ബ്ലോഗ് ആര്‍ക്കൈവ്

2016, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

ചിതാരവം

ചിത നടുവമർന്നൂ കത്തി, ബന്ധങ്ങളും;
സാഹോദര്യം വണ്ടി കയറി പല ദിക്കിലായ്
പൊട്ടിയ മൺകുടപ്പൊട്ടിൽ നിന്നെറ്റിച്ച
നീർത്തുള്ളിയാവിയായ് തീയെത്താതെ
വായ്ക്കരി കരിഞ്ഞൂ, നീലച്ചു പഷ്ണിക്കഞ്ഞി
നാലു ദിക്കും പിരിഞ്ഞ കർമ്മബന്ധ വേർപ്പാടിൽ

നേരമില്ലൊരുത്തർക്കും പങ്കിടാൻ താപത്തെ
ദൂരമൊട്ടു ചെന്നിരുന്നൊറ്റയായ് ദുഃഖിച്ചിടും
കരഞ്ഞും, കണ്ണീരുണങ്ങി മുഖം വാടിയും
തപ്തനിശ്വാസ വേഗത്തിൻ കമ്പനം നെഞ്ഞേറിയും
ചിതവണ്ടി ചാഞ്ഞു കത്തീ, വേഗമാകട്ടെ ദഹനം
നട്ടുച്ചയാണിപ്പോൾ, കാറ്റും തീക്കാറ്റു തന്നെ
മണൽ വറ്റി പടു കയറിയ ഉരുളൻ കല്ലു തീരം നോവിയ്ക്കുന്നു
അപ്പുറം തേങ്ങുന്നൂ സഹശുശ്രൂഷ സാഹോദര്യം
ജഡബിംബമായ് മനസ്സറ്റ മിഴികളും
കഴിഞ്ഞില്ലേ നൂൽപ്പാലമിട്ട ജന്മബന്ധം
ഇനി ആരാരായാൻ സൗഖ്യവും ദുഃഖവും
ഇനിയാർ കയർക്കും പരിരക്ഷാ ന്യൂനത്തെ, കുറ്റമായ്

എല്ലാർക്കുമിനി താൻ വഴി, തൻ വഴി, സ്വകീയ സഞ്ചാരം
പതുക്കെ, അറിയാതെ കൂമ്പട്ടെ മിഴികൾ
നനവോരം പറ്റി പീലികൾ മറയ്ക്കട്ടെ ഉൾവേദന
ഇനിയെത്ര നേരമൊന്നിരിയ്ക്കണം വീർപ്പുമുട്ടി
സ്വയം ചിരിയ്ക്കാം, കരയാം, മൗനിയാകാം
ബന്ധമൗനങ്ങൾക്ക് മാപ്പുസാക്ഷിയായ്
ആയുസ്സിന്നറ്റം വരെ കൂടേറി മൊഴി നല്കാം
എന്നിരുന്നാലുമൊരു ചോദ്യം ഉന്നയിയ്ക്കാമോ,

വേർപ്പാടുകൾ വേറിടുമോ ചോരനീരിൻ വാർത്തടങ്ങളെ?

4 അഭിപ്രായങ്ങൾ:

Bipin പറഞ്ഞു...

അനിവാര്യമായതു സംഭവിക്കുന്നു. അതിനനുസരിച്ചു മനുഷ്യൻ മാറുന്നു.

Bipin പറഞ്ഞു...

കവിത കൊള്ളാം

സുധി അറയ്ക്കൽ പറഞ്ഞു...

അനിവാര്യതയെ അംഗീകരിക്കാതിരിക്കാൻ കഴിയില്ലല്ലോ.നല്ല കവിത തന്നെ.ആശംസകൾ!!!

Gopikrishnan Vappala പറഞ്ഞു...

ആസ്വാദനങ്ങൾക്ക് ഒരു പാടു നന്ദി.....