ബ്ലോഗ് ആര്‍ക്കൈവ്

2017 ജനുവരി 25, ബുധനാഴ്‌ച

നാട്ടിലും വീട്ടിലും

നാട്ടിലെനിയ്ക്ക് വിശുദ്ധനായേ പറ്റൂ
നാട്ടിലെ വിശുദ്ധി വീട്ടിൽക്കിട്ടാൻ പാട്

നാടെനിയ്ക്കൊരു പാഠശാലയാകുന്നു
വീട്ടുപേരിൻ പ്രയോക്താവാകാൻ പറയുന്നു
വീട്ടുമുറിയ്ക്കുള്ളിലെ നാട്യസാധകം മുഴുമിച്ച്
അപ്രിയഭാവങ്ങളൊരു കൂട്ടിലടച്ചു വെച്ച്
വീട്ടിൽച്ചാർത്തിക്കിട്ടാത്ത വിശുദ്ധി മോഹിച്ച്
നാട്ടിലാകമാനം ചുറ്റിക്കറങ്ങുന്നു

പൊയ്പ്പോയ വത്സരങ്ങളെ വായിച്ച് നെടുവീർപ്പിടാതെ
തിരുത്തിയും വെട്ടിയും പിന്നെയും തിരുത്തിയും
വന്ധ്യംകരിയ്ക്കപ്പെട്ട വ്രണിത മാനങ്ങളും
ചൂടുപിടിയ്ക്കുന്ന ചകിത രോഷങ്ങളും മറികടന്ന്
വാസരസന്ധ്യകളുടെ സിന്ദൂരച്ചാർത്ത് കണ്ടാനന്ദിച്ച്
വിശുദ്ധിയുടെ വിഭൂതിയ്ക്കായി വറളികൾ തീർക്കട്ടെ

ചുറ്റിലും ഗോളങ്ങളുണ്ടാകാം, ഉപഗോളങ്ങളും
ധൂമകേതുവിൻ വാൽ തിരയും കൗമാരതൃഷ്ണകളും
കിഴക്കുകായ്ച്ചു നില്ക്കും നെല്ലിമരത്തിന്നിലച്ചാർത്തുകളൂളിയിട്ട്
കുറിയതെന്നു തോന്നിയ്ക്കും നക്ഷത്രക്കണ്ണിറുക്കലും
തൊട്ടതെല്ലാം പഴിയാകുന്ന പ്രാരബ്ധക്കലികളും
ഇതിനെല്ലാമിടയ്ക്കായി വിശുദ്ധി തേടും ബിംബന്യാസങ്ങളും

എന്തു വന്നാലും എനിയ്ക്ക് വിശുദ്ധനായേ പറ്റൂ
ഇനിയുള്ള കാലമെങ്കിലും വിശുദ്ധി തെളിയണം
പനിപ്പൊള്ളലും മൂർച്ഛയും പോലും ദൈവം കേറലാകണം
കഴിഞ്ഞ കാലത്തിന്റെ പേരുദോഷം മറയണം
ജീവത്സരണികൾ ചൂടായ് സൗരഭ്യം വിളമ്പണം
മൃതിനാളങ്ങൾക്കൊപ്പം വിശുദ്ധിയുടെ ആവിഗന്ധം പരക്കണം


2017 ജനുവരി 18, ബുധനാഴ്‌ച

അക്ഷരക്കെടുതി

പക്ഷസാഹിത്യത്തിന്റെ രണാങ്കണങ്ങളിൽ
പക്ഷമറ്റ ജടായു പോൽ വീണ വാക്കുകൾ
അക്ഷപടലങ്ങൾ മൂടാതെ കിടക്കുന്നു
അക്ഷമയോടെ ശാപമോക്ഷങ്ങളും കാത്ത്

എന്തെന്തു വെട്ടുകൾ, കുത്തുകൾ, പുലഭ്യങ്ങൾ
അസ്ത്രശസ്ത്രങ്ങൾ, ഒടുങ്ങാത്ത ബഹളങ്ങൾ
വസ്ത്രാക്ഷേപവിവശയായി വേണിയറ്റ്
ചാന്തു പരന്ന് കിടക്കുന്നു വാണീദേഹം

നിറം കൊടുത്തുല്ലസിച്ചൊരു കൂട്ടരങ്ങായ്;
ചറം വാർത്ത് കോപ്പ മോന്തുന്നു മറ്റേത്തല
മുറം വീശിപ്പതിരു പാറ്റുന്നൂ ഭീതിയോ-
ടറം പറ്റും സ്വയംകൃതാനർത്ഥ വിയർപ്പിൽ

സ്വയം പുകഴ്ത്തുന്നിതു കൂട്ടങ്ങളൊന്നിച്ച്
ഇകഴ്ത്തിയുമാട്ടിയും നാറും ഫലിതമോടെ
പടി കടത്തുന്നു പിണ്ഡവും വെയ്ക്കുന്നു
പുതുനാമ്പുമായെത്തും പുത്തൻ കൂറ്റുകളെ

എട്ടണ വീതിച്ചെടുക്കേണമെല്ലാർക്കും
ഒട്ടു മുക്കാലും നിരക്ഷരപ്രഭൃതികൾ
കുക്ഷി നിറയുകിൽ കാഷ്ഠിച്ച് ഇരപ്പാക്കും
മറ്റുള്ളോരാരും അവിടെയിരിയ്ക്കരുത്

നീറും മിടിപ്പിതിൽ മനം മടുക്കുന്നുവോ
അക്ഷരപ്പിശകായി ഭീതിദമൗനങ്ങൾ
അക്ഷരമാലകൾ കൊഴിയും അനർത്ഥങ്ങൾ
വീക്ഷണമറ്റു ഗളച്ഛേദത്തിൽ ബുദ്ധിയും

വാക്കിന്റെ ദേവിയ്ക്കും വാണി നിലച്ചു പോയെ-
വിടെയും വാഴുന്നു ദത്തായ മഹത്ത്വങ്ങൾ
വേദികൾ, വായനാമൂലകൾ, എന്തധികം;
പ്രശസ്തി മടക്കൽ, ദത്തിന്റെ വിഹാരങ്ങൾ

അടിയന്തിരമായി ആസ്പത്രി കേറ്റുക
ശസ്ത്രക്രിയാ സംഹിത സഹിതമായ് കീറി-
മുറിച്ചോരോ അംഗവും മാറ്റിപ്പണിയുക
വാണീദേവിയ്ക്ക് ചികിത്സയൊന്നാട്ടെ

2017 ജനുവരി 5, വ്യാഴാഴ്‌ച

അച്ഛനെന്ന വിളിപ്പേർ

മൺമറഞ്ഞശരീരികളായിപ്പോയ
അച്ഛന്മാർ സഭ ചേർന്നു; സമ്മേളിച്ചു
പരസ്പരം പരിചയം പുതുക്കി; പരിചയപ്പെട്ടു

വേവലാതികൾ; പായാരം പറച്ചിൽ
നർമ്മചിന്തകൾ; അങ്ങനെ നേരം പോയി
പെട്ടെന്ന് എല്ലാരും ഒരു നിമിഷം ഞെട്ടി

തങ്ങളുടെ നിലപാടുതറകളൊന്നായ് തോണ്ടപ്പെടുന്നതും
ആണ്ടറുതികളിൽ ആഘോഷങ്ങൾ കൊടിയേറിയിങ്ങുന്നതും
തങ്ങളെതിരിട്ട വൈരുദ്ധ്യങ്ങളൊന്നായ് വലിയ വായിൽ നില്ക്കുന്നതും കണ്ടു

മുമ്പന്നെത്തേക്കാൾ ഊറ്റമുള്ള ദംഷ്ട്രകൾ
മുന്നെക്കണ്ടതിനേക്കാൾ തിളങ്ങും വർണ്ണതോരണങ്ങൾ
മുച്ചാൺ വയർ വിജൃംഭിയ്ക്കും കുമ്പക്കുടങ്ങൾ

തങ്ങൾ അരൂപികളായിട്ടു കൂടി പാർക്കാനിടമില്ല;
പുറത്തു വരാത്ത ശബ്ദങ്ങൾക്ക് ഉച്ചഭാഷിണി
അദൃശ്യരായിട്ടു കൂടി തൊഴുത്തിൽക്കെട്ടുവാനാവേശം

വാവിട്ടു നിലവിളിയ്ക്കാനാകുന്നില്ല
ഒരിറ്റു ദാഹജലം ഇറക്കാനാവതില്ല
അരുതെന്നു പറയാൻ കൈപൊക്കാനാവതില്ല

എങ്കിൽ, കുറച്ച് മണലിലെഴുതാനാഞ്ഞ്
സഭ നിർത്തി മോതിരവിരൽ ഊന്നിയപ്പോൾ കേട്ടു;
“അച്ഛനെന്ന വിളിപ്പേർ പോരെ? ഒന്നു പോയാട്ടെ”

ആകാശഗംഗകൾക്കിടയിൽ, പരലോകത്ത്
ആഴിപ്പരപ്പുകളിലെ അലമാലകളിൽ മറയുമ്പോൾ
അശരീരികൾ പറഞ്ഞു; “മക്കളേ, വെറുതെ വിട്ടേയ്ക്കുമോ ഞങ്ങളെ?”


2017 ജനുവരി 2, തിങ്കളാഴ്‌ച

പുതുവർഷത്തിലേയ്ക്ക്

വരൂ, നമുക്ക് മരണങ്ങളാഘോഷിയ്ക്കാം
ശവങ്ങളുടെ പടവടുക്കുകൾ കയറാം
ശ്രവണനയനബാഹുല്യ വേദനകളനുഭവിയ്ക്കാം
ശവപ്പറമ്പുകളിൽ മെഴുകു കൊടി നാട്ടാം

എന്തെന്നാൽ, ജീവിതം മെഴുകാകണം
ഉരുകിയൊലിച്ച് തിരിമാത്രം കത്തിയമരണം
മരണമെന്ന നിതാന്തസത്യത്തിലേയ്ക്കടുത്ത്
അക്കങ്ങളുടെ കലണ്ടറിൽ ചുവപ്പ് വീഴ്ത്തണം

നമ്മൾ, കാലാവധി തീരുന്ന ജീവിയ്ക്കുന്ന കലണ്ടറുകൾ
കഴിഞ്ഞുപോയ ദിനാന്ത്യസ്മരണകളുടെ ഓർമ്മപ്പെടുത്തലുകൾ
വെറുമൊരു കടലാസിന്റെ ആലേഖനങ്ങളായ്
ജനിമൃതികൾക്കൊപ്പം നീങ്ങുന്ന കാലത്തിന്റെ കഴുമരങ്ങൾ

ഓരോ കഴുമരവും കാത്തിരിയ്ക്കുന്നു
ഭൂതകാലത്തിനായ് കൊലക്കയറുകൾ പിരിച്ച്
ഓരോ കൊലക്കയറും കാത്തു നില്ക്കുന്നു
പിടയുന്ന പ്രാണന്റെ മരണശ്വാസങ്ങൾക്കായി

ശ്വാസവേഗങ്ങൾക്കപ്പുറം പായുന്ന കാലം
കാലം വറ്റിച്ച കനിവുറവകളുടെ നീർപ്പാടുകൾ
വരണ്ട നീർച്ചാലുകളുടെ ഊഷരപ്രണയരോദനങ്ങൾ
ഇവയ്ക്കെല്ലാമിടയിലായ് ……
ബഹുവാക്കല്ലാതെ മരണം.
പുതുവർഷം..
മരണങ്ങളിൽ നിന്നും..മരണങ്ങളിൽ നിന്നും……

പുതുവർഷം.