ബ്ലോഗ് ആര്‍ക്കൈവ്

2024, മാർച്ച് 31, ഞായറാഴ്‌ച

എട്ടിലെ ആമയും വ്യാകുലതകളും

 

ഏട്ടിലുള്ളാമയും മുയലുമെല്ലാം

പണ്ടൊക്കെ പന്തയം വെച്ചിരുന്നു

പന്തയപ്പാതിയില്‍ മുയലുറങ്ങി

ആമയ്ക്ക് വിജയം കൊടുത്തിരുന്നു

മുയലിന്നഹങ്കാരമീക്കഥയില്‍

തോറ്റുപോമെന്നതോ ഗുണപാഠമായ്

കുഞ്ഞുമനസ്സുകളാര്‍ത്തു കൊണ്ടേ

ഉച്ചത്തിലൊന്നായ് പഠിച്ചിരുന്നൂ

 

എണ്ണത്തില്‍ വമ്പര്‍ മുയല്‍പ്പറ്റങ്ങള്‍

നാണിച്ചു പൊത്തിലൊളിച്ചിരിപ്പായ്

നാണം മുഴുത്തവര്‍ നാളില്‍ നാളില്‍

നൂറു തരമായ് തമ്മില്‍ തെറ്റി

 

കാല് വെളുത്തവര്‍, ചെവി കൂര്‍പ്പിച്ചവര്‍,

നരച്ച മുയലുകള്‍, മേനി വെളുത്തവര്‍,

ചന്ദ്രനില്‍ ചാടിയോര്‍, കാട്ടു മുയലുകള്‍,

വീട്ടില്‍ വളര്‍ന്നവര്‍, അങ്ങനെ അങ്ങനെ.......

 

കൂട്ടത്തിലൂറ്റം നടിച്ചൊരുവന്‍

കാടറിയാനായി കാടു തെണ്ടി

കൂട്ടത്തില്‍ നാട്ടിലും ഊര് തെണ്ടി

കദനം പലതും കലക്കി മോന്തി.

കലത്തെ കലക്കും കഥകള്‍ കേട്ടാ-

ക്കാട്ടുമുയലിന്‍ ഉള്ളുടഞ്ഞു

 

തിരികെത്തി തന്‍ കാട്ടില്‍ തമ്പടിച്ചു

ഏടു വിടുവാന്‍ തീര്‍ച്ചയാക്കി

പരിണാമഗുപ്തരാം ആമവീരര്‍

അപ്പൊഴും ഹുങ്കാല്‍ മദിച്ചു നിന്നു

 

കട്ടിപ്പുറന്തോടും മൊട്ടയുമായ്

നാടാകെ മുയലിനെ പരിഹസിച്ചു

കാടാകെ മൂക്കത്തു വിരലു വെച്ചു

മുയല്‍പ്പറ്റമൊക്കവേ നിസ്സംഗരായ്

 

ഏടു മറിയ്ക്കുന്ന കാടരും നാടരും

പന്തയനാളു കുറിച്ചു പോലും..!!!

മുയലിനോ പന്തയം?”, സന്ദേഹമായ്

നെറ്റി ചുളിച്ച് കളി പറഞ്ഞു

 

പന്തയത്തിന്‍ വിസില്‍ മുഴങ്ങിയപ്പോള്‍

ആമയോ ഏട്ടില്‍ത്തുടര്‍ന്നു നീങ്ങി

മേട്ടിലിറങ്ങി മുയലു പാഞ്ഞു

തന്‍മട്ടിലൊട്ടും കെറുവില്ലാതെ

പന്തയസ്ഥാനത്ത്  പ്രഥമനായി

എത്തീ ശശകന്‍* ശങ്കയെന്യേ

ആമച്ചാരപ്പൊഴും ആരവമായ്

തപ്പിത്തുടിച്ചൂ അകമ്പടിയാല്‍

 

കാടിളകി, ആനന്ദ നൃത്തം ചവിട്ടി,

സ്തബ്ദരായ് മുയലുകള്‍, പിന്നെ ജയാരവം

കാട്ടരചന്‍ മുയലിനെ ആശ്-ളേഷിച്ചൂ

പരിവാരമൊക്കവേ ആമോദമായ്

മാലകള്‍, പൂച്ചെണ്ടു തോരണങ്ങള്‍...

മാലകള്‍, പൂച്ചെണ്ടു തോരണങ്ങള്‍...

 

അപ്പൊഴും......

പഴയ പാഠപുസ്തകക്കെട്ടുമായ് ആമയും സഹജരും

ചതി...ചതി... എന്നാക്രോശിച്ചു കണ്ണുരുട്ടിച്ചാടി,

പിന്നെ കണ്ണു മുറുക്കിയടച്ചു നില്‍പ്പായ്....

പാതിയില്‍ത്തന്നെ.....

 

·      ശശകന്‍ - മുയല്‍

അഭിപ്രായങ്ങളൊന്നുമില്ല: