ബ്ലോഗ് ആര്‍ക്കൈവ്

2025 ഡിസംബർ 3, ബുധനാഴ്‌ച

തിരുമണപ്പെട്ടി

 നിറമാർന്ന പീലിയോ

നിറം വാർന്ന ചേലയോ

നൂറ്റാണ്ടു കാൽ പൊടിയടരിട്ട പെട്ടി

മടിശ്ശീല തട്ടി തുറന്നൊന്ന് നോക്കി

 

ഇത്തിരി നേരം കണ്ണടച്ചൂ

മണമുദ്വസിച്ചൂ, പഴക്ക് മണക്കുന്നോ?

ഇല്ല, തീരെയില്ല; വാഗ്ദലം

വിറയ്ക്കുന്ന പ്രത്യുത്തരം കേൾപ്പൂ

 

പൊട്ടിയും ചീറ്റിയും പിന്നെയു-

മിണങ്ങിയും പിന്നിട്ട വർഷങ്ങൾ

വായ്പു വീർപ്പിച്ചൊഴിച്ച ബലൂണുകൾ

ഇനിയും ഊതി വീർപ്പിയ്ക്കാൻ എത്ര നാൾ?

 

സാക്ഷിയായ് അഗ്നി; മിഴിത്തിളക്കങ്ങൾ

വഹ്നിയ്ക്കു കാവലാൾ പോർപ്പട

പേടിച്ചിടാത്ത പഗോഡകൾ

വാടികൾ പൂവിട്ട പുഷ്പാനലങ്ങൾ

 

ചാന്തിൻ നറുമണം, കറുപ്പിൻ കൺമഷിക്കൂട്ടും

പതിഞ്ഞു കേൾപ്പൂ കാതങ്ങൾ ദൂരെ

പൈതലിൻ മാലേയ മൃണ്മയ നിസ്വനം

പതിതബോധം വളർത്തും പടർപ്പുകൾ

 

മുറ്റത്തുലാത്തും ക്ഷമയറ്റ ചവിട്ടുകൾ

ഇടയ്ക്കൊന്നുടക്കി കരിനിണം പൊട്ടുന്നു

എന്തിനീ നടത്തം? എവിടെ എത്താനാണ്?

തെല്ലൊന്നു കാതിലുരയുന്നു കാറ്റും

 

തോരാതെ തിരുമണം, കനൽമണം

പൊരുന്നും വാർഷികരേഖകൾ, താന്തം

സന്ദേശവാക്യമായ്, ദിനാന്ത്യത്തിൽ

ദീനം പിടിച്ചൊരു പഥിക സ്വരം നീൾപ്പൂ

 

സിന്ദൂരസ്വപ്നത്തിൻ പഴയിലച്ചാർത്തും

നിരാശപ്പുടവ തൻ കൈതവ നീട്ടവും

ഇടറുന്ന മിഴികൾക്ക്  മനക്കുട മറവും

പുറപ്പെടാവണ്ടിയായ് നിമിഷങ്ങളോടവേ

ആരോട് ചൊല്ലേണ്ടൂ പരിഭവം?

 

പരിദേവനത്തിൻ പട്ടിണിക്കോലമായ്

ഞരമ്പുകൾ ശോഷിച്ച, വിരൂപിച്ച ഇച്ഛയിൽ

സ്വച്ഛന്ദഹത്യയ്ക്കൊരുങ്ങുന്നു മോഹങ്ങൾ

 

മോഹഭംഗത്തിൻ രാത്രി വണ്ടിപ്പാതയിൽ

പൌർണ്ണമിത്തെന്നലിൻ പിഞ്ചു നിലാവൊളി

നറുവെണ്ണ ചാലിച്ചു, ആകാശപ്പൊയ്കയിൽ

വർണ്ണാംശു വറ്റി തേരുറയ്ക്കുന്നു, മൃതപ്രാണം

 

പിറന്നതിൻ പാപമോ?

പരിണയ ശാപമോ?

ജീവിതാവർത്തികൾ തൻ തീർപ്പു ശീട്ടോ?

പൊറുക്കുക; അറിയരുതാരും

 

2025 സെപ്റ്റംബർ 17, ബുധനാഴ്‌ച

വേണ്ടായിരുന്നു

 

പകലറ്റു

ശൂന്യമാം രാത്രി

ഓരടിപ്പാതകൾ

അകലും ചവിട്ടടികൾ

വന്യാഗ്രഗാമിയാം വിജനത

 

വേണ്ടായിരുന്നു വിരുന്നും കുശലവും

പിറകെത്തിരിഞ്ഞുള്ള നോട്ടവും കൈവീശലും

പുല്ക്കൊടിത്തുമ്പിന്നറ്റത്തെ നീർത്തുള്ളി

തൂവാലനൂലിൽ കോർത്തെടുക്കേണമോ ?

 

ഓണം കഴിഞ്ഞു, പൂവിളി മാഞ്ഞുപോയ്

ഉന്മുക്തമാകുന്നു പൂക്കളം, കോലായും

ഒരിത്തിരി ശ്വാസം മിടിയ്ക്കുന്ന മുക്കുറ്റി

വേരറും മുമ്പേ പൂവോന്ന് നീട്ടുന്നോ?

 

ജീവിതാഭകൾ കെട്ടു പോകുന്നെങ്കിലും

തൊട്ടുകൂട്ടുവാൻ വട്ടങ്ങൾ സദ്യയായ്

എരിവും, പുളിയും മധുരവും ചവർപ്പുമായ്

കറികൾ, പായസം,വറവുകൾ, പപ്പടം

തൂമ്പില ചുറ്റും നിരക്കുന്നോരേ ദിനം

നാക്കില രസനയാകുന്നൂ നിനവുകൾ

 

പാതി മയക്കത്തിൽ, പാഴ്ക്കിനാവിൽ

പലരായ് വിരുന്നെത്തുന്നു, നീങ്ങും തിരശ്ശീലകൾ

രാക്കിളിത്തോറ്റമായ് മാവേലി യാത്രയായ്

മൂടുപടമണിഞ്ഞെത്തും ഏകാന്തരാവിൻ നിസ്സംഗത

 

ഓണാനിലാവെട്ടം കണ്ടു മോഹിച്ച

നന്ദ്യാർവട്ടം പൂക്കൾ കൊഴിയ്ക്കുന്നു

മഞ്ഞുതുള്ളിയ്ക്കൊപ്പം മന്ത്രിയ്ക്കുന്നു

മണ്ണിലൊരു കണമായ് മായുമോ ; വിണ്ണായ് പരക്കുമോ

  

2025 ഓഗസ്റ്റ് 16, ശനിയാഴ്‌ച

ഏകാന്ത സേതു

അച്ഛനറിയുന്നു നിൻ ഹൃത്തടം,

ഉള്ളിലുള്ളാന്തലും

 

കോറിത്തരിപ്പിച്ചു കരിയിച്ച

കരച്ചിലുകളുറക്കം നടിയ്ക്കയാം

ഉള്ളം കവിഞ്ഞു ഉറയുന്ന ഓർമ്മകൾ

കവിൾത്തടം കൊണ്ട് നീ

അണകെട്ടി കൺകളാൽ

 

വെട്ടിത്തിരിയുന്ന വാഹനത്തിൻ പിറകിൽ

പൊട്ടിക്കരച്ചിലുമമർത്തിപ്പിടിച്ചു കൊണ്ടാ-

തങ്ക ലീനയായെൻ കൈ അമർത്തുന്നു നിന്നമ്മ;

പതറുന്നു; ഏകാന്ത സേതുവായ് തേങ്ങുന്നു ശുഭ്രാംബു  

താതരോദനം അവിധികല്പിതം

 

വളവു പിന്നിട്ട് മുൻപിൽ നീ പിന്നെയും

ഉയരും മിഴികളിൽ രുദ്ധമാം നാമ്പുകൾ; വീശും വിഷാദം

 

ജീവിതപ്പാതകൾ പലതായ് പിരിഞ്ഞു പോം

പലവഴികളിലൂഴം പിടിയ്ക്കും പതുക്കെ

പിന്നെ, ഇടയ്ക്കിടെ ഓരോ നുറുങ്ങുകൾ, മാത്രകൾ

മുൻപേ നടക്കുന്ന ദിനങ്ങൾ തൻ ഭാസുരം

 

ജനനി, ജനകനും, സോദര നൊമ്പരച്ചൂടും

ശീലം മറക്കാത്ത ജാലകപ്പഴുതുകൾ

ഊണിൽ, ഉറക്കത്തിൽ, ശ്വാസവേഗങ്ങളിൽ

നിദ്രയെത്തഴുകിടാം, തെല്ലൊന്നുണർത്തിടാം

 

പൊൻകിരണങ്ങൾ ചാലിച്ചുഷസ്സിൽ

ബാലാർക്കബിംബം പരിക്രമം തുടരും

ഘടികാര സൂചികൾ മുമ്പോട്ടു പാഞ്ഞിടും

വെയിലേറ്റു വാടാതിരിയ്ക്കുക; വെട്ടിത്തിളങ്ങുക

 

മടക്കയാത്രയിൽ, മഹാജലാശയത്തിൻ നിറവിൽ   

മുഖമൊന്നു മുത്തിയോ ഇളംകുളിർത്തെന്നൽ?

 

ചിന്തയിൽ വീണ്ടുമൊരു കണ്ണീർക്കണം വാർക്കുന്നു;

പാതിയടച്ചിട്ട നിൻ മുറിവാതിലിൻ പുറത്ത്

പമ്മി നില്ക്കുവാനാകുമോ ഇനി അച്ഛനും അമ്മയ്ക്കും

നിഴൽ പടർത്താതെ, നിൻ പുതുചിത്രങ്ങൾ കോറാതെ

 

2025 ജൂൺ 10, ചൊവ്വാഴ്ച

വയലെത്തിയ വഴിപോക്കൻ

 

നടന്നൂ, തളർന്നൂ, വീടെത്താൻ നേരമിനിയുമേറെ

ചൂടാർന്ന മീനമാസം, വയലിടം വഴിവക്കിൽ

വേനലും വറ്റിച്ചെടുക്കുന്നു അധിനിവേശപ്പച്ചകൾ

നിത്യഗർഭത്താൽ വയലിൻ പഞ്ചമിത്തോറ്റം

 

വയലിന്റെ പന്തിരുകുലവും കെട്ടുപോയെന്ന്

മാങ്കുല കരിഞ്ഞ മാവിന്റെ വെട്ടേറ്റ തായ് ത്തടി

തുമ്പികൾ താണിട്ടും ചായാത്ത പാഴ്ച്ചെടി

കൊഴിയുന്ന മുട്ടകൾ വിഴുങ്ങും പരുക്കേറ്റ പരൽക്കൂട്ടം

 

വയലല, പണ്ടേ ചാമ്പലാക്കപ്പെട്ട കലാശാല

നേരിന്റെ നോവുകളെയടർത്തി, യന്ത്രമൂട്ടി, തീ-

ത്തണർപ്പുകൾ പൊട്ടി, ചലം ചീറ്റിച്ചവശപുഷ്ടി-

കളിലുപ്പിട്ടു തരിശു ഛർദ്ദിച്ച കുലഹത്യ

 

മാപിനികളസംഖ്യം പെരുകി, പിന്നെയോരോന്നും

വായ് പൂട്ടുവാൻ നിഷ്ക്കർഷിച്ചു, കുറ്റിവേരുമറുത്തു

മുറ്റിയ കറുകയും തുമ്പയും, വേരറ്റ കഞ്ഞുണ്ണി-

യാദിയും, മഞ്ഞച്ച വരമ്പിൻ മണം കെട്ടു

 

യുദ്ധാവശേഷനായീ വയൽ, പോർ കെട്ട

കാലത്ത് മണ്ണും മരിച്ചുപോയ്, ഇനിയിവിടെ

അമ്ലം കുടിച്ച്, അഞ്ചിന്ദ്രിയങ്ങളും കരിഞ്ഞ

കരിഞ്ഞൊട്ടിയ കുടൽ മാത്രം, കരിക്കട്ട ജന്മം

 

ഇതൊരു യുഗാന്ത്യം, കലപ്പ തീയിട്ടു,

കൈക്കോട്ടിൻ കാഞ്ഞിരപ്പിടിയൊടിച്ചു

വിഷുച്ചാലിട്ടു, ഗർഭജലവുമൂറ്റി നിറച്ചു കെട്ടി

മണ്ണിൻ മാനസതാരിടം മെതിയ്ക്കുന്ന കാഴ്ച്ചകൾ

 

തളർച്ച തീർക്കുവാനെത്തിയതെങ്കിലും മിത്രമേ

തെല്ലും തങ്ങുവാനൊരിടം കാണുന്നതില്ലെങ്ങും

ഇടതൂർന്ന ആധികളല്ലാതെ, രോഗശയ്യകളല്ലാതെ,

വേവുന്ന ആവിയും വെയിലിൻ കടുത്ത നോട്ടവും

2025 ഏപ്രിൽ 24, വ്യാഴാഴ്‌ച

ദൃഢപ്രജ്ഞ


സത്യത്തെ മൂടുന്നു ജല്പനം

തോരാതെ പെയ്യിയ്ക്കും തീമഴ

ഇനിയും പുലരാത്ത ദേശദീനം

ഇനിയെത്ര നാള്‍ വരെ കാക്കണം?

 

തോക്കെടുപ്പിയ്ക്കും സമാധാന ബോധനം

ഛേദം തിരയുന്ന നന്‍മയുടെ ഓത്തുകള്‍

കണ്ണടച്ചിരുട്ടാക്കും ബൌദ്ധിക വേതാളങ്ങള്‍

വീണു പിടയുന്നു നിസ്വര്‍, നിരാധീനര്‍

 

താണിറങ്ങിപ്പടരാന്‍ ശ്രമിച്ച സ്വര്‍ഗ്ഗ-

രേണുക്കള്‍ പുതഞ്ഞ മണ്ണിലെ വിഷവളം

അംശഭുക്കാ1യ് അംഗവസ്ത്രവുമണിഞ്ഞെത്തി

ദണ്ഡനമനുശാസിയ്ക്കുന്നു; കോമ്പല്ലു കാണിയ്ക്കുന്നു

 

മുറ്റത്തെ മുല്ലയുടെ മണമുണ്ട്, മതി കെട്ടി,

മറ്റുള്ള വീടിന്റെ ലാവണം മറയാക്കി

പല്ലിട കുത്തി നാറ്റിച്ച് കല്മഷം പരത്തി

പുര കത്തിച്ചും കുത്തി നോവിച്ചും അകനിന്ദകര്‍2

 

തച്ചു തകര്‍ക്കണം, വെട്ടി മുറിയ്ക്കണം, അഴുകി -

അളിഞ്ഞൊരീ അശാന്തിയുടെ ഉയിര്‍പ്പുകള്‍

പെരുമഴപ്പെയ്ത്തിലും അശനിപാതത്തിലും

ചോരാത്ത സ്ഥൈര്യമായ് തലയെടുപ്പോടെ

വിളിയ്ക്കുക, വിളിയ്ക്കുക, എട്ട് ദിക്കുകള്‍ പൊട്ടു-

മാറുച്ചതിലൊന്നായ് ഭാരതാംബയ്ക്ക്  "ജയ് ഹിന്ദ്"...

 

1      -  പങ്ക് പറ്റുന്നവര്‍

2      -  ഉള്ളില്‍ വെറുപ്പ് സൂക്ഷിച്ച് പുച്ഛിയ്ക്കുന്നവര്‍

2024 ഏപ്രിൽ 30, ചൊവ്വാഴ്ച

സാദരം ചെകുത്താനോട്

 

ഇന്നീ ഭൂലോകത്തിന്നധിപനാം ചെകുത്താനേ

ഒരിത്തിരി നേരം കണ്‍മടക്കുക

നിന്റെ തുറുകണ്ണു താളിച്ച വിഷക്കൂമ്പുകള്‍

സൂര്യാതപത്തില്‍ കരിഞ്ഞുണങ്ങട്ടെ

 

ആദ്യകോശത്തിന്‍ പിളര്‍പ്പില്‍ത്തുടങ്ങി

കാലാനുചക്രണം തുടങ്ങിയ കഥയ്ക്കാദ്യം

ദൈവകോപം തീണ്ടാന്‍ മാത്രം

ചെകുത്താനേ നീ തീര്‍ത്തൂ പരമ്പര

 

വംശസന്ധാരണ സമരങ്ങള്‍ തുടര്‍ന്നൂ, പിന്നെ

ചെകുത്താന്‍ ചക്രവര്‍ത്തിയായ്

ഭൂലോകത്തിന്‍ പടിവാതിലടച്ചൂ

അപ്രസക്തനായീ ദൈവം

 

ആകാശഗോളങ്ങള്‍, അനന്തവിഹായസ്സും,

അര്‍ത്ഥം വെച്ച് തുള്ളിപ്പടരും പാറയും, പൊടിയും

നിന്റെ ആകര്‍ഷണച്ചെലുത്തില്‍ മോഹിതരായ്

പലവുരു പൊട്ടിയും ചീറ്റിയും ഭൂമിയെ ആവേശിച്ചു

 

അമൃതമഥനം തീര്‍ത്ത പാഷാണവമനത്തില്‍

പാപപങ്കിലമാക്കപ്പെട്ട ഉര്‍വ്വീപ്രതലം വിട്ട്

യോഗനിദ്രയിലാണ്ട ദൈവത്തെയറിയിയ്ക്കാതെ

ശുദ്ധികര്‍മ്മമെന്ന വ്യാജേന വിഷബീജാവാപം

 

മുലത്തടത്തില്‍ പുരട്ടിയ നഞ്ഞിന്‍ നീലിമ

വാര്‍മുടിക്കെട്ടിലേയ്ക്കാശ്ലേഷണം ചെയ്തും

കളങ്കം മറയ്ക്കാന്‍ കാറ്റില്‍ച്ചുഴറ്റിയും

സൂര്യപടലത്തെച്ചതിയ്ക്കും ചെപ്പടിവിദ്യക്കാരന്‍,

...ചെകുത്താന്‍..

നിന്‍റെ പരമ്പര, ചെകുത്താന്റെ സന്തതികള്‍

നിന്നെയും നിഴല്‍പ്പാവയാക്കിക്കളഞ്ഞല്ലോ

സിംഹാസനത്തിന്‍ ബന്ധനത്തില്‍ ഉപസ്ഥിതന്‍,

ചക്രവര്‍ത്തി, ചെകുത്താന്‍, പക്ഷെ...ചരടോ?

 

നിന്‍റെ കണ്‍കളിലെ നൈരാശ്യസൂക്ഷ്മത

നീര്‍ കെട്ടി ചലം പൊട്ടിയൊലിപ്പതിന്‍ മുമ്പേ,

നിന്‍റെ സംഹാരമൂര്‍ത്തികളറിയുന്നതിന്‍ മുമ്പേ

ഒരിത്തിരി നേരം കണ്‍മടക്കുക...മടക്കുക

2024 ഏപ്രിൽ 7, ഞായറാഴ്‌ച

പുനര്‍ജ്ജന്മത്തിന്റെ ഭീതിയില്‍

 

മോക്ഷമൃത്യുവോ

മോക്ഷമോ?

 ബാക്കിപത്രങ്ങള്‍ പാറിപ്പറക്കാത്ത,

ചിന്തകള്‍ പോലും പിറകോട്ടു നടക്കാത്ത,

പരകായ വിഭ്രാന്തി തെല്ലുമേ നിനയ്ക്കാത്ത,

അനന്ത വിലയം കൊതിച്ചിരിയ്ക്കട്ടെ ഞാന്‍

 

മൃത്യു തീണ്ടിയാല്‍ ഇനിയും ജനിച്ചിടും

തിര്യക് യോനിജ ചക്രത്തിന്നടിപ്പെടും

സൂക്ഷ്മാണുവെന്നാലും പൊരുളൊന്നേ പറയാവൂ

അഷ്ടപ്രാണനുപേക്ഷിയ്ക്കാന്‍ ജഡമായ് ചമയണം

 

ഇനി വയ്യൊരു പുനര്‍ജ്ജന്മം; ഭാവമേതാകിലും

ഇനി വയ്യൊരു നടനം; ശാസ്ത്രമേതൊന്നാട്ടെ

ഇനി വയ്യ സഹനം; സാരാംശമേതു ചൊന്നാലും

ഇനി വയ്യൊരു നാളെ; ഭീതിദം, സര്‍വ്വദു:ഖാത്മകം

 

നാളും, നാള്‍ക്കു നാള്‍ നാളും തമ്മില്‍ കലഹം മൂക്കുന്നു

പിന്‍ പതിച്ചിട്ട ജന്മങ്ങള്‍ രോഷം വിതയ്ക്കുന്നു

അന്യ ദൈന്യങ്ങള്‍ കടലായിരമ്പുന്നു

ജന്മ ജന്മാന്തര ദുഷ്കൃതം പെരുകും പോലെ

 

ദാനവും ദൈന്യവും പോരിനായ് വിളിയ്ക്കുമ്പോള്‍

മാനവും മനനവും മോക്ഷഹീനറായ് മാറുന്നുവോ?

തന്മയത്വം ചാര്‍ത്തി അഹംബോധം നുരയ്ക്കുമ്പോള്‍

ഘനരൂപങ്ങളാകാശ മാര്‍ഗ്ഗത്തില്‍ പുളയുന്നു

 

മൃത്യുവല്ല; മോക്ഷവുമല്ല, ഞാന്‍ കൊതിയ്ക്കുന്നൂ!

ആജന്മഭീതിയില്‍ അസംഖ്യം ആരൂഢങ്ങള്‍

സഞ്ചി പൊട്ടിച്ച് കവടിയായ് നിരക്കുമ്പോള്‍

ലഗ്നങ്ങള്‍ മായ്ച്ചു ഞാന്‍ കളം കശക്കട്ടെ

ഉള്‍ത്താരു പൊട്ടിച്ചു, പ്രാണന്‍ ചിതറിച്ചു

കുതറിപ്പറന്നു ലയിയ്ക്കട്ടെ; മടക്കമില്ലാത്ത യാത്രയ്ക്കായ്