ബ്ലോഗ് ആര്‍ക്കൈവ്

2025, ജൂൺ 10, ചൊവ്വാഴ്ച

വയലെത്തിയ വഴിപോക്കൻ

 

നടന്നൂ, തളർന്നൂ, വീടെത്താൻ നേരമിനിയുമേറെ

ചൂടാർന്ന മീനമാസം, വയലിടം വഴിവക്കിൽ

വേനലും വറ്റിച്ചെടുക്കുന്നു അധിനിവേശപ്പച്ചകൾ

നിത്യഗർഭത്താൽ വയലിൻ പഞ്ചമിത്തോറ്റം

 

വയലിന്റെ പന്തിരുകുലവും കെട്ടുപോയെന്ന്

മാങ്കുല കരിഞ്ഞ മാവിന്റെ വെട്ടേറ്റ തായ് ത്തടി

തുമ്പികൾ താണിട്ടും ചായാത്ത പാഴ്ച്ചെടി

കൊഴിയുന്ന മുട്ടകൾ വിഴുങ്ങും പരുക്കേറ്റ പരൽക്കൂട്ടം

 

വയലല, പണ്ടേ ചാമ്പലാക്കപ്പെട്ട കലാശാല

നേരിന്റെ നോവുകളെയടർത്തി, യന്ത്രമൂട്ടി, തീ-

ത്തണർപ്പുകൾ പൊട്ടി, ചലം ചീറ്റിച്ചവശപുഷ്ടി-

കളിലുപ്പിട്ടു തരിശു ഛർദ്ദിച്ച കുലഹത്യ

 

മാപിനികളസംഖ്യം പെരുകി, പിന്നെയോരോന്നും

വായ് പൂട്ടുവാൻ നിഷ്ക്കർഷിച്ചു, കുറ്റിവേരുമറുത്തു

മുറ്റിയ കറുകയും തുമ്പയും, വേരറ്റ കഞ്ഞുണ്ണി-

യാദിയും, മഞ്ഞച്ച വരമ്പിൻ മണം കെട്ടു

 

യുദ്ധാവശേഷനായീ വയൽ, പോർ കെട്ട

കാലത്ത് മണ്ണും മരിച്ചുപോയ്, ഇനിയിവിടെ

അമ്ലം കുടിച്ച്, അഞ്ചിന്ദ്രിയങ്ങളും കരിഞ്ഞ

കരിഞ്ഞൊട്ടിയ കുടൽ മാത്രം, കരിക്കട്ട ജന്മം

 

ഇതൊരു യുഗാന്ത്യം, കലപ്പ തീയിട്ടു,

കൈക്കോട്ടിൻ കാഞ്ഞിരപ്പിടിയൊടിച്ചു

വിഷുച്ചാലിട്ടു, ഗർഭജലവുമൂറ്റി നിറച്ചു കെട്ടി

മണ്ണിൻ മാനസതാരിടം മെതിയ്ക്കുന്ന കാഴ്ച്ചകൾ

 

തളർച്ച തീർക്കുവാനെത്തിയതെങ്കിലും മിത്രമേ

തെല്ലും തങ്ങുവാനൊരിടം കാണുന്നതില്ലെങ്ങും

ഇടതൂർന്ന ആധികളല്ലാതെ, രോഗശയ്യകളല്ലാതെ,

വേവുന്ന ആവിയും വെയിലിൻ കടുത്ത നോട്ടവും

2025, ഏപ്രിൽ 24, വ്യാഴാഴ്‌ച

ദൃഢപ്രജ്ഞ


സത്യത്തെ മൂടുന്നു ജല്പനം

തോരാതെ പെയ്യിയ്ക്കും തീമഴ

ഇനിയും പുലരാത്ത ദേശദീനം

ഇനിയെത്ര നാള്‍ വരെ കാക്കണം?

 

തോക്കെടുപ്പിയ്ക്കും സമാധാന ബോധനം

ഛേദം തിരയുന്ന നന്‍മയുടെ ഓത്തുകള്‍

കണ്ണടച്ചിരുട്ടാക്കും ബൌദ്ധിക വേതാളങ്ങള്‍

വീണു പിടയുന്നു നിസ്വര്‍, നിരാധീനര്‍

 

താണിറങ്ങിപ്പടരാന്‍ ശ്രമിച്ച സ്വര്‍ഗ്ഗ-

രേണുക്കള്‍ പുതഞ്ഞ മണ്ണിലെ വിഷവളം

അംശഭുക്കാ1യ് അംഗവസ്ത്രവുമണിഞ്ഞെത്തി

ദണ്ഡനമനുശാസിയ്ക്കുന്നു; കോമ്പല്ലു കാണിയ്ക്കുന്നു

 

മുറ്റത്തെ മുല്ലയുടെ മണമുണ്ട്, മതി കെട്ടി,

മറ്റുള്ള വീടിന്റെ ലാവണം മറയാക്കി

പല്ലിട കുത്തി നാറ്റിച്ച് കല്മഷം പരത്തി

പുര കത്തിച്ചും കുത്തി നോവിച്ചും അകനിന്ദകര്‍2

 

തച്ചു തകര്‍ക്കണം, വെട്ടി മുറിയ്ക്കണം, അഴുകി -

അളിഞ്ഞൊരീ അശാന്തിയുടെ ഉയിര്‍പ്പുകള്‍

പെരുമഴപ്പെയ്ത്തിലും അശനിപാതത്തിലും

ചോരാത്ത സ്ഥൈര്യമായ് തലയെടുപ്പോടെ

വിളിയ്ക്കുക, വിളിയ്ക്കുക, എട്ട് ദിക്കുകള്‍ പൊട്ടു-

മാറുച്ചതിലൊന്നായ് ഭാരതാംബയ്ക്ക്  "ജയ് ഹിന്ദ്"...

 

1      -  പങ്ക് പറ്റുന്നവര്‍

2      -  ഉള്ളില്‍ വെറുപ്പ് സൂക്ഷിച്ച് പുച്ഛിയ്ക്കുന്നവര്‍