ബ്ലോഗ് ആര്‍ക്കൈവ്

2026 ഫെബ്രുവരി 28, ശനിയാഴ്‌ച

കേതുതാര

 ഒക്കില്ലെനിയ്ക്ക് എരിഞ്ഞിങ്ങു നില്ക്കുവാൻ

നഷ്ടതാരകം പോലവേ മിന്നുവാൻ

പുഷ്യനക്ഷത്ര ശോഭയാൽ വീഥികൾ

ദ്വന്ദമോഹങ്ങൾ തേടിത്തളരുന്നു

 

താന്തമാം താരാപഥങ്ങൾക്കുമപ്പുറം

തമോഗർത്തമൊന്നെന്നെ വിളിയ്ക്കയാം

നിത്യനാട്യ വേഷങ്ങൾ കെട്ടിച്ചമഞ്ഞു ഞാ-

നീ പഥത്തിൽ ഉദിച്ചൊന്നു നില്ക്കയാം

 

ഉൾശിലയ്ക്കൊപ്പം തിളച്ചു മറിയുന്ന

താപകണ്ഠമോ കറകറയ്ക്കുന്നു

ഉള്ളിലഗ്നിയായ് വിഷ്പന്ദ രേണുക്കൾ

നിഷ്ക്കക്കരുണം ദ്വേഷിച്ചുറയുന്നു

തുപ്പുന്ന തീയിന്റെ താണ്ഡവ മുദ്രകൾ

രാവിഹായസ്സിൽ നീളുന്നു കുറുകുന്നു

 

ആരുമുരയാത്ത അരമനപ്പാട്ടുകൾ

ആർക്കു വേണ്ടിയോ താളം പൊലിയ്ക്കയാം

രാവുദിയ്ക്കും ദിനങ്ങളിലേറെയായ്

കഷ്ടദിക്കിൻ കാകോള ജല്പനം

ജടാമകുടകിരീടം ധരിച്ചെത്തുമീ

ഗ്രസ്തശാപ സ്ഫുലിംഗങ്ങളാർക്കുന്നു

 

ധൃതി പിടിച്ചുള്ള വൈകൃത നോട്ടങ്ങൾ

മുകുരചേതസ്സു തല്ലിക്കെടുത്തുന്നോ?

ഒട്ടുമേ ചേരുന്നതില്ല പേർ കൊളുത്തുകൾ

ഒക്കയില്ലിനി എരിഞ്ഞിങ്ങു നില്ക്കുവാൻ

യാത്രയാവട്ടെ ഞാൻ; വരുകില്ലൊരിയ്ക്കലും

വിഭാതസൂര്യൻ സാക്ഷിയായ് മിത്രമേ

 

കേതുവല്ല ഞാൻ; ധൂമപടലങ്ങൾ തുപ്പുന്ന

കേവലം ദേഹി; ദേഹമെരിയുന്ന ഭ്രാന്തൻ

 

·      ധൂമകേതു