ബ്ലോഗ് ആര്‍ക്കൈവ്

2016 ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

വഴിവാണിഭങ്ങൾ

മതങ്ങൾ ഇപ്പോൾ വളരെ തിരക്കിലാണ്
ആശയങ്ങൾ ചിന്താക്കുഴപ്പത്തിലും

എന്നിരുന്നാലും,
രണ്ടു കൂട്ടരും കടകളായ കടകളിൽ
ഉപഭോഗഭോഗത്തിന്റെ മത്സരത്തിലാണ്

തുണിക്കടകളിൽ നിറങ്ങൾ നോക്കി
തുണിനിറം പ്രത്യേകമുറപ്പിയ്ക്കുന്നു
ആഭരണങ്ങൾക്ക് മാറ്റു കുറഞ്ഞാലും
ആഭയേറിയ ലോക്കറ്റു പതിപ്പിയ്ക്കുന്നു
ശിരോവസ്ത്രങ്ങളും തലപ്പാവുകളും
വളച്ചു പിരിച്ചു മുദ്രകൾ കുത്തുന്നു
കൊന്തയും കൊലുസ്സും കാപ്പുവളകളും
നിറം തിരിച്ച് വെവ്വേറെ മൂശകളിൽ വാർപ്പിയ്ക്കുന്നു
മുച്ചാൺ വയറു നിറയ്ക്കുവാൻ നോക്കാതെ
അധികാരവടികൾക്ക് വടിവു കൂട്ടുന്നു

എന്തിനും ഏതിനും ഏകശിലാരൂപം
കാറ്റും വെളിച്ചവും കയറുവാനായ്ക്കാത്ത
കഠിനശാസനത്തിന്റെ ദഹനക്കേടിൽ
ദുർഗന്ധം വമിയ്ക്കുന്ന ഏമ്പക്കങ്ങൾ നിറയുന്ന
അജ്ഞതയുടെ പണക്കിലുക്കങ്ങളുയരുന്ന
തുണിക്കൂടാരങ്ങളിലെ വഴിയോരവാണിഭങ്ങൾ

അനോന്യം കടിപിടി കൂടുമ്പോൾ
തുണിനിറം നോക്കി, ലോക്കറ്റു നോക്കി,
ശിരോവസ്ത്രം നോക്കി, തലപ്പാവു നോക്കി,
കൊന്തയും കൊലുസ്സും കാപ്പും നോക്കി
അധികാരവടികളെ ഒഴിവാക്കി
പരസ്പരം വെട്ടാം, കീറാം

വില്പനക്കാർ തിരക്കിലാണ്
വാങ്ങുന്നവർ ആക്രാന്തത്തിലും


2016 ജൂലൈ 30, ശനിയാഴ്‌ച

സ്ഫോടന ലോകത്തെ അഞ്ചു പൂമ്പാറ്റകൾ

ലോകം മുഴുക്കെ പറക്കും
വീശി വീശിപ്പറന്നാർക്കും
ഒട്ടു ലോകത്തെ നുകരും
മട്ടു മാറാതെ അടക്കും

പൂക്കൾ യഥേഷ്ടം പൂക്കുമീ-
വിശ്വഭൂഖണ്ഡപ്പരപ്പിൽ
പൂമ്പൊടിയ്ക്കായില്ല കഷ്ടം
തൊട്ടും തലോടിയുമുണ്ണാം

പൂക്കുന്നതിൽ കീഴെയില-
ച്ചാർത്തുകൾ കീഴെ മുട്ടയി-
ട്ടാരുമറിയാതെ വീണ്ടും
മറ്റു ലോകങ്ങൾ തേടിടും

ഞങ്ങൾ അഞ്ചു പൂമ്പാറ്റകൾ
വർണ്ണങ്ങൾ അഞ്ചു തരവും
മുഖഛായ വർഗ്ഗഭേദം
ചെയ്തികൾക്കൊറ്റ നിറവും

മുദ്ര പതിച്ച ചിറകാൽ
അഞ്ചു കരയും ഭരിയ്ക്കും
മൊഞ്ചു കണ്ടാരും അടുക്കും
നഞ്ഞു കലക്കി ഒടുക്കും

തൂമയെഴുന്ന മനത്തെ
പൂമ്പൊടി കൊണ്ടു നിറയ്ക്കും
പൂന്തേൻ കൊടുത്തു മയക്കും
മത്തിൽ ഒടുക്കം തളയ്ക്കും

എങ്കിലോ മറ്റു പൂമ്പാറ്റ-
കൾക്കൊന്നും സമ്മതമില്ല
മുട്ടയിടുവാനായ് പാറി
ഒന്നായി ഞങ്ങളെതിർക്കും

മുട്ട വിരിഞ്ഞു സ്ഫോടന-
യുക്തരായ് പുഴുക്കൾ വരും
തിന്നൊടുക്കും ഇലയെല്ലാം
പിന്നെത്തമ്മിലായ് തിന്നിടും

ഞങ്ങൾ അഞ്ചു പൂമ്പാറ്റകൾ
സ്ഫോടന ലോകം ഭരിയ്ക്കും
ലോകങ്ങളൊന്നായ് വീണിടും
ശിഷ്ടരായ് ഞങ്ങൾ വാണിടും


2016 ജൂലൈ 22, വെള്ളിയാഴ്‌ച

ദേവസ്തംഭനം

നന്മയുടെ ആൾമരങ്ങൾ ഒന്നൊന്നായി
കടപുഴകാൻ തുടങ്ങിയിരിയ്ക്കുന്നു
നന്ദികേടിന്റെ പാഴ്മരപ്പച്ചകൾ എവിടെയും
കരുത്തോടെ വേരുറപ്പിച്ചു കഴിഞ്ഞിരിയ്ക്കുന്നു

സ്മൃതിനാശത്തിന്റെ മറവിൽ പലപ്പൊഴും
മസ്തിഷ്ക്കവനങ്ങൾക്ക് തീയിട്ടു കൊണ്ടേയിരിയ്ക്കുന്നു
ജനിതകപ്പകർച്ചകളിൽ തൊലിയുരിയ്ക്കപ്പെട്ട മാനങ്ങൾ
ഒരു ചാൺകയറിൽ കുരുക്കിട്ടു മരിയ്ക്കുന്നു

ദർശനസൗകുമാര്യങ്ങൾ നിഷേധിയ്ക്കപ്പെട്ട കണ്ണുകൾ
കാംക്ഷയുടെ അമ്ലത്തിൽ അന്ധമാക്കപ്പെടുന്നു
തുളവീണ ഹൃദയങ്ങളിൽ നിന്നു പൊടിയുന്ന
രക്തച്ചാലുകളിൽ അലിവ് നേർപ്പിയ്ക്കപ്പെടുന്നു

പണ്ടെങ്ങോ പാട്ടൂറിയ പാഴ്മുളംതണ്ട്
ചിതലെടുത്ത സുഷിരങ്ങളിലൂടെ ശീല്ക്കാരമുയർത്തുന്നു
ഫണം നീർത്തുന്ന ചൊല്പടിദാനങ്ങളിൽ നൊന്ത്
ആസക്തി ചുടുനീരായ് തലതല്ലിക്കരയുന്നു

ലജ്ജയില്ലാത്ത വികാരങ്ങളും വികാരപ്രകടനങ്ങളും
മജ്ജയും മാംസവും അടുക്കി ചിതയൊരുക്കുന്നു
പല്ലിളിയ്ക്കുന്ന ഛായാപടങ്ങളായ് രൂപം കൊണ്ട്
ജുഗുപ്സ തെറിയ്ക്കുന്ന കപടനാട്യങ്ങളാകുന്നു

കൺതുറക്കാത്ത ദൈവങ്ങൾ, കണ്ണുമൂടിക്കെട്ടിയ ആൾരൂപങ്ങൾ
ഇമയൊടുങ്ങാത്ത യാതനകളെ നിർമ്മുക്തമാക്കുന്നു
തുറിച്ച മിഴികളിൽ കണ്ണീർ കുറുക്കിയ ഉപ്പളങ്ങളിൽ
പീളകെട്ടി ഈച്ചയാർക്കുന്നു, പോളല്ല് അളിയുന്നു

കടന്നു പോകുന്ന ഓരോ രാത്രിയും ഭീതിദം,
പിടിച്ചു കെട്ടി തോലുരിയ്ക്കുന്ന ശവംതീനികളുടെ വേട്ടകൾ
ചകിതനിശാബോധത്തിന്റെ അതിരുകളിൽ ഉയരുന്നു
വിശപ്പാറി വയറുനിറഞ്ഞ തെരുവുനായ്ക്കളുടെ ഓരികൾ

ദേവകൾ സ്തംഭിച്ചിരിയ്ക്കുന്നു; ഇലയനങ്ങാത്ത രാത്രിപോലെ
മഴയിരമ്പം കേൾക്കാരവമാകുന്നു; സ്തംഭനശൗര്യമാകുന്നു
മേഘാവൃതമായ മാനത്തിന്റെ അഷ്ടദിക് കോൺകളിൽ
വാൾപയറ്റിത്തോൽക്കുന്ന മിന്നൽപ്പിണറുകൾ ഷണ്ഡമാരി ചൊരിയുന്നു

ഞാൻ പോകട്ടെ; ഉറക്കമില്ലാത്ത ഈ രാത്രിയുടെ അറ്റമോളം
നാളെ പുലരുമ്പോൾ? അറിയില്ല;
മറ്റൊരു ജന്മമായ് മുടിയുമോ?
എങ്കിലങ്ങനെത്തന്നെ


2016 ജൂലൈ 12, ചൊവ്വാഴ്ച

ഒരു പുതുതലമുറ കല്യാണം

ചെക്കന്റേം പെണ്ണിന്റേം കല്യാണാത്രേ
പെണ്ണുകാണലും പടമെടുപ്പും കഴിഞ്ഞിരുന്നൂത്രേ
വാക്കു കൊടുപ്പു നടന്നിരുന്നൂത്രേ
ജാതകച്ചേർച്ച നോക്കിയത്രേ
അച്ഛനേം അമ്മേം അറിയിയ്ക്കണത്രേ
എന്തു തന്നായാലും കല്യാണാത്രേ

ഇനിയൊന്ന് വേണം ചടങ്ങാചരിയ്ക്കാൻ
തിര്യപ്പെടുത്തണം ആർ, എവിടെ നിക്കണന്ന്
അല്ലെങ്കിൽ ആൾക്കാർക്ക് പറയാമല്ലോ
പെണ്ണുകെട്ടൽ ശരിയായില്ലെന്ന്

ആദ്യം തന്നൊരു വളയം തീർക്കണം
അതിനുള്ളിലാവണം വധുവും വരനും
പിന്നെ, അച്ഛനമ്മമാർ കട്ടായമായും
അല്ലെങ്കിൽ പോരടിച്ചാലോ അമ്മായിയമ്മ?

പിന്നെ, പുറത്ത് സർവ്വാണികൾ
ആർക്കു വേണെങ്കിലും പങ്കു ചേരാം
ആർക്കും പെരുപ്പിയ്ക്കാം ബന്ധുബലം
ഇനി, അതൊന്നുമില്ലേലും “തേങ്ങാക്കൊല”

പിന്നെത്തുടങ്ങണം ഘോഷങ്ങൾ
മാലയും താലിയും സിന്ദൂരം ചാർത്തലും
സദ്യ, വരവേല്പ്; കുടിയ്ക്കെടോ, തിന്നെടോ
കോഴിക്കാൽ നിശ്ചയം പൊരിയ്ക്കവേണം

ഇങ്ങനെ,അങ്ങനെ കല്യാണവും ചെയ്ത്
മാനത്തു നിക്കണം, മാനമുയർത്തണം
നാലാളു കണ്ടാൽ പറയണം, വീമ്പണം

ഇങ്ങനെ മറ്റൊരു കെട്ടില്ലെടോ,ന്ന്

2016 ജൂൺ 29, ബുധനാഴ്‌ച

കൺകാഴ്ചകൾ


എന്റെ കണ്ണുകളെപ്പോഴും
തുറന്നു തന്നെയിരിയ്ക്കുന്നു
നിദ്രയിലും തുറന്നിട്ട കണ്ണുകൾ
ഉറക്കത്തെയും സസൂക്ഷ്മം വീക്ഷിയ്ക്കുന്നു
എന്റെ ചര്യകളിൽ, യാത്രകളിൽ,
ഭൂതകാലത്തിൽ, നടപ്പുലോകത്തിൽ
എപ്പോഴുമിപ്പോഴും വെറുതെ
ഇമലേശമില്ലാതെ പരതിക്കൊണ്ടേയിരിയ്ക്കുന്നു

ഈ ആമുഖമെന്തിനെന്നോ?
ഇന്ന് ഞാനൊരു യാത്രയിലാണ്;
ഒരു വെറും ബസ് യാത്ര
നനുത്ത മഴയിലും തുറന്നിട്ട ജാലകം
ശീതം പിടിപ്പിച്ച കാറ്റടിപ്പിച്ചപ്പോൾ
ജനൽപ്പുറക്കാഴ്ചകൾക്കു മുഖം തിരിച്ചുംകൊണ്ട്
യാത്രികർക്കിടയിലേയ്ക്കൊന്നെത്തി നോക്കി ഞാൻ

കണ്ടു ഞാനവിടെ എന്റെ മോഹങ്ങളെ
കുഞ്ഞുനാളിലെ എന്റെ സ്വപ്നങ്ങളെ
മലർമണവും മണിക്കിനാവുമെഴും രൂപങ്ങളെ
കന്മഷം തീണ്ടാത്ത ദൃഷ്ടിയെ, ദാഹങ്ങളെ
അരുമയൂറും മാതൃവെൺഭാവത്തെ
കരുതൽ തലോടും താതകരങ്ങളെ
കൺ നിറയെ ഒപ്പി എടുത്തപ്പോൾ
കൺപീലികൾ നനവിൽ കുതിർന്നുവോ?

എനിയ്ക്കുമുണ്ടായിരുന്നമ്മ; നല്ലമ്മ
ഉന്മാദത്തിൽ മതിഭ്രമിച്ചിട്ടും മുലയൂട്ടിയവൾ
പിച്ചവെയ്പ്പിച്ചും വേച്ചും സജ്ജയാക്കിയവൾ
എന്നിലെ പെണ്ണിനെ പെണ്ണാക്കിയവൾ  
പെൺവൃത്തിയിൽ ഉർവ്വിയായോൾ
ജലസമാധിയായ് കഷ്ടം വെടിഞ്ഞവൾ

എനിയ്ക്കുമുണ്ടായിരുന്നത്രേ ഒരച്ഛൻ;
ജനകകർമ്മം മാത്രം അനുഷ്ഠിച്ചോൻ
എൻ പിള്ളക്കരച്ചിലും കാക്കാതെ
മറ്റെങ്ങോ പോയ് മറഞ്ഞു പോലും
ഇന്ന് മറ്റൊരച്ഛനായ് മരുവുന്നു പോലും
ഇന്നാ കരങ്ങൾ മറ്റൊരു കന്യാദാനം നടത്തി പോലും

എനിയ്ക്കുമുണ്ടായിരുന്നൊരു വിദ്യാലയം,
പള്ളിക്കൂടചിട്ടവസ്ത്രമൊപ്പിയ്ക്കാത്ത അക്ഷരലോകം
ഞാനും കണ്ടിട്ടുണ്ട് കിനാക്കൾ മനം നിറയെ,
നടപ്പുദീനങ്ങളിലാർക്കുന്ന ദുർമ്മൃത്യു പോലെ
എനിയ്ക്കേറ്റിട്ടുണ്ട് വെറി പൂണ്ട നോട്ടങ്ങൾ,
അന്ന് അമ്മതൻ നാവുബലം താങ്ങും തണലുമായ്
കൺനിറയെ മോഹങ്ങളുണ്ടെനിയ്ക്കും,
ഇരയായ് ശ്വാസം മുട്ടാനാവതില്ലയശേഷം

ഇങ്ങനെയൊക്കെ മിഴി തുറന്നിരുന്നെന്നാലും
എന്റെ ഉൾക്കണ്ണു ഞാൻ അടച്ചിരിയ്ക്കുന്നു
എനിയ്ക്കു വയ്യ, വയ്യെൻ കണ്ണീർപ്പടലങ്ങൾ കാണാൻ
ഞാനിറങ്ങട്ടെ, ബസ് നിർത്തി

2016 ജൂൺ 24, വെള്ളിയാഴ്‌ച

ബലിദാനം

പിടിയ്ക്കൂ മൂക്കു മുറുകെ പൊത്തി
ഇറുക്കെയടപ്പിയ്ക്കൂ കണ്ണ രണ്ടും
ഒടിച്ചുമടക്കിച്ചേർത്തടയ്ക്കൂ ചെവി രണ്ടും
അമർത്തിപ്പിടിയ്ക്കൂ വായ്മൂടി
ചേർത്തു കെട്ടൂ കൈകാലുകൾ
നിശ്ശബ്ദനാക്കൂ മൃഗത്തെ

പോകരുത് ഒരിറ്റു ശ്വാസം പോലും
കാണരുത് ഒരു നേർത്ത വെട്ടം പോലും
കേൾക്കരുത് സ്വന്തം ശ്വാസകമ്പനം പോലും
ഉയരരുത് ഒരു രക്ഷാവാക്കു പോലും
അനങ്ങരുത് ജീവന്റെ നേരിയ ശേഷിപ്പു പോലും
വീഴരുത് ഊഴിയിൽ ഒരു തുള്ളി രക്തം പോലും
തയ്യാറാകട്ടെ ബലിമൃഗം മേധത്തിനായ്

ശ്വാസം കലർന്ന് വായു അലിയരുത്
കണ്ണിമകൾ ദയാവായ്പ് യാചിയ്ക്കരുത്
കർണ്ണപുടങ്ങളിൽ കൊലവിളി ചെന്നടിയ്ക്കരുത്
വാക്കിനാൽ ശാപവും മോക്ഷവും അരുളരുത്
ജീവന്റെ തുടിപ്പുകൾ ഇടിമുഴക്കങ്ങളാകരുത്
നിണപ്പാടുകൾ തെളിവുകൾ അവശേഷിപ്പിയ്ക്കരുത്
പരിശുദ്ധമാകട്ടെ ഹവിസ്സ്
പരിപൂർണ്ണമാകട്ടെ അർഘ്യം

തെളിയുന്ന ഹോമകുണ്ഡങ്ങളിൽ
മേധാർപ്പണങ്ങൾ ഗ്ലാനി പരത്താതിരിയ്ക്കട്ടെ
തർപ്പണം ചെയ്യാൻ പരമ്പരകളുണ്ടാകാതിരിയ്ക്കട്ടെ
ബലി നല്കുന്നതെല്ലാം ദാനമാകട്ടെ
പല്ലുകളെണ്ണാത്ത ദാനം

അഗ്നിയ്ക്കൊരിയ്ക്കലും മരണദൂതനാകാൻ പറ്റില്ലത്രേ
മരണത്തെ ജ്വലിപ്പിയ്ക്കുന്നയഗ്നി
നിശ്ശബ്ദബലികളെ സ്വായത്തമാക്കുന്നു
ബലിദാനങ്ങളെ സ്വച്ഛമാക്കുന്നു

ഇച്ഛയില്ലാത്ത മരണങ്ങളെ ശുദ്ധമാക്കുന്നു

2016 ജൂൺ 17, വെള്ളിയാഴ്‌ച

ശത്രുശലഭങ്ങൾ

ചിറകിൽ കണ്ണിണയെഴുതി പറന്നുയർന്നൂ
വർണ്ണങ്ങൾ പലവിധം നെയ്തൊരുക്കി
ഒന്നു തൊട്ടുനോക്കുവാനൊന്നു തലോടുവാൻ
കണ്ണിമയ്ക്കാതൊന്നു നോക്കിയും നില്ക്കുവാനുമായ്
പെറ്റു പെരുകുന്നു സമാധിദശ വിട്ടെ-
ണീറ്റു ചിറകു വീശിപ്പലകൂടും പൊളിച്ച്

ശലഭജന്മങ്ങൾ, ആയുസ്സും കുറവാണല്ലോ-
യെങ്കിലും ചെയ്തികൾക്കായുസ്സു കുറേയേറെയും
മറ്റുള്ളോരുറങ്ങുമ്പോളിവരുണർന്നിരിയ്ക്കും
മറ്റുള്ള നേരമെല്ലാമുറക്കം നടിച്ചിടും
നീറ്റും പുകച്ചിലും പത്രങ്ങളിലൊളിപ്പിച്ച്
ഈറ്റു പുരകളും തേടി നടക്കയാണല്ലോ

ധൂളിയായ് രോഗരേണുക്കൾ വിതറിപ്പകർന്ന്
മച്ചിൻപുറങ്ങളിലെയടുക്കുകൾ പറ്റിയും
സ്വച്ഛമാം ഗേഹനിലകളെ മലിനമാക്കിയും
അയസ്കാന്തത്തിലയിരു കണക്കെയൊട്ടിയും
ധമനികളിൽ ആസുരമാം വ്യാധി പടർത്തിയും
പല നിറം കാട്ടി വശ്യമായ് ചിറകടിച്ച്
സമൂഹവാസങ്ങളെയുന്മൂലനം ചെയ്യുന്നു

അഗമ്യഗമനങ്ങൾ; പുര പകുക്കും ദ്വേഷം,
ചെവി തിന്നും ഏഷണി പരാധീനം; അസത്യം,
ഇരുമ്പിൻ പുല്ക്കൊടിത്തുമ്പിലെ വിഷലേപനം
കാലയാപനത്തിന്ന് പറ്റെ പൂർണ്ണവിരാമം
കൊടുക്രൂര ദേഹാർണ്ണവജ്വാലാമുഖികളായ്
പാറിനടക്കയാണെങ്ങും, ശത്രുശലഭങ്ങൾ

നമുക്കു നമ്മൾ താൻ ശത്രുവെന്നു നീതിസാരം
പാടേമറന്നന്യന്റെ നിറപ്പകിട്ടിൽ വീണി-
ട്ടിരുട്ടു തപ്പും ജാടയ്ക്കരുകു ചായും ലോകം
നിറന്നനന്യമാം ശബളിമയിൽ ആണ്ടുപോ-
മെന്നാലുമീച്ചിറകുകൾ മുളച്ചു വന്നിടും
ഭീതിയാലുൾക്കണ്ണു ചിമ്മിസ്സമാധി വിട്ടിടും

എട്ടു നാഴികയാണായുസ്സെങ്കിലും പറക്കും
ഉണ്മയല്ലെന്നാകിലും വെളിച്ചത്തെ നേരിടും
നിറം കോരിയൊഴിച്ചുള്ള ചിറകുകൾ കാട്ടി-
ച്ചാവേറെന്നറിഞ്ഞിട്ടും തിന്മകൾ പരത്തിടും
ശത്രുശലഭമെന്നാലും മിത്രങ്ങൾ ഉണരും
ശാക്തികച്ചേരികൾ താനേ തല പൊക്കിയാർക്കും

“ശത്രുശലഭങ്ങൾ നീണാൾ വാഴ്ക”, ഉയരുന്നു

ദിഗന്തം കിടുങ്ങുന്ന മുദ്രയും വാക്യങ്ങളും