ബ്ലോഗ് ആര്‍ക്കൈവ്

2016 മേയ് 31, ചൊവ്വാഴ്ച

സഖാവ്

(1986 മെയ് 19-ന് അന്തരിച്ച ശ്രീ. ഗോവിന്ദൻ കുട്ടി മേനോന്റെ (എന്റെ അമ്മാമൻ) ഓർമ്മകൾക്കു മുമ്പിൽ അശ്രുപൂജ അർപ്പിച്ചു കൊണ്ട്)

മെയ് 19
ഒരോർമ്മദിനം
1986 മെയ് 19
ഒരോർമ്മദിനത്തിലേയ്ക്കുള്ള മടക്കയാത്ര

ഉൾത്താപം കടിച്ചിറക്കാനാകാതെ സഹോദരവിലാപങ്ങൾ
കർമ്മബന്ധങ്ങളുടെ തേങ്ങലുകൾ
വേർപ്പാടിൻ വെയിലേല്പിച്ച നെഞ്ചെരിച്ചിൽ
കോടി പുതച്ച വെള്ളയിൽ പുതഞ്ഞ മൂന്നക്ഷരം
“സഖാവ്”

പാരസ്പര്യത്തിൻ കുറിമാങ്ങളിൽ
സ്വാർത്ഥമില്ലാത്ത കർമ്മപഥങ്ങളിൽ
നിയോഗത്തിൻ യോഗരഥങ്ങളിൽ
സമത്വസാഹോദര്യ വാചകക്കസർത്തില്ലാതെ
വരട്ടുവാദങ്ങളുടെ ജളത്വം തീണ്ടാതെ
കനൽ വഴികളുടെ ചുവപ്പു കൈവിടാതെ
തോളത്തൊരു തോർത്തും, മുണ്ടുമായ്
സംശുദ്ധിയുടെ വിയർപ്പുമണം വിടാതെ നടന്നയാൾ,
സഖാവ്

അർത്ഥഗർഭമായൊരു ചിരി
വളഞ്ഞകൈപ്പിടിയുമായൊരു ശീലക്കുട
പുകയുന്ന മനവും ചുണ്ടിലെ ബീഡിയും
മുന്നോട്ടു മാത്രം നടന്നുള്ള ശീലവും

യൗവ്വനപ്പകുതിയിൽ വേർപ്പെട്ട നല്ലപകുതി
പറക്കമുറ്റാത്ത പിഞ്ചുപെണ്ണോമനകൾ
വ്യഥയായിരുന്നു ജീവിതം; കഠിനയാത്രയും
കൂട്ടായിരുന്നു സോദരർ, സഗർഭ്യവിധിവിളയാട്ടവും

കാലം കൂലംകുത്തി പടർന്നൊഴുകി
കൂടെ കാർന്നുതിന്നുവാൻ കാൻസറും
അടക്കിപ്പിടിച്ച വേദന മൗനങ്ങളായ്
ആരുമറിയാതെ രാപ്പുലരികളെത്രയോ വെളുത്തു

തീക്ഷ്ണവികിരണം കരിയിച്ചു തളർത്തിയ
ഉടലും ഉൾക്കാമ്പും താങ്ങുവാനാകാതെ
നടന്നു തീരാത്ത വഴികളായ്
ജനിമൃതികൾക്കിടയിലെ പാതയിൽ ജീവിതയാത്ര

ഒടുവിൽ എല്ലാമൊരു ശ്വാസത്തിലൊതുക്കി
വഴികളിൽ കാത്തു നിന്നവർക്കെല്ലാം വിടയോതി
സഖാവെന്ന മൂന്നക്ഷരം കനപ്പിച്ച്
ഓർമ്മകളുടെ സ്മൃതിപേടകത്തിലെ നിദ്ര

അതെ, സഖാവ് മരണത്തെ പുല്കിയിരിയ്ക്കുന്നു
പ്രാപ്പിടയന്മാർക്കിനി യഥേഷ്ടം ഇരതേടാം
കുരുന്നു കാമനകളെപ്പോലും കൊത്തിക്കീറാം
ഒരു സഖാവുണ്ടായിരുന്നെന്ന ഓർമ്മപോലും ഉയർത്താതെ


2016 മേയ് 7, ശനിയാഴ്‌ച

ഞങ്ങൾ ഉറക്കം നടിയ്ക്കുകയാണ്

പത്തും പിഴച്ചൂ ഞാറ്റുവേല
കാത്തു കഴച്ചൂ ഞാറ്റടികൾ
രാശി പന്ത്രണ്ടും പെറ്റെണീറ്റു
മൂശ പിളർന്നൂ, ചാപ്പിള്ളകൾ

കണ്ണും മൂക്കും നാക്കുമില്ലാതെ
പേറിൽ കരയാത്ത തുണ്ടങ്ങൾ
നൂറ്റൊന്നു നുള്ളിപ്പേർക്കാൻ വയ്യ
മാംസമെന്നാകിലും ജീവനില്ല

വംശം കുരുതൻ പിന്മുറക്കാർ
കണ്ണുകൾ മൂടിയിണ ചേർന്നോർ
കണ്ണുപൊട്ടിപ്പിറന്നു വീണോർ
മത്തഗജത്തിൻ ഊരുബലം

കെട്ടിപ്പിടിച്ചു പൊടിയ്ക്കുന്നു
തട്ടിപ്പറിച്ചു ഭരിയ്ക്കുന്നു
വെട്ടിപ്പിടിച്ചു വീർത്തിടുന്നു
ചാടിക്കടിച്ചു തീർത്തിടുന്നു

പൊട്ടിപ്പിളരും ഭൂഹൃത്തടം
ഊറ്റിവറ്റിയ്ക്കും നീർഖനികൾ
തീർത്തു വടിയ്ക്കും മണൽക്കാടും
ഒറ്റയാൻ വെള്ളക്കുത്തൊലിപ്പും

കാടും കിഴങ്ങും മാന്തി മാന്തി
ചൂടുവരൾച്ച ഏറി നീളെ
വാടി വിയർത്തു പേപ്പിശാചായ്
വാട പരത്തും ചെയ്തിദോഷം

നാട മുറിയ്ക്കാൻ കൂട്ടഓട്ടം
തറക്കല്ലിടുവാൻ നെട്ടോട്ടം
കല്ലുവീണൂഴി ഭീതിയിലായ്
പല്ലു കൊഴിഞ്ഞ സിംഹി പോലെ

രാപ്പകൽ തീരെ ഭേദമില്ല
സംഹാരഗർജ്ജനം ഹന്താ! കേൾ
കണ്ണുതുറന്നുറക്കമാണ്
ഭാഷയില്ലാതെ ഗോഷ്ടിവർഗ്ഗം

കണ്ണു തിരുമ്മിയുണർന്നയ്യോ
കണ്ണീർവാതകം കേറി നീറി
കണ്ണു പുകഞ്ഞു കണ്ണടച്ചു
പുണ്ണു പതുക്കെ നീരുമാന്തി

ഊടില്ല പാവും, നൂലുമില്ല
മാറ്റമിടാനും മേൽമുണ്ടില്ല
ഉള്ളതുമൂരി ചുറ്റും മറ-
ച്ചൊളിച്ചിരിയ്ക്കുകയാണിന്ന്

ആർ വിളിച്ചാലും നിദ്ര തന്നെ
ഉറക്കമിളച്ചുള്ളുറക്കം
നാട്, നഗരം, നിദ്ര തന്നെ
മഹാനടനമാം പൊയ്നിദ്ര


കുരുവംശം -  കൗരവപാണ്ഡവരുടെ പിതൃരാജവംശം


2016 മേയ് 4, ബുധനാഴ്‌ച

നക്ഷത്രച്ചിമിഴുകൾ

രാത്രിയിലെ നക്ഷത്രങ്ങൾ
കണ്ണു ചിമ്മുന്നതെന്തിന്?
പകലുറക്കത്തിന്റെ വറുതിയോ?
പകൽക്കിനാവിന്റെ ബാക്കിയോ?

ചന്ദ്രബിംബം നോക്കി
കണ്ണിറുക്കുന്ന നക്ഷത്രങ്ങൾ
സൂര്യവെളിച്ചത്തെ ഭയക്കുന്നുണ്ടോ?
പ്രഭാപൂരത്തിൽ കണ്ണഞ്ചുമോ?

നീലവെളിച്ചവും തൂകി
ഇടയ്ക്കിടെ ചുകപ്പാറ്റി വിറച്ച്
വാനത്തിനൊരായിരം കണ്ണേകി
ശ്രേണിമാണിക്യങ്ങളായി നിറയുന്നതെന്തിന്?

അമാവാസിയുടെ കൂരിരുൾപ്പേടിയ്ക്ക്
നാട്ടുവെളിച്ചത്തിന്റെ നേർമ്മയായ്
ഉറക്കമിളയ്ക്കുന്ന ദിവാസ്വപ്നങ്ങളിൽ
മലർമണം വിളമ്പുന്ന നിശാഗന്ധികളാകാനോ?

യക്ഷിപ്പാലകളിൽ പൂത്തിറങ്ങി
നാഗമാണിക്യക്കഥകളിൽ തലചായ്ച്ച്
നിശാശോഭയുടെ പൂത്തിരിക്കുട ചൂടി
പ്രണയവൈഖരികളിൽ തമ്പുരു മീട്ടാനോ?

എന്തിനെന്നാലും, ചിമ്മിത്തുറക്കുക
മൃത്യുമോക്ഷങ്ങളുടെ കടങ്കഥക്കൂട്ടായ്
മേൽക്കൂര നീക്കി നൂലിട്ടിറങ്ങും

കണ്ണീർക്കിനാക്കൾക്കേഴു നിറമെഴുതട്ടെ

2016 ഏപ്രിൽ 20, ബുധനാഴ്‌ച

ഉണ്ടെന്നും ഇല്ലെന്നും

നിനക്കെല്ലാമുണ്ടായിട്ടും
ഒന്നും ഇല്ലെന്ന തോന്നൽ മാത്രം
എങ്ങനെ വന്നു?

നോക്കൂ,
എനിയ്ക്കൊന്നുമില്ലെങ്കിലും
ഇല്ലായ്മയില്ലെന്ന തോന്നൽ നിറയെ

വടിച്ചു മോന്തിയ പിഞ്ഞാണത്തിൽ
ബാക്കി വരാത്ത അന്നത്തെയോർത്ത്
നീ ദിനാന്ത്യം വരെ വേവലാതിപ്പെട്ടു

ഒഴിഞ്ഞ വക്കു പൊട്ടിയ പാത്രത്തിൽ
ഒരു കയിൽ നിറയെ കഞ്ഞിവെള്ളം
പാർന്നു കിട്ടിയേയ്ക്കാമെന്നു സന്തോഷിച്ചു ഞാൻ

അത്യുഷ്ണത്തെ ശീതീകരിച്ച മുരൾപ്പാട്ട്
നിൻ നിദ്രയെത്തഴുകിയിട്ടും
ലഹരിയുടെ വേഴ്ച നിന്നെ അലോസരപ്പെടുത്തി

ഉരുകിയൊലിയ്ക്കുന്ന വിയർപ്പിൻ തുള്ളികൾ
നീർച്ചാലുകൾ തീർത്ത്, വറ്റിയ കിണറിലെ വെള്ളമായ്
എന്റെ ഇന്നത്തെ സ്നാനമാകുന്നത് ഞാനറിഞ്ഞു

കാശു തുപ്പിക്കളിച്ച് വെറുക്കാതെ യന്ത്രങ്ങൾ
നിന്റെ സുഗന്ധമണിഞ്ഞ വരവും കാത്ത്
വഴിയോരങ്ങളിൽ കാത്തു കിടന്നു

ഒട്ടിയ വയറുകൾ, ചേപ്രത്തലകൾ;
പകലന്തി നേരത്തെ ആട്ടിനും തുപ്പിനും ശേഷം
എന്റെ മുഷിഞ്ഞ പണക്കീറുകൾക്കായി കാത്തു

എന്നിട്ടും നീ തർക്കിച്ചു ജയിയ്ക്കുന്നു
നിനക്കൊന്നുമില്ലെന്ന്
എനിയ്ക്കൊന്നുമില്ലായ്മയില്ലെന്ന്


2016 ഏപ്രിൽ 14, വ്യാഴാഴ്‌ച

അമ്മക്കൊഞ്ചൽ

ആർദ്രമാം മൗനത്തിന്റെ മണിച്ചെപ്പു തുറന്നെത്തി
സാന്ദ്രമാം സ്നേഹത്തിന്റെ മണിമുത്തായി നീയും
കണ്ണുനീർപ്പൈതലേ കൺതുറക്കാതെയോ നീ
തേങ്ങുന്നതെന്തേ നിന്നമ്മ ഞാനടുത്തില്ലേ?
എന്തിന്നു കണ്ണേ  വെറുതേ നീ വിങ്ങുന്നു?
മന്ദാരച്ചോട്ടിൽ നമുക്കു മണ്ണപ്പമുണ്ടാക്കേണ്ടേ?
കൺതുറക്കുന്ന നിൻ കിളിക്കൊഞ്ചൽ കേട്ടെ-
നിയ്ക്കിന്നുമീ പ്രഭാതത്തിന്നഴൽ നീക്കീടണം
ആരു നിൻ നിദ്രയെപ്പിടിച്ചുലച്ചീടുന്നു
ഇന്നലെക്കേട്ടുറങ്ങിയ കഥയിലെ ഭൂതത്താനോ?
അതല്ല,യിന്നെലെയമ്മ തൻ കളിപറച്ചിലിൽ-
പ്പറഞ്ഞു പേടിപ്പിച്ചയമ്മ തൻ “റ്റാറ്റാ” പോക്കോ
അതുമല്ലെങ്കിൽ, നിൻ ചേച്ചി കളിയ്ക്കാൻ വരില്ലെ-
ന്നാഞ്ഞു നിൻ വാശിയെക്കൂട്ടുവാനോങ്ങിയതോ
എന്തിനെന്നാലും കുഞ്ഞേ നീ ചിണുങ്ങാതെ
അമ്മ കരുതിയിട്ടുണ്ടു മണിമുത്തം തെരുതെരെ
നീ ചിരിച്ചാലേ എൻ ലോകവും ചിരിയ്ക്കയുള്ളൂ
നീ മൊഴിഞ്ഞാലേ മണികിലുക്കവും കേൾപ്പാനാകൂ
തുയിലും കൊട്ടിപ്പാടി നിന്നെ ഞാനുണർത്തീടും

ഈയമ്മ തൻ പേറ്റുനോവിൻ ആറ്റിക്കുറുക്കല്ലേ മുത്തേ നീ

2016 ഏപ്രിൽ 13, ബുധനാഴ്‌ച

വിഷുപ്പക്ഷി

പറന്നു പറന്നു മടുത്തിനി വയ്യ
ചിറകുകൾ കോതിയിരിയ്ക്കേണമിത്തിരി
നാളെയാണു വിഷുപ്പുലരി, കണിയുമാ,-
യതിൻ മുമ്പേയൊരു പാടത്തിൻ വക്കെത്തണം
പാടണം, ഗദ്ഗദമില്ലാതെ ഒരു വട്ടമെങ്കിലും
കളകണ്ഠം “വിത്തും കൈക്കോട്ടും”

ഞാനൊരു വിഷുപ്പക്ഷി, തിരയുന്നു നാളേ-
റെയായൊരു വിത കാക്കും വയൽ
എവിടെയും പുൽക്കാടുകൾ, ഉണങ്ങിയ മൺപാറൽ
എങ്ങുമേയില്ല വിത തൻ ലാഞ്ചന തരിമ്പു പോലും
നിറയെ പാഷാണസസ്യങ്ങളാണെങ്ങും,
വാർപ്പിൻ വനങ്ങൾ, പാഴ്മരങ്ങൾ, പാഴായ ജന്മങ്ങളും

ഞാനോർക്കുന്നു മേടമാസപ്പുലരികളെ
ഉഴവുകാക്കും നവോഢപോൽ തുടുത്ത പാടങ്ങളെ
ഊർച്ച മരം നാന്നു നടക്കും കന്നുകൾ
വിഷുച്ചാൽ മുഹൂർത്തങ്ങൾ, ചുട്ടയപ്പവും, അടയും
സന്തോഷാതിരേകത്താൽ പൊട്ടും ഓലപ്പടക്കങ്ങളും
ചുണ്ടിലൊരു മൂളിപ്പാട്ടിൻ ചൂളം കുത്തും കൃഷീവലയരും

കാലമേറെയായ് ഞാനീ വഴിയിലൂടെ
കാതങ്ങൾ താണ്ടിപ്പറന്നടുക്കുന്നു, പാടുന്നു
ഇനി വയ്യ, വയ്യെന്നു തോന്നുന്നെനിയ്ക്ക്
ഇവിടെ മറഞ്ഞിരിയ്ക്കുവാനുമില്ല ചില്ലകൾ
ഇനിയുമൊരു വിഷുക്കാലം ചൊല്ലിയറിയിയ്ക്കുവാൻ
ആവതില്ല, ഒരു വട്ടം കൂടി ഞാൻ പാടുന്നു
“വിത്തും കൈക്കോട്ടും,
 കള്ളൻ ചക്കേട്ടു
 കൊണ്ടേത്തിന്നോട്ടെ
 കണ്ടാ മിണ്ടണ്ട
 കണ്ടാ മിണ്ടണ്ട”


2016 ഏപ്രിൽ 5, ചൊവ്വാഴ്ച

സ്ഥാനാർത്തി

സ്ഥാനത്തിനെന്തൊരു ആർത്തിയായി?
സ്ഥാനാർത്ഥിയാകുവാൻ ആർത്തിയായി
സ്ഥാനങ്ങൾ നിസ്ഥാനമായിക്കിടയ്ക്കുന്നു
സ്ഥാനാർത്തികളെല്ലാം സ്ഥാനാർത്ഥികൾ

ഒത്തു പിടിയ്ക്കുവാൻ പണച്ചാക്കുകൾ
മത്തു പിടിപ്പിയ്ക്കാൻ പിണിയാളുകൾ
കാത്തു സൂക്ഷിയ്ക്കാൻ കാവൽപ്പട
ദത്തു കൊടുക്കുവാൻ സ്ഥാനാർത്ഥിയും

ഏറെ പതിറ്റാണ്ടു കൊടി പിടിച്ചു
തണ്ടെല്ലു പൊട്ടെ തല്ലു കിട്ടി
ബെഞ്ചിൽക്കിടന്നു, പരിവട്ടവും
ഒത്തു വന്നപ്പോൾ വായ്പ്പുണ്ണെന്ന്

അല്ലേലും എന്തിനീ ചാടുന്നെടോ?
അല്ലലറിയാത്ത കുറുക്കരില്ലേ?
അല്ലികളെല്ലാം അവർക്കുള്ളത്
അല്ലാതെ തുന്നുന്നോ കുപ്പായങ്ങൾ?

സ്ഥാനാർത്തി മൂക്കുന്നതെന്തിനെന്നോ?
“സേവനം”, “സേവനം” തന്നെ ലക്ഷ്യം
ദമ്പടി കിട്ടണം, “സേചനം” ചെയ്യണം
സ്ഥാനത്തിരുന്നു താൻ ചെയ്യ വേണം

സ്ഥാനാർത്ഥിയാകുവാൻ ചോദ്യമില്ല
അങ്ങനെ വന്നാൽ വിരുദ്ധനാകും
തണ്ടിൽക്കരേറിയ വ്യാമോഹമായ്
കുണ്ടിലേയ്ക്കയ്യോ ചവുട്ടിത്താഴ്ത്തും

അണിയണി ചേരുക, മുഷ്ടി ചുരുട്ടുക
സ്ഥാനാർത്ഥിയിങ്ങിതാ എത്തിപ്പോയി
ഹാരമണിയിയ്ക്കൂ, വെളുക്കെച്ചിരിയ്ക്കൂ

സ്ഥാനത്തിനൊന്നിനും ആർത്തി വേണ്ടാ…