയാണ്......

മറ്റു പതിതരെ മറന്നാലും.....എന്നാലും....


2021, ഡിസംബർ 16, വ്യാഴാഴ്‌ച

പാഴ് കൊടുങ്കാറ്റുകളുടെ കഠോര മൌനങ്ങള്‍

ദൈവത്തിന്റെ സ്വന്തം നാട്ടിലെയ്ക്കുള്ള

ചുരം കടന്നപ്പോള്‍ കാറ്റിന്നു മൌനം;

ഇക്കാറ്റിപ്പോഴും കൊടുങ്കാറ്റു തന്നെ

 

ചുഴി കഴച്ചിട്ടില്ല; സ്വനപേടകം അടഞ്ഞിട്ടില്ല,

പക്ഷേ; ഇക്കര തോട്ടനേരം തൊട്ടേ കാറ്റു മൌനിയായ്

 

അടി തുരന്ന്, വെടിക്കോപ്പ് നിറച്ച

പര്‍വ്വത ശിഖരങ്ങള്‍ നില്‍പ്പുണ്ട്;

എല്ലാമറിഞ്ഞിട്ടും കണ്ണടച്ചിരുട്ടുമായ്

ആസന്നമായ അന്ത്യവിധിയും കാത്ത്

 

കാറ്റ് പരതുകയാണ്, എവിടെ പതുങ്ങണം?

 

കാറ്റു പിടിയ്ക്കുന്ന കരിമ്പനകളെ ഒഴിവാക്കണം,

മുഴം കയറില്‍ തൂക്കിയ നിസ്സഹായ കൌമാരങ്ങളിന്മേലാടിയ

കൊടിയ പീഡനത്തിന്റെ  കഥയ്ക്ക് കാതോര്‍ക്കരുത്,

പ്രണയം കുരുക്കിയ മതോന്മാദത്തിന്മേല്‍ ആളരുത്,

വംശവെറി വെട്ടിനുറുക്കിയ പ്രണയച്ചിതകളില്‍ നിന്നും 

കനല്‍ക്കട്ടകള്‍ കാറ്റില്‍ പറക്കരുത്,

വിശന്ന വയറിനെച്ചതച്ച ഹാലിളക്കത്തില്‍ കാറ്റിടരുത്,

വണ്ടി കേറാതെ വിണ്ട പാലത്തിന്മേല്‍ പതിയ്ക്കരുത് ,

പിറന്ന നാടിനെ പള്ളു പറയുന്ന തൊള്ളയില്‍ മുള്ളരുത്

സല് പേര് വേണ്ടേ? മാനം തോടേണ്ടെ ?

 

കാറ്റ് പേടിച്ചിരിയ്ക്കുന്നു; പേര് കൊടുങ്കാറ്റെന്നാണെങ്കിലും

 

കണ്ണുരുട്ടും മെരട്ടും ഊരുവിലക്കും ഏഷണിയും ഭയന്ന്

ചെള്ളയ്ക്കടി, വടിവാള്‍ വെട്ട് മുറകളില്‍ മനസ്സൊന്നാന്തി  

ആള്‍സഞ്ചാരം നിലച്ച ഊടുവഴികളിലൂടെ

കാറ്റ്, പതുക്കെ കിഴക്ക് നിന്ന് പടിഞ്ഞാട്ട്;

പിന്നീട് ദിശ മാറ്റി, വായ് മൂടി, തെക്കോട്ട് നീങ്ങുകയാണ്

ഇഷ്ടപാത്രമാവേണ്ടേ? താമ്രപത്രം അനവധി

കൈനീട്ടി ഏറ്റു  വാങ്ങേണ്ടേ? ജീവനാംശം വേണ്ടേ?

സല് പേര് വേണ്ടേ?

 

 ഇടയ്ക്കിടയ്ക്കോരോ ചീറ്റല്‍, ചുഴി തീര്‍ക്കല്‍

ആളും തരവും നോക്കി, കയ്യടി മേടിച്ച്

കൊളുത്തിയ സന്ധ്യാദീപങ്ങളെ പുച്ഛിച്ച് ഊതിക്കെടുത്തി

ഊരി ഉറയിലിടാത്ത വാള്‍ ബോധനങ്ങള്‍ക്കു മുമ്പില്‍ ഓച്ഛാനിച്ച്

ചിലപ്പോള്‍ ചൂലില്‍ക്കയറി, മറ്റുചിലപ്പോള്‍

ചവറുകൂനകള്‍ ക്കൊപ്പം രക്തം ഊറ്റുന്ന ചുഴലിയായ്

ഇക്കാറ്റങ്ങനെ സവാരി ചെയ്യുകയാണ്

ഓരോ ശീമസല്‍ക്കാരവും മതി മറന്നുണ്ട്

ദേശത്തിനൊത്ത പ്രസക്തനായ്

കാറ്റ് സ്വയം തെക്കോട്ടെടുക്കുകയാണ്

സല് പേര്  വേണ്ടേ?

 

ഇനിയുമുണ്ടൊരുപാട് കാഴ്ചകള്‍

തോരണം പിന്നിത്തുടങ്ങിയ വാടിയ ജീവത്സമരങ്ങള്‍

മുട്ടിലിഴയും യൌവനം, ഒഴിഞ്ഞ തൊട്ടിലാട്ടുന്ന അമ്മമാര്‍

ഫണം വിരിച്ച കാമം വിളമ്പുന്ന ലഹരി വിരുന്നുകള്‍

ആശയ വൈരം ചാര്‍ത്തിക്കൊടുക്കപ്പെട്ട വധകേളികള്‍;

അനാഥമാക്കപ്പെട്ട തരുണയൌവനങ്ങള്‍, ബാല്യങ്ങള്‍

അക്ഷരമാല അറിയാത്ത വിജ്ഞ്യാന വൈതാളികഘോഷണങ്ങള്‍  

........

അങ്ങനെ....അങ്ങനെ...

എണ്ണിയാലൊടുങ്ങാത്ത കാഴ്ചകള്‍, പത്തിയുയര്‍ത്തണോ?

കാറ്റൊന്ന് ശങ്കിച്ചു

പക്ഷെ, എവിടെയും കാവല്‍ക്കാരുണ്ടല്ലോ..

പത്തിയ്ക്കടിയ്ക്കുവാന്‍ പത്തലുമായ് നില്‍പ്പുണ്ട്

ന്യായീകരണത്തൊഴിലാളികള്‍, വാടകക്കൊലയാളികള്‍

എന്തിനാ പൊല്ലാപ്പ്? സല് പേര് വേണ്ടേ? പ്രാണനും....

 

കണ്ടില്ലെന്നു നടിയ്ക്കാം, ഇനിയും യാത്രയുണ്ടേ... നേരം ഇരുട്ടട്ടേ..

രാത്രിയുടെ നിഴല്‍ പറ്റി, ജീനു കെട്ടി

അവാര്‍ഡ് നിശ പറ്റാം, സല് പേര് വേണ്ടേ?   

 

നിറഞ്ഞ സദസ്സിലൂടെ അരങ്ങിലെത്തി

ഒന്ന് ആഞ്ഞു നിശ്വാസമുതിര്‍ത്തു 

കാറ്റ് ചുറ്റും നോക്കി

 

നിറയെ പേരേഴും കൊടുങ്കാറ്റുകള്‍, ഒക്കെ മൌനികള്‍

തന്നെപ്പോലെ, കൈ നിറയെ പതക്കങ്ങള്‍

മൌനത്തിന്‍ പാരിതോഷികങ്ങള്‍

 

പെട്ടെന്ന് കാറ്റിന്ന് വെളിപാട് വന്നു

താനൊരു കൊടുങ്കാറ്റല്ലേ? വീശിയടിയ്ക്കേണ്ടേ?

ഗര്‍ജ്ജിയ്ക്കേണ്ടേ? ആളനവധി ഉണ്ടല്ലോ

നാലാളറിയേണ്ടേ?

 

എന്നാല്‍.....ഇനി....

മേലോട്ടുയരണം

വടക്കോട്ടു നോക്കണം

ഉറക്കെ, മലര്‍ ക്കെ , അമറണം, അലറണം

സല് പേര് വേണ്ടേ?

 

2021, ഡിസംബർ 10, വെള്ളിയാഴ്‌ച

പ്രണയം-നിരുപാധികം

 

മാതൃരാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്യുന്ന ഓരോ സൈനികനും വേണ്ടി

  

നിന്‍ നിറനിലാവില്‍പ്പതിഞ്ഞ സൂര്യകളങ്കങ്ങള്‍

തണുത്തുറഞ്ഞ സിരകളില്‍ ഭയാനക ശൂന്യത

പാതിരാക്കോഴി തന്‍ നിലയ്ക്കാത്ത കൂവല്‍

കേള്‍പ്പതില്ലേ നീ?  ഞെട്ടിയുണരുന്നതെന്തിന്?

 

പണ്ടൊരു ധര്‍മ്മയുദ്ധത്തില്‍, പുകളെഴും

ചക്രവ്യൂഹത്തിന്‍ നടുവിലകപ്പെട്ടൊരു കുമാരനെ

മാതുലര്‍, മുത്തശ്ശന്‍മാര്‍, മതികെട്ട ഭ്രാതാക്കള്‍

വട്ടം ചേര്‍ന്നു വെട്ടിയരിഞ്ഞത്രേ കൊടും പകയോടെ

 

ഇന്ന് ഞാനെന്‍ പുലര്‍സ്വപ്നത്തില്‍ക്കാണുന്ന-

രപ്പട്ടയില്‍ കെട്ടിവെച്ചൊരു മൃത്യുവിന്‍ ദാരുണ ദൂതന്‍

പാഞ്ഞടുക്കുന്നെന്‍റെ വാഹനവ്യൂഹത്തിന്‍ മുമ്പില്‍

കലിയടങ്ങാത്ത കഠോര ഭീരുത്വത്താല്‍ സ്വേദസ്നാനന്‍

 

മുളയിലേ നുള്ളാത്ത അരുതിന്‍ വശംവദന്‍

തീക്കട്ടയില്‍ പൊതിഞ്ഞ വാഗ്ദത്ത സ്വര്‍ഗാരോഹി

പ്രാണന്‍ വിലയ്ക്കെടുക്കപ്പെട്ട വിശുദ്ധനാം വീരനായ്

വിമൂകനായ്, ഗൂഢസ്മിതത്താല്‍ ഒടുങ്ങുവാന്‍ വന്നവന്‍

 

കിനാവല്ല; എന്‍ മുന്നില്‍ക്കാണുന്നവനെ,സ്സമയമില്ലെ-

തിരിടുവാന്‍ പോലും; പൊട്ടിച്ചിതറുന്നഗ്നിഗോളം           

വെടിച്ചില്ലൊരായിരം ചീറിയടുക്കുന്നൊന്നെന്‍ ചങ്കില്‍-

ത്തറച്ചെന്‍ രുധിരമിറ്റുമ്പോള്‍ അരുത്, നീര്‍വാര്‍ക്കരുത്

 

നിമിഷാര്‍ദ്ധമേയുള്ളൂ എന്‍ ശ്വാസം നിലയ്ക്കുവാന്‍

ഇന്നലെ നീയെനിയ്ക്കയച്ച നിന്‍റെയും മോന്‍റെയും മുഖങ്ങള്‍,

വാര്‍ന്നു പോകുന്നോരീ ജീവനില്‍ സ്ഥൈര്യമായ്

ആചന്ദ്രതാരം വിരിയും വിടരും മതി മയങ്ങാതെ

 

 

കോടി പുതച്ചൊരെന്‍ അസ്ഥിഖണ്ഡങ്ങളില്‍-

പ്പുതഞ്ഞൊരു നെടുവീര്‍പ്പുമായ് ത്രിവര്‍ണ്ണയാം അംബ

തിരിച്ചടിയ്ക്കുമൊരുനാള്‍, നീ കാക്കുക; പ്രണയിയ്ക്കുക

വിടരുമൊരു വസന്തം; ഉയരുമൊരു കുയിലിന്‍ കൂജനം

2021, നവംബർ 21, ഞായറാഴ്‌ച

നീലക്കൊടുവേലി

 

അജ്ഞാത ദൈവത്തിന്‍ കുരിശും പേറിക്കൊണ്ട്

പിറവിയടുത്ത പാപങ്ങള്‍ തന്‍ ചുടുനീരുറവുകളില്‍

കലക്കലിന്‍ ചുവയേന്തി, ഉദയാസ്തമയങ്ങള്‍ താണ്ടുന്നോ-

രുന്നൊരുണ്മയെതേടിയലഞ്ഞെത്തിയിവനീ മല തന്‍ മിനാരങ്ങളില്‍

 

പിന്നിട്ട വഴികള്‍ തന്‍ ശൂന്യത

വിഴുപ്പേന്തിയ അടിമയിലഴിയും രൂക്ഷമാം ശവനാറ്റം

പഴുത്തളിഞ്ഞ വ്രണങ്ങളില്‍ തോണ്ടി വീണമീട്ടും

നീറോചക്രവര്‍ത്തി തന്‍ ഉപരോധം

 

ഇവയുടെ ദുഃഖസ്മൃതികളില്‍ മുങ്ങിത്തപ്പി

ഒരുഷ്ണക്കാറ്റിന്‍ പൊട്ടിച്ചിരിയായ്

ഓടിമറയുന്നൊരു രാവിന്‍റെ തേങ്ങലായ്

അവന്‍റെ മരുപ്പച്ചകള്‍ മങ്ങി മറയുന്നു

 

അവന്‍ ഉറങ്ങുകയായ്

നെടുവീര്‍പ്പിന്‍ താളമിടും തെങ്ങോലകളുടെ

പോറലേറ്റ തണലിന്‍റെ ചിറകില്‍ ചേക്കേറുന്ന

പക്ഷി തന്‍ കലമ്പലില്‍, അവന്‍റെ നിദ്രയിലെ വഞ്ചന

ഗര്‍ഭമായ്, ഒരുണര്‍ത്തുപാട്ടിന്‍ വിഹ്വലതയായുണര്‍ന്നു

 

ആയുധാഗ്രത്തിന്നുഗ്രത കഴുത്തില്‍വാങ്ങിയ പുത്രനായ്

അവന്‍ സട കുടഞ്ഞുറങ്ങി

ഉറയും കിനാവിന്‍ ബോധശൂന്യത

ലാവയായ്, കുന്നായ്, ഒടുക്കം ഒരു വിളനിലമായ് നിരക്കവേ

നിലാവിന്‍ മുഴുപ്പവനേകീ ഭ്രാന്തമാം അവബോധം

വീണ്ടും സട കുടഞ്ഞവന്‍

 

മേഘചുംബിത പര്‍വ്വതശിഖരത്തില്‍

കഷ്ടനഷ്ടങ്ങള്‍ തന്‍ കോടിയുറപ്പിക്കുവാന്‍ വെമ്പും

ദേവര്‍ഷി തന്‍ മിഥ്യാബോധമായവന്‍

ഗ്രീഷ്മവിഹ്വലതയില്‍ വേരുണങ്ങിയ

വൃക്ഷശൂന്യവനത്തിലൂടെ പ്രയാണം തുടര്‍ന്നവന്‍

 

ചിതലെടുത്തൊരാ ദേവദാരുക്കളില്‍

ഇരയാമിണയ്ക്കായ് കാക്കും ചിലന്തിയും

ഇന്ദ്രിയജ്ഞാന ദാതാവാം മാറാലയും

പെരുവഴി ക്ഷേത്രമായ് തീരവേ

അഗ്രഹാരത്തിന്‍റെ ഇരുട്ടിന്‍റെ മൂലകള്‍

രതിമൂര്‍ച്ഛയില്‍ വിയര്‍പ്പിലൊട്ടിക്കിടക്കവേ 

 

അവന്‍റെ സിരകളെയുറക്കിക്കരിയ്ക്കും നഞ്ഞരിയ്ക്കുന്നതും

പച്ചയാം പ്രാണനെ വല ഞെരിയ്ക്കുന്നതും കണ്ട്

പുകച്ചുരുള്‍ പടച്ചട്ടയിട്ട കൊച്ചു മാലാഖമാര്‍ വന്ന്

ചുഴറ്റിയെറിയുന്നീ രുദ്രമന്ത്രക്കുരുതികള്‍

 

കുരുതി തന്‍ സംഹാര താളത്തില്‍

ഉടുക്കില്‍ നിന്നുതിരുന്ന അക്ഷര ശ്രുതികളില്‍

കനവാര്‍ന്ന ഹൃത്തിന്‍റെ രോഗലയവുമായ്

വീണ്ടും പ്രയാണം തുടര്‍ന്നവന്‍

 

കെട്ട നിണമണം പേറും ശിലകള്‍

ഒറ്റുകാരന്‍റെ തീര്‍പ്പുകിട്ടാക്കടങ്ങള്‍ പോലസ്ഥിഖണ്ഡങ്ങള്‍

ജീവന്‍റെ മാംസങ്ങള്‍ ചൊരിയും പേമാരികള്‍

ഏകാന്തപഥികനെ ശിരോകവചമണിയിയ്ക്കും ശീതക്കാറ്റുകള്‍

 

എല്ലാം താണ്ടിക്കടന്നവന്‍, മല തെണ്ടി മുടി കേറി

കൊടി നാട്ടി കുടു കുടെ കിതപ്പാറ്റിച്ചിരിപ്പവന്‍

 

പെട്ടെന്നൊരു ഞൊടി താഡനം

ഒളിമിന്നല്‍ കാലിന്‍റെയാഴത്തില്‍ വെട്ടുന്നു

കാല്ക്കീഴില്‍ മഞ്ഞിളകി കാലിടറിയുലയുന്നു

കാഹളം മുഴക്കി ഇടിനാദമലറുന്നു

 

കുതറിയോടും മഞ്ഞുപാളിതന്‍ പലായനം

ഒരു നിര്‍മ്മോഹ പ്രവാഹം പോല്‍ അവനിലാവേശിയ്ക്കുന്നു

 

മന്തുകാല്‍ മാറ്റിയ ഭ്രാന്തന്‍റെ പാറയായ്

വ്യഥിതന്‍റെ നീലക്കൊടുവേലി വള്ളിയായ്

കലക്കുപുഴയിലെ ചുഴികളില്‍ നീരാടി

ഇല്ലിപ്പടര്‍പ്പിന്‍റെ കനകരഥമേറി, മുങ്ങാങ്കുഴിയിട്ട്

കാലദേശങ്ങള്‍ക്കുമപ്പുറം കൃതാര്‍ഥനായ്  

ശാന്തിമന്ത്രവുമുരുവിട്ടെത്തുന്നിവന്‍ സരിത്തില്‍

 

വീണ്ടും രജസ്വലയാകുന്നു മാനം

ആര്‍ത്തയായ് രക്തം കുടിച്ചാര്‍ത്തലയ്ക്കുന്നൂ കടല്‍

ശാപഗ്രസ്തമായലറുന്നീ ത്രിസന്ധ്യയും

 

 

( നീലക്കൊടുവേലി ഒരു മിത്താണ്.  ചെമ്പോത്ത് കൂട് നിര്‍മ്മിയ്ക്കുന്നത് ഈ വള്ളി വെച്ചാണെന്നും അത് ലഭിച്ചാല്‍ എല്ലാ ഐശ്വര്യവും ലഭിയ്ക്കുമെന്നും ഒരു വിശ്വാസമാണ്.)

2020, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

ഭൂതാടനം

ഭൂതകാലത്തിൻ ചിറകരിഞ്ഞെങ്ങുപോം
മനോരഥത്തിൻ ഗതിയറ്റ യാനം?

കണ്ടു മോഹിച്ച കാഴ്ചകൾക്കപ്പുറം
വിണ്ടുകീറുന്ന രമണ മനോജ്ഞകൾ
ആണ്ടുകൾ തെണ്ടി നൊണ്ടും ദിനങ്ങളായ്
തുണ്ടു തുണ്ടായ്പ്പിന്നുന്ന ജീവിതം

ശണ്ഠതീർക്കാൻ പറ്റാതെ പോയതാം
കുണ്ഠിതപ്പെട്ട കലഹങ്ങളോരോന്നും
ജാള്ള്യലേശം തെല്ലുമില്ലാത്ത വാശിയിൽ
കളിയും ചിരിയും മാഞ്ഞുപോയ് പാടേ

അറ്റുപോകുന്ന കണ്ണികളോരോന്നും
ഇറ്റുവീഴുന്ന കണ്ണുനീർത്തുള്ളികൾ
തെറ്റുതെറ്റെന്ന് തുള്ളിത്തുറക്കുമ്പോൾ
തെറ്റുകാരെല്ലാം ഊറ്റം പറയുന്നു

കടലാസു പെൻസിലിൻ മുനയൊടിഞ്ഞിരിയ്ക്കുന്നു
കോറിയിട്ട ചിത്രച്ചുമരുകൾ കുതിർന്നടരുന്നു
കുഞ്ഞുബാല്യങ്ങളിൽ കോരിയിട്ട വൈരങ്ങൾ
കുടഞ്ഞെറിയുന്നു കറവീണ മാർത്തടം

എത്ര ശുഭദിനമാശംസിച്ചെന്നാലും
എത്തിപ്പിടിയ്ക്കുവാൻ ദൂരങ്ങളെത്രയോ?
കാത്തുനില്ക്കുവാൻ കാലങ്ങളില്ലെന്ന്
ഓർത്തുവെയ്ക്കുവാൻ ദിനങ്ങളില്ലിനി