ബ്ലോഗ് ആര്‍ക്കൈവ്

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

വീടായ ഞാൻ


ഞാനിന്നുമൊരു വീടു തന്നെ;
പേരിന്നു മാത്രം.

സൂക്ഷിച്ചു നോക്കുക നിങ്ങൾ
എൻ പുറംഭിത്തിയിലിപ്പൊഴും
മായാതെ പതിഞ്ഞു കിടപ്പുണ്ട് മങ്ങി
പഴയതെങ്കിലും പെരുമയുടെ പഴംപുരാണം;
എന്റെ പേർ, എന്നിലെ തറവാട്ടു മഹിമ
കല്ലൻ മൂപ്പന്റെ കൊത്തുളി വടിവിൽ

ഉണ്ടായിരുന്നിവിടെ, പൊറുത്തിരുന്നിവിടെ
കണ്ണുകൾ കൊണ്ടു സ്വപ്നങ്ങൾ നെയ്ത്
പകൽ വെളിച്ചത്തിൻ കിനാച്ചൂടിൽ മയങ്ങി
കലങ്ങാത്ത കണ്ണുകളാൽ കിന്നാരം പറഞ്ഞ്
മതിലകം ചാടി പ്രണയഭേരി മുഴക്കിയവർ,
വഴിക്കണ്ണു നീട്ടി തൈലപ്പൊതിയ്ക്കായി
പരാതിച്ചെല്ലവും തുറന്ന് നാലുകൂട്ടം മുറുക്കി
പഴമയുടെ താക്കോൽക്കൂട്ടം അരക്കെട്ടിൽ
വയറു മുറുകുന്നതറിഞ്ഞിട്ടും മുറുക്കിക്കെട്ടിയോർ,
ഒഴിയാറായ പത്തായവും പേറൊഴിയാത്ത വയറുകളും
വാഴയിലക്കോണകമുടുത്ത ഉണ്ണികളും
മെഴുക്കു പുരണ്ട ചാരുകസേരക്കാരണവരും
തിണ്ണക്കോലായിലെ പടിയിട്ട കിണ്ണങ്ങളും
ഇന്നും കലപില കൂട്ടുന്നെൻ മനസ്സിൻ മച്ചിൻപുറങ്ങളിൽ

സ്വപ്നവും മരണവും കൈകോർത്തു മരിച്ച
സഹജീവനത്തിന്റെ സന്ധ്യയാമങ്ങളിലൂടെ
പടിയിറങ്ങിപ്പോയീ ജന്മങ്ങൾ;
ജീവിതക്ലാവു പിടിച്ച കാവുബിംബങ്ങൾ
ഒപ്പം നീർവറ്റി വേരറ്റുണങ്ങി കുറ്റിയറ്റൂ
തലമുറകൾ പടുത്തിട്ട കാവുകൾ, വടവേർ മനങ്ങളും

പുതുമ പോരാഞ്ഞ്, പെരുമ പോരാഞ്ഞ്
പുറമോടിയുടെ പൊടിപ്പും തൊങ്ങലും പോരാഞ്ഞ്
പടിവാതിൽ, പടിപ്പുര മോന്തായം, കഴുക്കോൽ
എന്തിന്, കാരണവത്തറക്കല്ലുകൾ പോലും വിറ്റ്
സങ്കടമെന്യേ സുഖാലസ്യത്തിൻ ഉറവകൾ  തേടി
എന്നെ പഴിച്ച്, പുച്ഛിച്ച്, കാറിത്തുപ്പി
നടന്നു പോയ് പുത്തൻ കൂറ്റിൻ സന്തതികൾ

ഇനി, ഞാനിവിടെ തനിച്ച്
ചിന്തയെന്ന, ഏകമെന്ന, ബോധത്തിൽ കിതയ്ക്കുന്നു

ഒരു ചിതലുറുമ്പു വന്നെന്നെ കടിയ്ക്കുന്നു
വല്ലാതെ നോവുന്നു, എങ്കിലും സഹിയ്ക്കുന്നു
നീചനെങ്കിലും അവനെങ്കിലും വേണമല്ലോ എന്നെ
അന്നമായെങ്കിലും വേണമല്ലോ എന്നെ
കാതൽത്തടികളിൽ ഈറൻ കളയാതെ
കാത്തിരിയ്ക്കട്ടെ കടികളേല്ക്കാൻ കനിവോടെ


അഭിപ്രായങ്ങളൊന്നുമില്ല: