ബ്ലോഗ് ആര്‍ക്കൈവ്

2014, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

അതിരുകൾ

കാണുന്നിടത്തെല്ലാം അതിരുകൾ മാത്രം
കാണാത്തിടങ്ങളിൽ അദൃശ്യമാം വിലക്കുകൾ
പിരിമുറുക്കങ്ങളുടെ അനന്തമാം വേലിയേറ്റിറക്കങ്ങൾ
ഇടംവലം തിരിയുവാനാകാത്ത പൊരുൾച്ചുറ്റിൻ മഹാമഹം

കാടുകൾക്കതിരുകൾ
മേടുകൾക്കതിരുകൾ
ലിംഗഭേദങ്ങൾക്കതിരുകൾ
സമവായ കേളികൾക്കതിരുകൾ
അതിരുകൾ, പതിരുകൾ
എണ്ണിയാലൊടുങ്ങാത്ത വേർത്തിരുവുകൾ

തുറന്നിട്ട ജാലകപ്പഴുതിലൂടെ നോക്കുമ്പോൾ
കണ്ണെത്താ ദൂരം മുഴുക്കെ വരമ്പുകൾ,, അതിരുകൾ
കണ്ണടച്ചിരുട്ടാക്കുവാൻ വെമ്പുമ്പോൾ
മനസ്സിന്നകത്തും അറകെട്ടുന്നയതിരുകൾ

കരുതലിൽ, വായ്പിൽ, തീർപ്പിൽ
കലഹങ്ങളിൽ, മുഖം വീർപ്പിൽ
ആവശ്യത്തീരാമഴയിൽ
ചെളിയുറയ്ക്കാതൊലിച്ചിറങ്ങുന്ന തരം തിരിവുകൾ, അതിരുകൾ

മണിയടിച്ചെത്തുന്ന ദിനപത്രം പേറുന്നു
പക്ഷപാതം വമിയ്ക്കുന്ന വാർത്തകൾ, അതിരിട്ട്
വായിച്ചു മനസ്സു കെട്ട് വിവശനായ്
തീൻമേശയ്ക്കു മുന്നിൽ പ്രാതലിനെത്തുമ്പോൾ
അവിടെയും ഇല്ലായ്മ ചേർത്തു വേവിച്ച അതിരുകൾ

ഇനിയെന്തെന്നു പതുക്കെ പുറത്തേയ്ക്കു
തല കുനിച്ച് ദുരഭിമാനം മൂത്തിറങ്ങുമ്പോൾ
എതിരേല്ക്കുന്നു താഴിട്ടു പൂട്ടിയ മുഖങ്ങൾ

അതിരുകൾ വ്യക്തം, പല്ലിളിയ്ക്കാത്ത ദു:ഖസത്യം

2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

കരയാത്ത പാടങ്ങൾ


ഞങ്ങൾ പാടങ്ങൾ ഇനി കരയുകയില്ല
വരൾച്ചയും പ്രളയവും കെടുതി നോവാകുകയുമില്ല
ഞങ്ങളുടെ ഹൃദയവും കരളും വിണ്ടു പൊട്ടുകയില്ല
താത സ്മൃതികളിൽ ഗൃഹാതുരമാകുക തെല്ലുമില്ല

പ്രണയചേഷ്ടകളാരുമ്മി നട്ടു നീങ്ങുന്ന ഇണകളില്ല
കൊയ്ത്തുപാട്ടിൻ ശീലുകൾ തരളിതമാക്കുന്ന വിളവെടുപ്പില്ല
ഞങ്ങൾ വിളയിച്ച വിളവു പോരെന്ന പായാരം മാത്രം
പത്തായമൊഴിഞ്ഞാലും പതം പോരട്ടെന്ന പിടിവാശി മാത്രം

കന്നുപൂട്ടിക്കൊഴുത്ത മണ്ണിന്റെ ഗർഭത്തിൽ
ഗുപ്തമുകുളങ്ങളൊളിപ്പിച്ച വിത്തുകോശങ്ങൾ കെട്ടുപോയ്
വെയിൽ കാഞ്ഞ് മഞ്ഞിൻ നനവു തട്ടി
നല്ല നാളെയെ അന്നമൂട്ടുവാനാകാത്ത ഷണ്ഡരാം വിത്തുകൾ

ഇവർക്കായ് ഇനിയെന്തിനു ഞങ്ങൾ ചേറൊരുക്കണം?
ഇവരുടെ മുറ്റിനും ചിനപ്പിനും എന്തിനു കാവൽ കിടക്കണം?
നാളെ പണ്ടകശാല നിറയ്ക്കുവാൻ മാത്രമായ് വിളയുന്ന ഇവർക്ക്
വാടക ഗർഭപാത്രങ്ങളെന്നോ ഞങ്ങൾ?

കിനാവു കാണാൻ പോലും കെല്പില്ലാത്തവർക്കായ്
സ്വയം വേരാഴ്ത്തിയിട്ടും തീറ്റ തേടാത്തവർക്കായ്
സ്വയരക്ഷയ്ക്കായുള്ള ആർജ്ജവം തരിമ്പുമില്ലാത്തവർക്കായ്
എന്തിനു കരയണം ഞങ്ങൾ, എന്തിനു കരയണം?