ബ്ലോഗ് ആര്‍ക്കൈവ്

2024, മാർച്ച് 3, ഞായറാഴ്‌ച

നിന്ദയും ശിക്ഷയും

 രക്തദാഹം മുഴുത്ത യൌവ്വനക്കൊഴുപ്പുകള്‍

തിക്ത ലജ്ജാഹീനം ശിലകള്‍; മനസ്സുകള്‍

ഗുപ്ത ശോകം പോലും അറയ്ക്കുന്ന കണ്‍കളാല്‍

കൊത്തിപ്പറയ്ക്കുന്നു, കൂടിയാര്‍ക്കുന്നു നിശ്ശങ്കം

 

ക്രൌര്യം കൂരിരുള്‍ കത്തിച്ചു കല്‍പ്പിയ്ക്കുന്നു

കുനിഞ്ഞ ശിരസ്സൊടിയ്ക്കുവാന്‍ കാരിരുമ്പു പാശം

കുടല്‍ വറ്റി ഊര്‍ദ്ധ്വന്‍ ഭീതിയാല്‍ വറ്റുന്നു

ഒടിഞ്ഞ അരപ്പട്ട പിടികളെശ്ശപിയ്ക്കുന്നു

 

ഇരയിവന്‍, മാടറവു തോറ്റു പോം നീതി

സിര-മര്‍മ്മ കൂപങ്ങള്‍ തുളച്ചിറങ്ങുന്ന താഡനം

പേരിന്നു പോലും ഒരിറ്റു നീര്‍ കൊടുക്കാത്ത

ആരാച്ചാര്‍ കൂട്ടമോ സമത്വ സാഹോദര്യര്‍?

 

കുറ്റമാം മൌനത്താല്‍ ശരിവച്ച സഹപാഠികള്‍

അറിയാത്ത ഭാവത്തില്‍ അദ്ധ്യാപകര്‍’, എറാന്‍ മൂളികള്‍

പാപലേശം പോലും തീണ്ടാത്ത വിചാരണ

തുലച്ചു കളഞ്ഞല്ലോ നികൃഷ്ടരേ, ഒരു പച്ചയാം പ്രാണനെ

 

അമ്പിളി കാട്ടി ഒപ്പിവടിച്ചൂട്ടി വളര്‍ത്തിയൊരോമന

അന്നമില്ലാത്ത വയറുമായ് മൂന്നു നാള്‍ ബന്ധിതന്‍

അടിയേറ്റ്, മുടി ചിന്നി, നാഭിക്കുഴല്‍ വീങ്ങി വേച്ചും

അമ്മയറിയാതെ, അച്ഛനറിയാതെ, ചോര്‍ ന്നൊഴിഞ്ഞൂ ജഡമായ്

 

നിയതി, നീയറിയണം; കയ്പുനീരല്ലിത്

നാള്‍ക്കുനാള്‍ കുത്തിക്കയറ്റിയ കടും വിഷം

ചോര നീലച്ച കുഷ്ഠമാനസഭ്രാന്തന്മാരിവര്‍

ഒന്നു പത്തായ് പെരുകുന്ന കടന്നല്‍ക്കൂട്ടം

വടക്കുമാത്രം നോക്കിക്കുരയ്ക്കുന്ന ശ്വാനവൃന്ദം

സ്തുതി പാടി കാലയാപനം ചെയ്യും പാഠകപ്പൊട്ടര്‍

തിരശ്ശീല ചുറ്റി നഗ്നതയൊളിപ്പിയ്ക്കും നടനകാന്തര്‍

ഹാ ! പ്രബുദ്ധം; ദൈവത്തിന്‍ കൈത്തെറ്റാര്‍* പൊറുക്കാന്‍?

 

ഇനിയരുത്; ഇടിച്ചു നിരത്തണം കൊലക്കലി-

കാഹളം മുഴക്കുന്ന അറവുശാലകള്‍

മായണം; കെട്ട ചോരയുണങ്ങാത്ത വാട

നിന്ദയും ശിക്ഷയും നരഭോജം നിറുത്തണം

 

 

* കേരളം ദൈവത്തിന്റെ സ്വന്തം നാട്

അഭിപ്രായങ്ങളൊന്നുമില്ല: