ബ്ലോഗ് ആര്‍ക്കൈവ്

2020 ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

ഭൂതാടനം

ഭൂതകാലത്തിൻ ചിറകരിഞ്ഞെങ്ങുപോം
മനോരഥത്തിൻ ഗതിയറ്റ യാനം?

കണ്ടു മോഹിച്ച കാഴ്ചകൾക്കപ്പുറം
വിണ്ടുകീറുന്ന രമണ മനോജ്ഞകൾ
ആണ്ടുകൾ തെണ്ടി നൊണ്ടും ദിനങ്ങളായ്
തുണ്ടു തുണ്ടായ്പ്പിന്നുന്ന ജീവിതം

ശണ്ഠതീർക്കാൻ പറ്റാതെ പോയതാം
കുണ്ഠിതപ്പെട്ട കലഹങ്ങളോരോന്നും
ജാള്ള്യലേശം തെല്ലുമില്ലാത്ത വാശിയിൽ
കളിയും ചിരിയും മാഞ്ഞുപോയ് പാടേ

അറ്റുപോകുന്ന കണ്ണികളോരോന്നും
ഇറ്റുവീഴുന്ന കണ്ണുനീർത്തുള്ളികൾ
തെറ്റുതെറ്റെന്ന് തുള്ളിത്തുറക്കുമ്പോൾ
തെറ്റുകാരെല്ലാം ഊറ്റം പറയുന്നു

കടലാസു പെൻസിലിൻ മുനയൊടിഞ്ഞിരിയ്ക്കുന്നു
കോറിയിട്ട ചിത്രച്ചുമരുകൾ കുതിർന്നടരുന്നു
കുഞ്ഞുബാല്യങ്ങളിൽ കോരിയിട്ട വൈരങ്ങൾ
കുടഞ്ഞെറിയുന്നു കറവീണ മാർത്തടം

എത്ര ശുഭദിനമാശംസിച്ചെന്നാലും
എത്തിപ്പിടിയ്ക്കുവാൻ ദൂരങ്ങളെത്രയോ?
കാത്തുനില്ക്കുവാൻ കാലങ്ങളില്ലെന്ന്
ഓർത്തുവെയ്ക്കുവാൻ ദിനങ്ങളില്ലിനി

2020 ഏപ്രിൽ 5, ഞായറാഴ്‌ച

വിളക്കുകൾ തെളിയുമ്പോൾ

വിളക്കുകൾ തെളിയുമ്പോൾ

മനസ്സെന്ന മദാർണ്ണവം
നമിയ്ക്കണം നഭസ്സിനെ

ഇരുൾ കടന്നെത്തുമീ ആർദ്രമാം കണങ്ങളെ
ആത്മപുഞ്ജമായുണർത്തുവാനൊട്ടുമേ മടിയ്ക്കൊലാ

നാം വസിയ്ക്കുമീയിടം, നാമടങ്ങും(*)  മണ്ണിതിൽ
നിനച്ചിരിയ്ക്കാതെ വന്ന വിരുന്നുകാരനൊന്നവൻ
പരാദരേണുവായ്ക്കിടന്നു പാടെയൂറ്റിത്തുപ്പുമീ
മർത്ത്യജന്മമൊന്നടങ്കമിന്നു വീണു കേണിടുന്നു

ആരിതിൻ പടച്ചവൻ, ആരിതു പടർത്തുവൻ
ചോദ്യമില്ലൊരുത്തരം പറയുവാനുമൊട്ടുമേ
നേരമല്ലിതു പുകഴ്ത്തി പെരുമതോറ്റം ചൊല്ലുവാൻ
നേരമല്ലാതെയീയണു പൊതിഞ്ഞിടും പുകച്ചിടും

നമ്മൾ തന്നെ ഹേതുവും നമ്മൾ തന്നെ ഭൂതവും
നാകനരക ചിന്തയിൽപ്പിറന്ന പൊൻകിനാക്കളും
നാമിയന്ന നാടിതിൽ പണ്ടു കണ്ടതില്ലൊരേടവും
തലോടുവാൻ മറന്നു പോയ അന്യചിന്തയെന്നിയേ

കോടികോടിയായ്പ്പിളർന്ന അണ്ഡമായ ബ്രഹ്മവും
ഝടിതിയിൽക്കുതിച്ചു പാഞ്ഞുഴന്ന ഭൂസ്സഹനവും
ചടുലതാളമൊത്തു കൊട്ടി നൃത്തമാടും മൃത്യുവും
ശ്രേഷ്ഠജന്മമൊന്നരീയഹന്ത തീർക്കുവാനൊരുങ്ങവേ

നമിയ്ക്ക നാം നഭസ്സിനെ,യനന്തകോടി ജ്യോതിയെ
നിനയ്ക്ക നാം ഒരുമയെ, ഒരു ചരടിൻ ശക്തിയെ
തെളിയ്ക്ക നാം വിളക്കുകൾ, വിളക്ക കോടി ഒളികളെ
തെളിയ്ക്ക നാം തേരുരുൾ നിലച്ച ലോകതതികളെ

(*) മരണാനന്തരം നമ്മെയടക്കുന്ന ആറടി മണ്ണ്