ബ്ലോഗ് ആര്‍ക്കൈവ്

2025, ജൂൺ 10, ചൊവ്വാഴ്ച

വയലെത്തിയ വഴിപോക്കൻ

 

നടന്നൂ, തളർന്നൂ, വീടെത്താൻ നേരമിനിയുമേറെ

ചൂടാർന്ന മീനമാസം, വയലിടം വഴിവക്കിൽ

വേനലും വറ്റിച്ചെടുക്കുന്നു അധിനിവേശപ്പച്ചകൾ

നിത്യഗർഭത്താൽ വയലിൻ പഞ്ചമിത്തോറ്റം

 

വയലിന്റെ പന്തിരുകുലവും കെട്ടുപോയെന്ന്

മാങ്കുല കരിഞ്ഞ മാവിന്റെ വെട്ടേറ്റ തായ് ത്തടി

തുമ്പികൾ താണിട്ടും ചായാത്ത പാഴ്ച്ചെടി

കൊഴിയുന്ന മുട്ടകൾ വിഴുങ്ങും പരുക്കേറ്റ പരൽക്കൂട്ടം

 

വയലല, പണ്ടേ ചാമ്പലാക്കപ്പെട്ട കലാശാല

നേരിന്റെ നോവുകളെയടർത്തി, യന്ത്രമൂട്ടി, തീ-

ത്തണർപ്പുകൾ പൊട്ടി, ചലം ചീറ്റിച്ചവശപുഷ്ടി-

കളിലുപ്പിട്ടു തരിശു ഛർദ്ദിച്ച കുലഹത്യ

 

മാപിനികളസംഖ്യം പെരുകി, പിന്നെയോരോന്നും

വായ് പൂട്ടുവാൻ നിഷ്ക്കർഷിച്ചു, കുറ്റിവേരുമറുത്തു

മുറ്റിയ കറുകയും തുമ്പയും, വേരറ്റ കഞ്ഞുണ്ണി-

യാദിയും, മഞ്ഞച്ച വരമ്പിൻ മണം കെട്ടു

 

യുദ്ധാവശേഷനായീ വയൽ, പോർ കെട്ട

കാലത്ത് മണ്ണും മരിച്ചുപോയ്, ഇനിയിവിടെ

അമ്ലം കുടിച്ച്, അഞ്ചിന്ദ്രിയങ്ങളും കരിഞ്ഞ

കരിഞ്ഞൊട്ടിയ കുടൽ മാത്രം, കരിക്കട്ട ജന്മം

 

ഇതൊരു യുഗാന്ത്യം, കലപ്പ തീയിട്ടു,

കൈക്കോട്ടിൻ കാഞ്ഞിരപ്പിടിയൊടിച്ചു

വിഷുച്ചാലിട്ടു, ഗർഭജലവുമൂറ്റി നിറച്ചു കെട്ടി

മണ്ണിൻ മാനസതാരിടം മെതിയ്ക്കുന്ന കാഴ്ച്ചകൾ

 

തളർച്ച തീർക്കുവാനെത്തിയതെങ്കിലും മിത്രമേ

തെല്ലും തങ്ങുവാനൊരിടം കാണുന്നതില്ലെങ്ങും

ഇടതൂർന്ന ആധികളല്ലാതെ, രോഗശയ്യകളല്ലാതെ,

വേവുന്ന ആവിയും വെയിലിൻ കടുത്ത നോട്ടവും