ബ്ലോഗ് ആര്‍ക്കൈവ്

2024, ഏപ്രിൽ 30, ചൊവ്വാഴ്ച

സാദരം ചെകുത്താനോട്

 

ഇന്നീ ഭൂലോകത്തിന്നധിപനാം ചെകുത്താനേ

ഒരിത്തിരി നേരം കണ്‍മടക്കുക

നിന്റെ തുറുകണ്ണു താളിച്ച വിഷക്കൂമ്പുകള്‍

സൂര്യാതപത്തില്‍ കരിഞ്ഞുണങ്ങട്ടെ

 

ആദ്യകോശത്തിന്‍ പിളര്‍പ്പില്‍ത്തുടങ്ങി

കാലാനുചക്രണം തുടങ്ങിയ കഥയ്ക്കാദ്യം

ദൈവകോപം തീണ്ടാന്‍ മാത്രം

ചെകുത്താനേ നീ തീര്‍ത്തൂ പരമ്പര

 

വംശസന്ധാരണ സമരങ്ങള്‍ തുടര്‍ന്നൂ, പിന്നെ

ചെകുത്താന്‍ ചക്രവര്‍ത്തിയായ്

ഭൂലോകത്തിന്‍ പടിവാതിലടച്ചൂ

അപ്രസക്തനായീ ദൈവം

 

ആകാശഗോളങ്ങള്‍, അനന്തവിഹായസ്സും,

അര്‍ത്ഥം വെച്ച് തുള്ളിപ്പടരും പാറയും, പൊടിയും

നിന്റെ ആകര്‍ഷണച്ചെലുത്തില്‍ മോഹിതരായ്

പലവുരു പൊട്ടിയും ചീറ്റിയും ഭൂമിയെ ആവേശിച്ചു

 

അമൃതമഥനം തീര്‍ത്ത പാഷാണവമനത്തില്‍

പാപപങ്കിലമാക്കപ്പെട്ട ഉര്‍വ്വീപ്രതലം വിട്ട്

യോഗനിദ്രയിലാണ്ട ദൈവത്തെയറിയിയ്ക്കാതെ

ശുദ്ധികര്‍മ്മമെന്ന വ്യാജേന വിഷബീജാവാപം

 

മുലത്തടത്തില്‍ പുരട്ടിയ നഞ്ഞിന്‍ നീലിമ

വാര്‍മുടിക്കെട്ടിലേയ്ക്കാശ്ലേഷണം ചെയ്തും

കളങ്കം മറയ്ക്കാന്‍ കാറ്റില്‍ച്ചുഴറ്റിയും

സൂര്യപടലത്തെച്ചതിയ്ക്കും ചെപ്പടിവിദ്യക്കാരന്‍,

...ചെകുത്താന്‍..

നിന്‍റെ പരമ്പര, ചെകുത്താന്റെ സന്തതികള്‍

നിന്നെയും നിഴല്‍പ്പാവയാക്കിക്കളഞ്ഞല്ലോ

സിംഹാസനത്തിന്‍ ബന്ധനത്തില്‍ ഉപസ്ഥിതന്‍,

ചക്രവര്‍ത്തി, ചെകുത്താന്‍, പക്ഷെ...ചരടോ?

 

നിന്‍റെ കണ്‍കളിലെ നൈരാശ്യസൂക്ഷ്മത

നീര്‍ കെട്ടി ചലം പൊട്ടിയൊലിപ്പതിന്‍ മുമ്പേ,

നിന്‍റെ സംഹാരമൂര്‍ത്തികളറിയുന്നതിന്‍ മുമ്പേ

ഒരിത്തിരി നേരം കണ്‍മടക്കുക...മടക്കുക

2024, ഏപ്രിൽ 7, ഞായറാഴ്‌ച

പുനര്‍ജ്ജന്മത്തിന്റെ ഭീതിയില്‍

 

മോക്ഷമൃത്യുവോ

മോക്ഷമോ?

 ബാക്കിപത്രങ്ങള്‍ പാറിപ്പറക്കാത്ത,

ചിന്തകള്‍ പോലും പിറകോട്ടു നടക്കാത്ത,

പരകായ വിഭ്രാന്തി തെല്ലുമേ നിനയ്ക്കാത്ത,

അനന്ത വിലയം കൊതിച്ചിരിയ്ക്കട്ടെ ഞാന്‍

 

മൃത്യു തീണ്ടിയാല്‍ ഇനിയും ജനിച്ചിടും

തിര്യക് യോനിജ ചക്രത്തിന്നടിപ്പെടും

സൂക്ഷ്മാണുവെന്നാലും പൊരുളൊന്നേ പറയാവൂ

അഷ്ടപ്രാണനുപേക്ഷിയ്ക്കാന്‍ ജഡമായ് ചമയണം

 

ഇനി വയ്യൊരു പുനര്‍ജ്ജന്മം; ഭാവമേതാകിലും

ഇനി വയ്യൊരു നടനം; ശാസ്ത്രമേതൊന്നാട്ടെ

ഇനി വയ്യ സഹനം; സാരാംശമേതു ചൊന്നാലും

ഇനി വയ്യൊരു നാളെ; ഭീതിദം, സര്‍വ്വദു:ഖാത്മകം

 

നാളും, നാള്‍ക്കു നാള്‍ നാളും തമ്മില്‍ കലഹം മൂക്കുന്നു

പിന്‍ പതിച്ചിട്ട ജന്മങ്ങള്‍ രോഷം വിതയ്ക്കുന്നു

അന്യ ദൈന്യങ്ങള്‍ കടലായിരമ്പുന്നു

ജന്മ ജന്മാന്തര ദുഷ്കൃതം പെരുകും പോലെ

 

ദാനവും ദൈന്യവും പോരിനായ് വിളിയ്ക്കുമ്പോള്‍

മാനവും മനനവും മോക്ഷഹീനറായ് മാറുന്നുവോ?

തന്മയത്വം ചാര്‍ത്തി അഹംബോധം നുരയ്ക്കുമ്പോള്‍

ഘനരൂപങ്ങളാകാശ മാര്‍ഗ്ഗത്തില്‍ പുളയുന്നു

 

മൃത്യുവല്ല; മോക്ഷവുമല്ല, ഞാന്‍ കൊതിയ്ക്കുന്നൂ!

ആജന്മഭീതിയില്‍ അസംഖ്യം ആരൂഢങ്ങള്‍

സഞ്ചി പൊട്ടിച്ച് കവടിയായ് നിരക്കുമ്പോള്‍

ലഗ്നങ്ങള്‍ മായ്ച്ചു ഞാന്‍ കളം കശക്കട്ടെ

ഉള്‍ത്താരു പൊട്ടിച്ചു, പ്രാണന്‍ ചിതറിച്ചു

കുതറിപ്പറന്നു ലയിയ്ക്കട്ടെ; മടക്കമില്ലാത്ത യാത്രയ്ക്കായ്