ബ്ലോഗ് ആര്‍ക്കൈവ്

2016, മാർച്ച് 15, ചൊവ്വാഴ്ച

പുറപ്പാട്

വേലായുധേട്ടൻ പുറപ്പെട്ടു വേലയ്ക്ക്
വടിവൊത്ത മുണ്ടുമായ്, വരയൻ  ഷർട്ടുമായ്
മുഖം മിനുക്കാനെടുത്തു ചോർക്കണ്ണാടി
അല്പം മിനുങ്ങാനെടുത്തൊരു “കുപ്പിയും”

ചില്ലു കൊണ്ടുള്ളൊരു ഗ്ലാസ്സെടുത്തങ്ങനെ
സ്വല്പമളന്നൊഴിയ്ക്കുന്നതാ ദ്രാവകം
ദ്രവ്യമായ്  കോഴി വറുത്തതുമുണ്ട്
പയ്യെ കടിച്ചിറക്കുന്നിതു സന്തോഷം

ഒന്നു രണ്ടാവർത്തി നിർത്താതെ മോന്തി
ഒഴിയുന്ന ഗ്ലാസ്സിൽ പിന്നേമൊഴിച്ചു
ഇടയിൽ തലയൊന്നു കാട്ടുന്നു ധർമ്മദാരം
“ഇന്നു തന്നല്ലേ പൂരം നിങ്ങൾക്ക്?”

കയ്യിലയഞ്ഞ വാച്ചു മുറുക്കി വേലായുധേട്ടൻ
സമയമൊന്നാഞ്ഞു ചികഞ്ഞെടുത്തു പിന്നെ-
യോർത്തൊന്നുറക്കെ, സ്ക്കൂൾ പറമ്പിലെ വേലയ്ക്കിനിയും
ഒരു മണിക്കൂറോളമുണ്ടല്ലോ പുറപ്പെടാൻ

ഒട്ടുമൊഴിഞ്ഞിട്ടുമില്ലയീ കുപ്പി
തൊട്ടു നക്കാനുള്ളതു തീർന്നൂ ചെടുക്കനെ
എന്നാലുമൊന്നുരണ്ടാവർത്തി സേവിച്ചിടാം
എന്നതാലോചിച്ചു കവിൾമോന്തി പിന്നെയും

ഒറ്റയിരുപ്പിനു കുപ്പിയും തീർത്തു
തെറ്റെന്നെഴുന്നേറ്റു നടന്നൂ വേലായുധേട്ടൻ
അകത്തുള്ള ചൂടും പുറത്തുള്ള ഉഷ്ണവും
തകതിമി കൊട്ടി കയറുന്നു കാലങ്ങൾ

വേല പുറപ്പെട്ടു, വേലായുധേട്ടനും, കൂടെ-
മൂന്നാനയും, പഞ്ചാരിയും വേറെ
വേഷങ്ങൾ വേറെ, കരിവേലയും വേറെ,
പൂതനും തിറകളും ചപ്പിലപ്പൂതവും

കൊഴുക്കുന്നു മേളം, ഒപ്പം ചുവടും
വഴുക്കുന്ന നാവിൽ പൂരത്തിമർപ്പും
ഒടുക്കത്തെ അരക്കെട്ടിളക്കവും പിന്നെ-
മുഷ്ടിയുയർന്നുള്ള കൈയ്യും കലാശവും

വേല നീങ്ങുന്നു, വേലായുധേട്ടൻ വേയ്ക്കുന്നു
കാലു കഴയ്ക്കുന്നു, ദാഹം, പരവേശം
ആൽമരച്ചോട്ടിൽ ചുരുണ്ടു പതിയെ
കലാശവും കൊട്ടിക്കൊരവള്ളി “വാൾ*” വെച്ചു

ഗുമുഗുമെന്നായി പുറത്തേയ്ക്കു കോഴി-
ക്കാലും കഷണവും തിരോടത്തെ നേദ്യവും
പൂരം തീണ്ടാതെ തെണ്ടി നടന്നൊരു
ശുനകനതാ വന്നു ചിറി നക്കുന്നതയ്യേ! അയ്യയ്യേ!!!


·         വാൾ - ഛർദ്ദി എന്നർത്ഥമാക്കുന്ന നാടൻ പ്രയോഗം


2016, മാർച്ച് 8, ചൊവ്വാഴ്ച

അഗ്നിവേശം

മാന്തളിരുണ്ണുവാനില്ലാതെ പൂങ്കുയിൽ
മാനസം നൊന്തു തൻ പാട്ടു നിർത്തി
തീയുണ്ടുരുകി ചുവന്നോരു കുന്നുകൾ
പച്ച കറുത്തു കരിനിറമായ്
നെഞ്ഞു പൊട്ടിച്ചു തെറിച്ച കൽച്ചീളുകൾ
ആലംബമില്ലാതെ കൂർത്തു വീണു

ഉള്ളിലെയഗ്നിയുണർന്നു തീക്കാളിയി-
ന്നോരോ വ്യഥകളിൽ തീക്കാറ്റു തുപ്പി
ഓരോ പടലിലും ഓരോ ജടയിലും
അഗ്നിനാളങ്ങൾ നൃത്തമാടി
പടരുന്നു പായുന്നു ചെന്തീക്കനലുകൾ
പാരവശ്യത്തിൻ പരബ്രഹ്മമായ്

പാലിറ്റു കട്ടിയായ് കൊഴുത്തുള്ള വെട്ടുകൾ
പണക്കിഴികളിൽ തുളകൾ വീഴ്ത്തി
വിയർപ്പിറ്റു പ്രാണൻ മെലിഞ്ഞിട്ടുമിന്നും
പാടായപാടമണിഞ്ഞ മേൽപ്പച്ചകൾ
പെട്ടിത്തുലാസിനു പോലുമേ വേണ്ടാതെ
ചീഞ്ഞളിയുന്നു, പൊത്തുന്നു മൂക്കുകൾ

അടുപ്പിലെത്തീ കെട്ടു പോകുമെന്നായിട്ടും
അടുക്കിപ്പെറുക്കുന്നു, വിതയ്ക്കുന്നു വിത്തുകൾ
തോടിന്റെ കണ്ണീർ തടയണ  കെട്ടി
പോടുകൾ കുത്തി കുടിയ്ക്കുന്ന നാട്
ഉദ്വേഗമെന്യേ ചിക്കുന്നു കൊത്തുന്നു
തലവെട്ടിത്തിരിയ്ക്കാതെ മയൂരമന്ദസ്മിതം
മണ്ണിന്റെ മാറിടം വിള്ളുന്നു, കീറുന്നു കട്ടകൾ
ഉച്ചിയിലെത്തിയ മാർത്താണ്ഡവഹ്നിയിൽ
അടരടരായി വേവുന്നു വീഴുന്നു
കടക്കണ്ണു ചോക്കും കാടിൻ പടലുകൾ

വിഷക്കാറ്റു വീശി കെട്ട പൂവാടികൾ
തേൻകണം പോലും കയ്ക്കുന്നു കിളികൾക്ക്
ചിറകൊടിഞ്ഞു ചതഞ്ഞ പൂമ്പാറ്റകൾ
നഞ്ഞു ശ്വസിച്ചു ചാവുന്ന തുമ്പികൾ
ഞാറ്റുവേലക്കണക്കറ്റു തരിശായ
മരതകപ്പച്ച മറന്ന നെൽപ്പാടങ്ങൾ

താണ്ഡവം, താണ്ഡവം, തുടരുന്നു താണ്ഡവം
ഉയരുന്നു തീമണം, പച്ചവേവിൻ മണം
തീകാളുമുച്ചിയും ചിറകുമായ് തീപ്പക്ഷി
നെഞ്ചകം കത്തിപ്പൊരിയ്ക്കുന്നു നിർദ്ദയം